2015-05-06 17:48:00

കൂട്ടായ്മയുടെ സംസ്ക്കാരത്തിനേ സമാധാനം വളര്‍ത്താനാകൂ


കൂട്ടായ്മയുടെ സംസ്ക്കാരത്തിന് സമാധാനം വളര്‍ത്താനാകുമെന്ന് പരിശുദ്ധ സിംഹാനസത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍‍ഡി പ്രസ്താവിച്ചു.

മെയ് 5-ാം തിയതി ചൊവ്വാഴ്ച റോമില്‍ സംഗമിച്ച fabric of peace  സമാധാനത്തിനായുള്ള സമൂഹ്യ സംഘടനയുടെ സമ്മേളനത്തില്‍ വത്തിക്കാനെ പ്രതിനിധീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍ ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പങ്കുവച്ചത്.

കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും സംസ്ക്കാരത്തിലൂടെ ലോകത്ത് നീതിയും സമാധാനവും വളര്‍ത്താന്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പദ്ധതികളെ പ്രഭാഷണത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു. കുട്ടികള്‍ കുട്ടികളെ തുണയ്ക്കുന്നതും, യുവനങ്ങള്‍ സമൂഹത്തിന്‍റെ നന്മയ്ക്കായ് പ്രവര്‍ത്തിക്കുന്നതുമായ പാപ്പാ ഫ്രാന്‍സിസിന്‍റെ ‘സ്കോളെ ഒക്കുരാന്തെസ്’ പോലുള്ള രാജ്യാന്തര സംഘടനയെയും പ്രവര്‍ത്തനങ്ങളെയും ഫാദര്‍ ലൊമ്പാര്‍ഡി പ്രഭാഷണത്തില്‍ ശ്ലാഘിച്ചു.

ധൂര്‍ത്തിന്‍റെയും ദുര്‍വ്യയത്തിന്‍റെ സംസ്ക്കാരം മാറ്റി സാമൂഹ്യ സമ്പത്തിക സാംസ്ക്കാരിക മേഖലകളി‍‍ല്‍ പങ്കുവയ്ക്കലിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സംസ്ക്കാരം വളര്‍ത്തണമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ഉദ്ബോധിപ്പിച്ചു. യുവജനങ്ങളുടെ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തിക്കൊണ്ട് അവരുടെ ജീവിതത്തില്‍ പരസ്പര ധാരണയുടെയും കൂട്ടായ്മയുടെയും സംസ്ക്കാരം വളര്‍ത്താനായാല്‍ ലോകത്ത് സമാധാനം വളര്‍ത്താന്‍ സാധിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍‍ഡി പ്രസ്താവിച്ചു.   വിഭജനത്തിന്‍റെ ഭിത്തികള്‍ തകര്‍ക്കണമെന്നും, സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാലം നിര്‍മ്മിക്കണമെന്നതും എന്നും പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ നിരന്തരമായി ഉദ്ബോധിപ്പിക്കുന്ന ചിന്തയാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി തന്‍റെ പ്രഭാഷണത്തില്‍ പങ്കുവച്ചു.








All the contents on this site are copyrighted ©.