2015-05-10 12:52:00

റാവൂള്‍ കാസ്ട്രോ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി


ക്യൂബയുടെ പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

മെയ് 10-ാം തിയതി, ഞായറാഴ്ച രാവിലെയാണ് ക്യൂബന്‍ പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോ വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. തികച്ചും സ്വകാര്യമായ കൂടിക്കാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള സ്വീകരണ മുറിയിലാണ് നടന്നത്. കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടുനിന്നതായി പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.

അമേരിക്ക-ക്യൂബ നയതന്ത്ര ബന്ധങ്ങളില്‍ അടുത്ത കാലത്തുണ്ടായ പ്രകടവും ക്രിയാത്മകവുമായ മാറ്റങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് വഹിച്ചിട്ടുള്ള പങ്ക് വിലപ്പെട്ടതായിരുന്നവെന്നും, അതിന് ക്യൂബന്‍ പ്രസിഡന്‍റ് കാസ്ട്രോ പാപ്പായ്ക്ക്  കുടിക്കാഴ്ചയില്‍ പ്രത്യേകമായി നന്ദിപറഞ്ഞതായും ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവിനയില്‍ വെളിപ്പെടുത്തി. സെപ്തംബറില്‍ നടക്കുവാന്‍ പോകുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അമേരിക്ക സന്ദര്‍ശനം ക്യൂബവഴി ആയതിനാല്‍ ക്യൂബന്‍ ജനത ഏറെ ആകാംക്ഷയോടെ പാപ്പായെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നതായി റാവൂള്‍ കാസ്ട്രോ കൂടിക്കാഴ്ചയില്‍ പാപ്പായെ അറിയി‌ച്ചു.

പാപ്പായുമായുള്ള കുടിക്കാഴ്ചയ്ക്കു ശേഷം, ക്യൂബന്‍ പ്രതിനിധി സംഘത്തെ പാപ്പായ്ക്ക് പ്രസി‍‍ഡ‍ന്‍റ് കാസ്ട്രോ പരിചയപ്പെടുത്തുകയും, ഇരുപക്ഷവും ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു. ക്യുബയുടെ ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, വത്തിക്കാനിലേയ്ക്കുള്ള അംബാസി‍‍‍ഡര്‍ എന്നിവര്‍ പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

പ്രദേശിക സമയം രാവിലെ 9.30-ന് വത്തിക്കാനിലെത്തിയ റാവുള്‍ കാസ്ട്രോ മടങ്ങിയത് 10.30-നുശേഷമായിരുന്നുവെന്ന് വത്തിക്കാന്‍ മാധ്യമങ്ങളു‌ടെ മേധാവി ഫാദര്‍ ലൊമ്പാ‍ര്‍ഡി തുടര്‍ന്നു നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ക്യൂബന്‍ മണ്ണില്‍ കാലുകുത്തിയ പ്രഥമ പാപ്പാ. 1998-ലായിരുന്ന ആ ചരിത്ര സന്ദര്‍ശനം. 2012-ല്‍ ബന‍ഡിക്ട് 16-ാമന്‍ പാപ്പാ ക്യൂബ സന്ദര്‍ശിച്ചു. ഐലന്‍റു രാജ്യം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്. 








All the contents on this site are copyrighted ©.