2015-05-12 16:07:00

അമ്മമാരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിവാദനങ്ങള്‍


മെയ് 10-ാം തിയതി ഞായറാഴ്ച ആഗോള തലത്തില്‍ അമ്മമാരുടെ ദിനമായി ആചരിക്കപ്പെട്ടു. അന്നേദിവസം വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ അമ്മമാര്‍ക്ക് പ്രത്യേക അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ നേരുകയുംചെയ്തു.

അന്നേ ദിവസം ജീവനുവേണ്ടിയുള്ള ദിവസം ആചരിച്ചതും, അതിന്‍റെ പ്രചരാണാര്‍ത്ഥം റോമില്‍ സമ്മേളിക്കുകയുംചെയ്ത യൂറോപ്പിലെ വിവിധ കത്തോലിക്കാ സംഘടനകളെയും സര്‍ക്കാരേതര സംഘടനകളെയും പാപ്പാ അനുമോദിച്ചു. കൂടാതെ സ്തനാര്‍ബുദ ദിനമാചരിച്ചുകൊണ്ടും (breast cancer day) വത്തിക്കാനിലെത്തിയ സന്നദ്ധ സംഘടനകളെയും സ്ത്രീകളുടെ പ്രസ്ഥാനങ്ങളെയും പാപ്പാ പ്രത്യേകമായി അഭിവാദ്യംചെയ്തു. അന്നേദിവസം എല്ലാ അമ്മമാരെയും സ്നേഹത്തോടും ആദരവോടുംകൂടെ അഭിവാദ്യംചെയ്യുന്നതായും പ്രാര്‍ത്ഥന നേരുന്നതായും ആമുഖമായി പാപ്പാ പ്രസ്താവിച്ചു.

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ത്രികാലപ്രാര്‍‍ത്ഥനയില്‍ പങ്കെടുക്കുവാന്‍‍ എത്തിയിരിക്കുന്ന അമ്മമാര്‍ക്ക് പാപ്പാ പ്രത്യേകമായി ആശംസകള്‍ അര്‍പ്പിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹമുള്ള ആശംസകള്‍ കേട്ട് ചത്വരത്തില്‍ തിങ്ങിനിന്ന വന്‍ ജനാവലി ഹസ്താരവം മുഴക്കിക്കൊണ്ട് അവിടെയുണ്ടായിരുന്ന അമ്മമാരെ ആദരിച്ച് അഭിവാദ്യംചെയ്തു. ഈ നീണ്ടകരഘോഷം അമ്മമാര്‍ക്കുള്ള സ്നേഹമസൃണമായ ആലിംഗനമായി കണക്കാക്കണമെന്ന് ഉടനെ പാപ്പാ കൂട്ടിച്ചേര്‍ത്തു. നമ്മോടൊപ്പം ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അമ്മമാരെ മാത്രമല്ല ഈ ഭൂമിയില്‍ ത്യാഗപൂര്‍വ്വം ജീവന്‍ നല്കിയും ജീവന്‍ പരിരക്ഷിച്ചും ത്യാഗപൂര്‍വ്വം ജീവിച്ച് നിത്യസമ്മാനത്തിനായി കടന്നുപോയ അമ്മമാരെയും അനുസ്മരിച്ചുകൊണ്ട് അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാമെന്ന് പ്രസ്താവിച്ചതോടെ മുപ്പതിനായിരത്തിലേറെ ഉണ്ടായിരുന്ന ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയ ചത്വരത്തിലെ ജനാവലി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു.

ദൈവം എല്ലാ അമ്മമാരെയും അനുഗ്രഹിക്കട്ടെ! മെയ്മാസം പരിശുദ്ധ കന്യകാനാഥയെ നാം പ്രത്യേകമായി അനുസ്മരിക്കുകയാണല്ലോ! ദൈവമാതാവ്, യേശുവിന്‍റെ അമ്മ നമ്മുടെ എല്ലാ അമ്മമാരെയും തുണയ്ക്കട്ടെ - എന്നുകൂടെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണം ഉപസംഹരിച്ചത്.   








All the contents on this site are copyrighted ©.