2015-05-09 19:41:00

പിതാവിന്‍റെ കരുണാര്‍ദ്രരൂപമാണ് ക്രിസ്തു


ലത്തീന്‍ റീത്തിലെ ആരാധനാക്രമമനുസരിച്ച് പെസഹാക്കാലം 6-ാം വാരം ഞായറിലെ സുവിശേഷചിന്തകള്‍

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 15: 9-17

അക്കാലത്ത്  ഈശോ തന്‍റെ ശിഷ്യന്മാരോട് അരുള്‍ചെയ്തു, പിതാവ് എന്നെ സ്നേഹിച്ചത് പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങള്‍ ​എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കുവിന്‍. ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കല്‍‍പനകള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കും. ഇതു ഞാന്‍ നിങ്ങളോട് പറഞ്ഞത് എന്‍റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളു‌ടെ സന്തോഷം പൂര്‍ണ്ണമാകാനും വേണ്ടിയാണ്. ഇതാണ് എന്‍റെ കല്പന, ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതിനേക്കാള്‍ വലിയസ്നേഹമില്ല. ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ സ്നേഹിതരാണ്. ഇനി നിങ്ങളെ ഞാന്‍ ദാസന്മാര്‍ എന്ന് വിളിക്കുകയില്ല, കാരണം യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്ന് വിളിച്ചു. എന്തെന്നാല്‍ എന്‍റെ പിതാവില്‍നിന്നു കേ‌ട്ടതെല്ലാം ഞാന്‍ നിങ്ങളെ അറിയിച്ചു. നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെ‌ടുക്കുകയാണ് ചെയ്തത്.നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നി‍യോഗിച്ചിരിക്കുന്നു. തന്‍മൂലം നിങ്ങള്‍ ​എന്‍റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവി‌ടുന്ന് നിങ്ങള്‍ക്ക് നല്കും. ഞാന്‍ നിങ്ങളോട് കല്പിക്കുന്നു, പരസ്പരം സ്നേഹിക്കുവിന്‍.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ ഒരിക്കല്‍ ദൈവശാസ്ത്രജ്ഞരോട് ചോദിച്ചു ‌എന്താണ് ജീവിതത്തിന്‍റെ ലക്ഷൃം. അവരില്‍ ഒരാള്‍ ശരിയായിതന്നെ ഉത്തരം പറഞ്ഞു, “ദൈവത്തെ അറിഞ്ഞ് സ്നേഹിച്ച് ശുശ്രീഷിക്കുക”. പാപ്പാ പറഞ്ഞു, ശരിതന്ന‍െ പക്ഷേ ഒന്നുകൂടിചേര്‍ക്കണം , “അറിഞ്ഞ് സ്നേഹിച്ച് മറ്റുള്ളവരേയും അറിയാനും സ്നേഹിക്കാനും അവരെ സഹായിച്ച്, അതുവഴി ദൈവത്തെ ശുശ്രൂഷിക്കുക”. ഇതുതന്നെയാണ് യേശുക്രിസ്തുവും ചെയ്തത്. അവിടുന്ന് പറഞ്ഞു, ഞാന്‍ ‌എന്‍റെ പിതാവിന്‍റ‍ കല്പനകള്‍ പാലിച്ച് സ്നേഹത്തില്‍ നിലനില്‍ക്കുന്നതു പോലെ.....”. ത്രീയേകദൈവം സ്നേഹത്തിലാ​ണ് ഒന്നായിരിക്കുന്നത്, സ്നേഹത്തിലാണ് നിലനില്‍ക്കുന്നത്, ആ ദൈവത്തിന്‍റെ സ്നേഹം കരകവിഞ്ഞൊഴുകിയതാണ് ഈ പ്രപഞ്ചവും സര്‍വ്വചരാചരങ്ങളും.

എങ്ങനെയാണ് പ്രപഞ്ചത്തെ വീക്ഷിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് യേശു, “ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക”. ഈ ദര്‍ശനമാണ് ക്രിസ്തുവിന്‍റേത്. ഇത് യേശു ഒന്ന് കൂടെ വിശദ്ദീകരിച്ചു, “സ്നേഹിതര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല”. യേശുക്രിസ്തു ഇങ്ങനെ പറയുന്നതായി തോന്നും ഇതു വായിക്കുമ്പോള്‍

     “എന്‍റ‍െ വേദപുസ്തകത്തില്‍ സ്നേഹം ഈശ്വരനാണ്

     നിന്‍റെ വേദപുസ്തകത്തില്‍ അങ്ങനെ അല്ലെന്നു‌ണ്ടോ?”

