2015-04-28 20:02:00

കാലാവസ്ഥ വ്യതിയാനം കാലത്തിന്‍റെ നിര്‍ണ്ണായക പ്രശ്നം


കാലത്തിന്‍റെ നിര്‍ണ്ണായകമായ പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനമെന്ന്, ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.

ഏപ്രില്‍ 28-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി സംഘടിപ്പിച്ച സെമിനാറിലാണ് കാലാവസ്ഥാ വ്യതിയാനമാണ് കാലത്തിന്‍റെ കാതലായ പ്രശ്നമെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചത്. പൊതുജനാരോഗ്യം, ഭക്ഷണം, ഭൂമിയുടെ ജലസുരക്ഷ, കുടിയേറ്റം, സാമാധാനം സുരക്ഷ എന്നിങ്ങനെ ജനജീവിതത്തിന്‍റെ എല്ലാ ഘടകങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ് കാലാവസ്ഥാ വ്യതിയാനമെന്ന് സുസ്ഥിതി വികസനവും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വത്തിക്കാന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കിവെ  ബാന്‍ കി മൂണ്‍ സമര്‍ത്ഥിച്ചു. മാനവകുലത്തിന്‍റെ അനുദിന ജീവിതത്തെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം മാനവികതയുടെ ധാര്‍മ്മിക പ്രശ്നമാണെന്നും,  സാമൂഹ്യ നീതിയുടെയും, മനുഷ്യാവകാശത്തിന്‍റെയും അടിസ്ഥാന ധാര്‍മ്മികതയുടെയും തലത്തില്‍ അതിനെ കൈകാര്യം ചെയ്യണമെന്നും ബാന്‍ കി മൂണ്‍ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

ഭൂമിയില്‍ പാര്‍ക്കുന്ന സകല മനുഷ്യരോടും അവരുടെ തലമുറകളോടുമുള്ള ഗൗരവതരമായ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായിട്ടാണ് കാലാവസ്ഥാ വ്യതിയാനത്തെ നാം ശ്രദ്ധാപൂര്‍വ്വം കൈകാര്യംചെയ്യേണ്ടതെന്ന് ലോകത്തെ മതങ്ങളും സാമൂഹ്യ സംഘടനകളും ഏകകണ്ഠേന ആവശ്യപ്പെടുന്നതിനു കാരണവും ഇതാണെന്നും ബാന്‍ കി മൂണ്‍ വ്യക്തമാക്കി.

പ്രബന്ധാവതരണത്തിന് തൊട്ടുമുന്നെ സമ്മേളന വേദിയായ വത്തിക്കാന്‍ തോട്ടത്തിലുള്ള പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ ഓഫിസ്, കസീനാ പിയോയില്‍ (casina pio iv) പാപ്പാ ഫ്രാന്‍സിസ് വന്ന് ബാന്‍ കി മൂണുമായി സൗഹൃദസംഭാഷണം നടത്തിയതായി പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.