2015-05-09 19:26:00

സഭയുടെ പ്രേരകശക്തി പരിശുദ്ധാത്മാവ്


സഭയുടെ പ്രേരകശക്തി പരിശുദ്ധാത്മാവാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 8-ാം തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. തന്‍റെ ജന്‍മനാടായ അര്‍ജന്‍റീനയുടെ മദ്ധ്യസ്ഥയായ ലൂജാന്‍ നാഥയുടെ തിരുനാളിലാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

പെന്തക്കൂസ്തായ്ക്കു ശേഷമുള്ള ആദിമ സഭയുടെ അനുഭവം അപ്പസ്തോല നടപടി പുസ്തകത്തില്‍നിന്നും വ്യാഖ്യാനിച്ചുകൊണ്ടാണ് ക്രൈസ്തവജീവിതത്തില്‍ അനുപേക്ഷണീയമായ പരിശുദ്ധാത്മ സാന്നിദ്ധ്യത്തെക്കുറിച്ച് പാപ്പാ ധ്യാനിച്ചത്.

ആദ്യം ചിലപ്പോള്‍ സംഭ്രാന്തി ജനിപ്പിക്കുന്നതെങ്കിലും, സഭയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നത് പരിശുദ്ധാത്മവാണെന്നും, സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയുടെയും സംവാദത്തിന്‍റെയും പശ്ചാത്തലത്തില്‍ അവ ക്രിയാത്മകമായ സംഭവങ്ങളായി പരണമിക്കുമെന്നും വചനസമീക്ഷയില്‍ പാപ്പാ പങ്കുവച്ചു.

‘അറിയപ്പെടാത്ത ദൈവ’മെന്ന് അപ്പസ്തോലന്മാര്‍ വിശേഷിപ്പിച്ച പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ആദിമ സഭയില്‍ ഉയര്‍ന്ന കലഹവും കോലഹാവും മെല്ലെ സംവാദവും സുതാര്യമായ കൂട്ടായ്മയുമായി ഉയര്‍ന്നുവന്നുവെന്ന്, ആദ്യ വായനയെ ആധാരമാക്കി പാപ്പാ പ്രസ്താവിച്ചു. നിയമത്തില്‍ കടിച്ചു തൂങ്ങിക്കിടന്നിരുന്ന ആദ്യ ജരൂസലേം കൗണ്‍സില്‍ ശരിയായ തീരുമാനങ്ങളില്‍ അവസാനം എത്തിച്ചേരുന്നത് പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായ പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ശ്രവിച്ചപ്പോഴാണെന്ന് വചനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ സമര്‍ത്ഥിച്ചു.                                                                                                                                                                                                                                                                                  

അതിനാല്‍ ക്രൈസ്തവ കൂട്ടായ്മയ്ക്ക് ആധാരം സല്‍പ്രവൃത്തികളോ സന്മനസ്സോ അല്ല, പരിശുദ്ധാരൂപിയോടുള്ള തുറവു, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളുമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടാണ് വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.