ഈ തത്ത്വചിന്ത ജീവിതവീക്ഷണമാക്കുന്നതിനെയാണ് യേശുക്രിസ്തു “എന്‍റെ കല്പനയെന്ന്” പറയുന്നത്. ഇതിനെ ക്രിസ്തുരഹസ്യം ‌എന്നും വിളിക്കാം. ക്രിസ്തു രഹസ്യത്തിന് അഥവാ സ്നേഹത്തിന് ഒരു പ്രശ്നമുണ്ട് പ്രത്യക്ഷത്തില്‍ അതു തോറ്റു പോകുന്നു എന്ന് തോന്നിപ്പോകും. ഉദാഹരണമായി ഈ കഥ ശ്രദ്ധിക്കുക....

ഒരു മനുഷ്യന്‍ കുഴിയില്‍ വീണു. ഒരു ഡോക്ടര്‍ ആ വഴിയേ പോയി. കുഴിയില്‍ കിടന്ന മനുഷ്യന്‍സഹായത്തിനായി അലറിവിളിച്ചു. ഡോക്ടര്‍ കുഴിക്കടുത്ത് വന്ന് ഒരുതുണ്ട് കടലാസ്സില്‍ മരുന്ന് കുറിച്ച് താഴേക്കിട്ട്കൊടുത്തിട്ട്, നടന്ന് നീങ്ങി. പിന്നീട് ഒരു വൈദീകന്‍ അതുവഴി വന്നു. കുഴിയിലുള്ള മനുഷ്യന്‍ വീണ്ടും സഹായത്തിനായി അപേക്ഷിച്ചു. വൈദീകന്‍ അവിടെ നിന്ന് അയാളെ നോക്കി ഒരു പ്രാര്‍ത്ഥന ചൊല്ലി, വീണ്ടും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത് നടന്ന് നീങ്ങി. കുറേ കഴിഞ്ഞ് ഒരു സാധുമനുഷ്യന്‍ അതു വഴി വന്നു. അയാള്‍ കുഴിയിലുള്ള മനുഷ്യന്‍റ‍െ നിലവിളി കേട്ടു. അടുത്തു വന്ന് കുഴിയില്‍കിടക്കുന്ന മനുഷ്യനെക്കണ്ട് അയാളെ സഹായിക്കാന്‍ ഉടനെ കുഴിയിലേക്കെടുത്തു ചാടി, കുഴിയില്‍ കിടന്ന മനുഷ്യന്‍ ചോദിച്ചു.

“നിങ്ങളും കുഴിയിലേക്ക് ചാടിയതെന്തിനാണ് ഇനി നമ്മള്‍ രണ്ട് പേരും കുഴിയില്‍ നിന്നും ‌എങ്ങനെ പുറത്തുകടക്കും?”. ആ മനുഷ്യന്‍ മറുപടി പറഞ്ഞു. “ഇതിനു മുന്പ് ഞാനും ഈ കുഴിയില്‍ വീണിട്ടുണ്ട്. ഞാന്‍ നിനക്ക് പുറത്ത് കടക്കാനുള്ള വഴി കാണിച്ച് തരാം.”

ഇതാണ് ഒരു യഥാര്‍ത്ഥ സുഹൃത്തിന്‍റ‍െ ലക്ഷണം. അവന്‍ മറ്റൊരുവനെ കുഴിയില്‍ നിന്നും കരകയറ്റാന്‍ സകലതും മറന്ന് ‌‌എടുത്ത് ചാടുന്നു. ആദ്യ വിശകലനത്തിലും കാഴ്ചയിലും നമുക്ക് തോന്നിയേക്കാം ഒരുപരാജയമായുരുന്നുല്ലേ ആ ജീവിതം എന്ന്. തോറ്റ് തുന്നം പാടി ഉടുതുണി പോലുമില്ലാതെ കുരിശിനോട് ബന്ധിക്കപ്പെട്ട് കിടക്കുകയാണല്ലോ ആ സ്നേഹം. സ്നേഹത്തിന്‍റെ ശക്തി വിജയിക്കുമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണ് യേശു ആഗ്രഹിക്കുന്ന സഭ, വിട്ട് കൊടുക്കുന്ന സ്നേഹമാണ് അവന്‍റെ സ്നേഹം, വെട്ടിപ്പിടിക്കുന്നതല്ല.

