2015-04-20 19:18:00

ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷൃമാകുക സാക്ഷൃമേകുക


പെസഹാക്കാലം മൂന്നാം വാരത്തെ ആരാധനക്രമത്തില്‍ പ്രതിധ്വനിക്കുന്ന ‘സാക്ഷൃമേകുക’ എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു  ഏപ്രില്‍ 19-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാല പ്രാര്‍ത്ഥനാപ്രഭാഷണം.

1. ക്രിസ്തുവിനു സാക്ഷൃമേകുക

അപ്പസ്തോല പ്രമുഖനായ പത്രോസിന്‍റെ അധരങ്ങളില്‍നിന്നുമാണ് സാക്ഷൃത്തിന്‍റെ ആദ്യമൊഴിയെന്ന് പാപ്പാ പ്രസ്താവിച്ചു. ‘നിങ്ങള്‍ ജീവന്‍റെ നാഥനെ കൊലപ്പെടുത്തി. എന്നാല്‍ ദൈവം അവിടുത്തെ ഉയര്‍ത്തി. അതിനു ഞങ്ങള്‍ സാക്ഷികളാണ്’ (നടപടി 3, 15). രണ്ടാമതായി ഉത്ഥിതനായ ക്രിസ്തുവിന്‍റെ അധരങ്ങളില്‍നിന്നു തന്നെയാണ് സാക്ഷത്തെക്കുറിച്ച് കേള്‍ക്കുന്നത്. തന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങളെക്കുറിച്ച് അവിടുന്നു പറയുന്നു, ‘നിങ്ങള്‍ എന്‍റെ സാക്ഷികളാണ്’ (ലൂക്കാ 24, 48). ഉത്ഥിതനായ ക്രിസ്തുവിനെ നേരില്‍ കണ്ട് നിര്‍വൃതിയടഞ്ഞ ശിഷ്യന്മാര്‍ക്ക് മൗനമായിരിക്കുവാന്‍ സാധിച്ചില്ല. അവര്‍ക്കു ലഭിച്ച അനിതരസാധാരണമായ ഉത്ഥാനാനുഭവം അവര്‍ക്ക് മറച്ചുവയ്ക്കാനായില്ല. തന്‍റെ ഉത്ഥാനസന്ദേശം ശിഷ്യന്മാരുടെ സാക്ഷൃത്തിലൂടെ ലോകം അറിയണം എന്ന് ക്രിസ്തു ആഗ്രഹിച്ചു. ഇന്ന് ഈ സാക്ഷൃം ലോകത്തില്‍ തുടരുവാനുള്ള ദൗത്യവും ഉത്തരവാദിത്വവും സഭയുടേതാണ്. അതുപോലെ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള ഓരോ വ്യക്തിയുടേതുമാണ്. ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷൃമേകുവാനും, ക്രിസതു ഇന്നും നമ്മുടെ മദ്ധ്യേ ജീവിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. അങ്ങനെ നാമെല്ലാവരും ക്രിസ്തുവിന്‍റെ സജീവ സാക്ഷികളാകേണ്ടവരാണ്.

2. ആരാണ് സാക്ഷി?

ആരാണ് സാക്ഷി? ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്. വസ്തുതകള്‍ കാണുകയും, ഓര്‍ക്കുകയും അത് പ്രഘോഷിക്കുകയും ചെയ്യുന്നവനാണ് സാക്ഷി. സാക്ഷിയുടെ ദൗത്യവും സ്വഭാവവും വ്യക്തമാക്കുന്ന മൂന്നു വാക്കുകളാണ് മേല‍്പറഞ്ഞവ. നിഷ്പക്ഷമായ കണ്ണുകളാല്‍ കാണുന്നവനാണ് സാക്ഷി. യാഥാര്‍ത്ഥ്യത്തിന്‍റെ നിസംഗമായ വീക്ഷണമല്ല അത്. മറിച്ച് അയാള്‍ അതില്‍ നിമഗ്നനാകുന്നു, അതില്‍ പങ്കാളിയാകുന്നു. പിന്നെ, രണ്ടാമതായി വസ്തുതകള്‍ ഓര്‍മ്മിക്കുന്നത് അവ കണ്ടതുകൊണ്ടു മാത്രമല്ല, അതിന്‍റെ ഗഹനവും വ്യാപ്തവുമായ അര്‍ത്ഥം മനസ്സിലാക്കുന്നതുകൊണ്ടാണ്.   അങ്ങനെ സാക്ഷൃം സൈദ്ധന്തികമോ പ്രത്യയശാസ്ത്രപരമോ അല്ല, മറിച്ച് ഉത്ഥിതനായ ക്രിസ്തുവിനെ കേന്ദ്രീകരിച്ച രക്ഷയുടെ സന്ദേശവും, സത്യവും യാഥാര്‍ത്ഥ്യവുമായ സംഭവമാണത്.

3. ഇന്നിന്‍റെ ക്രൈസ്തവ സാക്ഷൃം

വ്യക്തിഗത പ്രാര്‍ത്ഥനയിലൂടെയും സഭയുടെ കൂദാശകളിലൂടെയും അനുരഞ്ജിതരായി ദൈവത്തിങ്കലേയ്ക്കും സഹോദരങ്ങളിലേയ്ക്കും തിരിച്ചുവന്നുകൊണ്ട് അപ്പസ്തോലന്മാരെപ്പോലെ ഇന്ന് നമുക്കും ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാക്ഷികളാകുവാന്‍ സാധിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  
കൂടാതെ പിന്നെയും സാക്ഷി സജീവമാകുന്നതും തിളങ്ങുന്നതും സുവിശേഷം സന്തോഷത്തോടും ധീരമായും സമാധാനപൂര്‍ണ്ണമായും കാരുണ്യത്തോടെയും ജീവിക്കുമ്പോഴാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. വ്യര്‍ത്ഥതയിലും സ്വാര്‍ത്ഥതയിലും ഉപഭോഗസുഖങ്ങളിലും മുഴുകി ജീവിക്കുകയാണെങ്കില്‍ നമുക്കൊരിക്കലും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുവാനോ, അവിടുത്തെ ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ കൃപയും അനന്തമായ സൗമ്യതയും ആസ്വദിക്കുവാന്‍ സാധിക്കില്ലെന്നുമുള്ള ചിന്തയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.