2015-05-14 19:50:00

തിരുക്കച്ച ദൈവസ്നേഹത്തിന്‍റെ പ്രതിബിംബനമെന്ന് പാപ്പാ


തിരുക്കച്ച ദൈവത്തിന്‍റെ അനന്തമായ സ്നേഹം പ്രകടമാക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥന വ്യക്തമാക്കുന്നു.

തിരുക്കച്ചയെ സംബന്ധിച്ച് യോന്‍ ലാഷിയുടെ ഗ്രന്ഥത്തിനു നല്കിയ പ്രാര്‍ത്ഥനയിലാണ് ക്രൂശിതനായ ക്രിസ്തുവിന്‍റെ തിരുമുഖം പതിച്ചിരിക്കുന്ന തിരുക്കച്ച ചരിത്രത്തില്‍  കരുണാര്‍ദ്രനായ ദൈവപിതാവിന്‍റെ മുഖകാന്തി വെളിപ്പെടുത്തുന്നുവെന്ന് പാപ്പാ പ്രാര്‍ത്ഥനയില്‍ വ്യാഖ്യാനിച്ചു.

വിരൂപരായ മനുഷ്യരിലും, പരിത്യക്തരിലും, പാവങ്ങളിലും നാടുകടത്തപ്പെട്ടവരിലും, അകാരണമായി പീ‍‍ഡിപ്പിക്കപ്പെടുന്നവരിലും ക്രിസ്തുവിന്‍റെ മുറിപ്പെട്ട മുഖവും അതിന്‍റെ ചൈതന്യവും കാണുവാന്‍     തിരുക്കച്ച സഹായകമാണെന്ന് പ്രാര്‍ത്ഥനയില്‍ ധ്യാനപൂര്‍വ്വം പാപ്പാ വ്യക്തമാക്കുന്നു. ഏപ്രില്‍ 11-ാം തിയതി ട്യൂറിന്‍ കത്തീദ്രല്‍ ദേവാലയത്തില്‍ ആരംഭിച്ചിരിക്കുന്ന തിരുക്കച്ചയുടെ പ്രദര്‍ശനം ജൂണ്‍ 24-ാം തിയതിവരെ തുടരും.

ശാസ്ത്രീയ പഠനങ്ങളുടെ സ്ഥിരീകരണത്തെ തുടര്‍ന്ന് 1998, 2000, 2010 എന്നീ വര്‍ങ്ങളിലാണ് ഇതുമുന്‍പ് തിരിക്കച്ചയുടെ പ്രദര്‍ശനവും വണക്കവും ട്യൂറിനിലുള്ള വിശുദ്ധ സ്നാപകയോഹന്നാന്‍റെ ഭദ്രാസനദേവാലയത്തില്‍ നടത്തപ്പെട്ടിട്ടുള്ളത്. മാനവകുലത്തോടുള്ള സ്നേഹത്തെപ്രതിയും മനുഷ്യരക്ഷയ്ക്കുമായി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പീ‍ഡകള്‍ അനുഭവിച്ച് മരിച്ച ക്രിസ്തുവിന്‍റെ ഏക ഫോട്ടാഗ്രാഫാണ് ട്യൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്നതെന്ന് ഫാദര്‍ യോന്‍ ലാഷി ഗ്രന്ഥത്തില്‍ വിശേഷിപ്പിക്കുന്നു. നസ്രത്തില്‍നിന്നുമുള്ള ഈ സാധു ഇന്നും മാനവകുലത്തിലെ കേന്ദ്രവ്യക്തിത്വമാണ്. ചരിത്രം അവിടുത്തെ ആഗമനത്തോടെ  നവമായി തിരിഞ്ഞിരിക്കുന്നു. 

ലോകചരിത്രത്തിലെ ശക്തനായ ഒരാള്‍ക്കും ക്രിസ്തുവോളം മനുഷ്യകുലത്തെ സ്വാധീനിക്കുവാനോ, ജീവിതങ്ങളെ നന്മയിലേയ്ക്ക് മാറ്റിമറിക്കുവാനോ സാധിച്ചിട്ടില്ലെന്നും ഗ്രന്ഥം സമര്‍ത്ഥിക്കുന്നു. 








All the contents on this site are copyrighted ©.