പിതാവുമായുള്ള യേശുവിന്‍റെയും അത് പോലെതന്നെ ശിഷ്യന്മാരുടെയും സ്നേഹബന്ധത്തിന്‍റെ അടിസ്ഥാനകാരണം പിതാവിന്‍റ‍െകല്പനകള്‍ പാലിക്കുന്നു എന്നുള്ളതാണ്. ‌ശിഷ്യന്മാരോട് അനുസരണയുടെ പ്രാധാന്യത്ത‍െപ്പറ്റിയാണ് യേശു പറയുന്നത് (14,15.21.23). ഇവിടെയും ശിഷ്യന്മാര്‍ക്ക് യേശു തന്നെത്തന്നെയാണ് മാതൃകയായി നല്‍കുന്നത്(14.31). അനുസരണയും സ്നേഹവും പരസ്പരം ബന്ധപ്പെട്ടതാണ് ( 1 യോഹ 2,5; 5,2-3),  ഈ കല്‍പനകളുടെ അനുസരണം ദുഃഖകാരണമായി മാറരുത്. അത് മേലാളന്‍ കീഴാളനു നല്‍കുന്ന കല്പനയല്ല. യേശുവിന്‍റെ വഴി സന്തോഷത്തിന്‍റ‍േതാണ്, അത് ദുഃഖത്തിന്‍റേതല്ല. യേശു ശിഷ്യന്മാരുടെ സന്തോഷം പൂര്‍ണ്ണമായിക്കാണാനാണ് ആഗ്രഹിക്കുന്നത്, അവിടുന്ന് തന്‍റ‍െ ശിഷ്യന്മാരോടുള്ള സ്നേഹം പ്രകടമാക്കിയത് വാക്കുകളിലൂടെ ‌മാത്രമല്ല അത് തന്‍റെ മരണത്തിലും(13,1) കൂടിയാണ്. ഈ കുരിശു മരണമാണ് ശിഷ്യന്മാര്‍തമ്മിലുള്ള സ്നേഹത്തിന്‍റ‍െ അടിസ്ഥാനം.

സേവകന്‍ യജമാനന്‍റെ കല്പന നിവര്‍ത്തിക്കുകമാത്രം ചെയ്യുന്നു. യജമാനന്‍റ‍െ ചിന്തകളും പ്രവര്‍ത്തികളും ‌എന്തെന്ന് അവന്‍ അറിയുന്നില്ല. അതന്വേഷിക്കുവാനുള്ള സ്വാതന്ത്ര്യം അവനില്ല. യേശുവിനെ സംബന്ധിച്ചിടത്തോളം ശിഷ്യന്മാര്‍ അവന് സുഹൃത്ത്ക്കളാണ്. കാരണം തന്‍റ‍െ എല്ലാ രഹസ്യങ്ങളും അവന്‍ അവരെ അറിയിച്ചു. യേശു ശിഷ്യന്മാര്‍ക്ക് പിതാവിന്‍റെ പദ്ധതി മനസ്സിലാക്കാന്‍ സാധിക്കുന്നിടത്തോളം വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ടെങ്കിലും വെളിപാട് അതിന്‍റെ പൂര്‍ണ്ണതയില്‍ ആയിട്ടില്ല. സമയത്തിന്‍റെ പൂര്‍ണ്ണയില്‍ അരൂപി സകലതും വെളിപ്പെടുത്തിക്കൊടുക്കും.

കഴിഞ്ഞ പെസഹാവ്യാഴാഴ്ച വൈകുന്നേരം റോമിലെ ഏറ്റവും വലിയ ജയിലിലാണ് ഫ്രാന്‍സീസ് പാപ്പാ അന്ത്യത്താഴ പൂജയര്‍പ്പിച്ചത്. പാലസ്തീനായില്‍ നിലനിന്നിരുന്ന പാരമ്പര്യമനുസരിച്ച്, പൊടിയും, ചെളിയും നിറഞ്ഞ വഴിതാണ്ടിയെത്തുന്ന അതിഥിയെ ഭവനത്തിലേക്ക് സ്വീകരിക്കുക കാലുകള്‍ കഴുകിയാണ്, അതു ചെയ്യുന്നതാകട്ടെ ഭവനത്തിലെയൊരടിമയും.

യേശുവാകട്ടെ തന്‍റെ അന്ത്യത്താഴവേളയില്‍ ശിഷ്യന്മാരുടെ പാദം കഴുകി ശിഷ്യത്വത്തിന് മഹത്തായ മാതൃകനല്കി. ആ മഹിനീയ മാതൃക പിന്തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പാ വിവിധ രാജ്യങ്ങളിലും വിവിധ മതങ്ങളിലും പെട്ട കുറ്റവാളികളുടെ പാദം കഴുകിയത്. ആ പാദക്ഷാളനകര്‍മ്മം ക്രിസ്തു ശിഷ്യത്വത്തിന്‍റ ഏറ്റവും ശക്തമായ സാക്ഷ്യമായി മാറി. ഒരടിമ കാല്‍ കഴുകുന്ന സ്ഥാനത്ത് നിന്നുകൊണ്ടാണ് പാപ്പാ കുറ്റവാളികളായവരുടെ പാദങ്ങള്‍ കഴുകിയത്. അതുവഴി  വിനയത്തിന്‍റെ മാതൃകയും ക്രിസ്തു സ്നേഹത്തിന്‍റെ മുര്‍‌ത്തരൂപവും പാപ്പാ പ്രകടമാക്കി. വിഭാകീയതകളുടെ അതിര്‍വരമ്പുകളെ ഒട്ടും വകവക്കാതെ, ലിംഗഭേദമോ, നിറഭേദമോ പ്രകടമാക്കാതെ സകലരേയും ഉല്‍ക്കൊള്ളുന്ന വിശിഷ്യാ എളിയവരേയും പാവങ്ങളേയും ഉള്‍കൊള്ളുന്ന സാകല്യസംസ്കൃതിയുടെ മാകതൃകയാണ് പാപ്പാ നമുക്ക് കാട്ടിത്തന്നത്.

പാലസ്തീനായിലെ .യഹൂദ പശ്ചാത്തലത്തില്‍ സാധാരണയായി ശിഷ്യന്‍ തങ്ങള്‍ക്കിഷ്ടമുള്ള  ഒരു ഗുരുവിനെ (റബ്ബിയെ) തെരഞ്ഞെടുക്കുകയാണ് പതിവ്. എന്നാല്‍ യേശുവിന്‍റ‍െ ശിഷ്യന്മാരെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല. യേശുവാണ് അവരെ തിരഞ്ഞെടുത്തത്. “നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല മറിച്ച് ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്”. ആ തിരഞ്ഞെടുപ്പിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. ഫലം പുറപ്പെടുവിക്കുക. നല്ല ഫലം പു‍റപ്പെടുവിക്കാന്‍ യേശുവാണ് അവരെ അയക്കുക. യേശുവാണ് അതിന് അവരെ സഹായിക്കുക.

നീതി‍മാന് നീതിരഹിതനോട് കൂട്ട് കൂടാന്‍ ഏറെ ബുദ്ധിമുട്ടാണ്. നീതിമാനായ യേശു സകലരേയും തന്‍റെ സ്നേഹിതന്മാരായി കരുതി. നീതിമാനായവന്‍റെ ശബ്ദം ശാസനയുടെയും കുറ്റം വിധിക്കലിന്‍റേയുമായിരുന്നില്ല, സ്നേഹത്തിന്‍റേതായിരുന്നു. യഹൂദറബ്ബീമാര്‍ ദിവസേന പുത്തന്‍ നിയമങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരുന്നപ്പോള്‍ യേശു നിയമങ്ങളെ വെട്ടിച്ചുരുക്കി അവസാനം ഒറ്റ നിയമത്തില്‍ എല്ലാ നിയമങ്ങളേയും അടക്കം ചെയ്തു.- സ്നേഹിക്കുക. . എങ്ങനെയാണ് സ്നഹിക്കേണ്ടെതെന്നും വ്യക്തമാക്കി- ഞാന്‍ നിങ്ങളെ സ്നേഹിച്ചതു പോലെ. അത് സഹനത്തിലും മരണത്തിലുമായിരുന്നു. അതുകൊണ്ടാണ് അവനു പറയാന്‍ കഴിഞ്ഞത്, “സ്നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല”.

ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധ വത്സരത്തോടനുബന്ധിച്ച് പ്രകാശിതമാ‌യ ലോഗോ നമ്മോട് പറയുന്നതും ആ മഹിനീയ  സ്നേഹത്തെക്കുറിച്ച് തന്നെയാണ്. നഷ്ടപ്പെട്ടുപോയ മകനെ കണ്ടെത്തി തോളിലേറ്റി വരുന്ന നല്ലിടയന്‍റെയും സ്നേഹമുള്ള പിതാവിന്‍റെയും പ്രതിബിംബം കൂട്ടിയിണക്കിയാണ് ലോഗോ രൂപീരകൃതമായിരിക്കുന്നത്. വിവശനും മുറിപ്പെട്ടവനുമായ മകനെ കണ്ടെത്തി തോളിലേറ്റി വരുന്ന പിതാവിന്‍റെ കരുണാര്‍ദ്രരൂപം ക്രിസ്തു തന്നെയാണ്. ജീവിതത്തില്‍ ആരെയും വിധിക്കാതെയും, തള്ളിക്കളയാതെയും, സ്നേഹവും കരുണയും ക്ഷമയും കാണിക്കുവാനും ഇന്നത്തെ വചനം നമ്മെ ക്ഷണിക്കുന്നു.

ഈ ഗാനം ആലപിച്ചത് വരാപ്പുഴ അതിരൂപതാ ഗായകസംഘം ആണ്. ഗാനരചന ഫാദര്‍ വില്യം നെല്ലിക്കല്‍. സംഗീതം ഗോഡ്വിന്‍ ഫിഗരേദോ.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് പെസഹാക്കാലം ആറാം വാരം ഞായറില്‍ ഡീക്കന്‍ ദീപക് ആന്‍റോ പങ്കുവച്ച സുവിശേഷ ചിന്തകളാണ്. 








All the contents on this site are copyrighted ©.