2015-04-18 18:50:00

സാമൂഹ്യനിര്‍മ്മിതിയില്‍ മതത്തിന് പങ്കുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്


ബഹുമുഖമായ ഇന്നത്തെ സമൂഹ്യ രാഷ്ട്രീയ ചുറ്റുപാടില്‍ വ്യക്തിഗത മനഃസാക്ഷിക്ക് ഇണങ്ങുന്ന മതാത്മക ജീവിതമല്ല, സമൂഹ്യനിര്‍മ്മിതിയില്‍ ക്രിയാത്മകമായ പങ്കുള്ള യഥാര്‍ത്ഥമായ മതാത്മക ജീവിതം അനിവാര്യമാണെന്നും, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഏപ്രില്‍ 18-ാം തിയതി ശനിയാഴ്ച ഇറ്റലിയുടെ പ്രസിഡിന്‍റെ സേര്‍ജോ മത്തരെലായുമായി നടന്ന നേര്‍ക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഫെബ്രുവരി 3-ന് തിരഞ്ഞെടുക്കപ്പെട്ടതില്‍പ്പിന്നെ പാപ്പാ ഫ്രാന്‍സിസുമായി നടക്കുന്ന ഇറ്റാലിയന്‍ പ്രസിഡന്‍റെ പ്രഥമ കൂടിക്കാഴ്ചയാണിത്.

സഭ ഏവര്‍ക്കും സുവിശേഷത്തിന്‍റെ മനോഹാരിതയും രക്ഷയുടെ സന്ദേശവും നല്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതിനാവശ്യമായ ശാന്തവും സമാധാനപൂര്‍ണ്ണവുമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കേണ്ട ചുമതല രാഷ്ട്രത്തിന്‍റേതാണെന്ന് വത്തിക്കാനും ഇറ്റലിയും തമ്മിലുള്ള ലാറ്ററന്‍ ഉടിമ്പടി ഉദ്ധരിച്ചുകൊണട് പാപ്പാ പ്രസ്താവിച്ചു. അതിനാല്‍ ഇറ്റലിയും പരിശുദ്ധസിംഹനവും തമ്മില്‍ നിലനിര്‍ത്തേണ്ട സഹകരണത്തിന്‍റെ പാരസ്പരികതയുണ്ടെന്ന് പാപ്പാ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ന്യായപൂര്‍ണ്ണമായ സുസ്ഥിതി വികസനത്തിനു വേണ്ടുന്ന വിധത്തില്‍ രാഷ്ട്രീയ സമൂഹത്തെ കരുപ്പിടിപ്പിക്കേണ്ടതും, വളര്‍ത്തേണ്ടതും, സമൂഹത്തിന്‍റെ കഴിവുകളെ വികസിപ്പിക്കേണ്ടതും ഭരണകര്‍ത്താക്കളാണ്. അതിനാല്‍ ഈ മേഖലയില്‍ സഭ ചെയ്യുന്ന മൂല്യാധിഷ്ഠിതവും ഉപയോഗപ്രദവുമായ എല്ലാ പ്രവര്‍ത്തനങ്ങളോടും രാഷ്ട്രം ന്യായമായി സഹകരിക്കേണ്ടതാണ് പാപ്പാ അനുസ്മരിപ്പിച്ചു.

സഭയും രാഷ്ട്രവും സ്വതന്ത്രവും വ്യക്തിഗതവുമായ സംഘടനകളും പ്രസ്ഥാനങ്ങളുമാണെങ്കിലും, ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ വികസനത്തില്‍ പൊതുവായ ഉത്തരവാദിത്വമാണുള്ളതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കല, സാഹിത്യം, വാസ്തുഭംഗി, ആചാരം, കുടുംബജീവിതം ഉള്‍പ്പെടുയുള്ള ഇറ്റാലിയന്‍ സംസകൃതിയില്‍ ക്രിസ്തീയതയുടെ സ്വാധീനം വളരെ വലുതാണെന്ന് പാപ്പാ പരാമര്‍ശിച്ചു. പരിസ്ഥിതി സംരക്ഷണം, യുവജനങ്ങളുടെ തൊഴില്‍ വികസനം എന്നീ മേഖലകളിലും രാഷ്ട്രം അതീവ ശ്രദ്ധചെലുത്തണമെന്ന് പാപ്പാ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

അന്യനാടുകളില്‍നിന്നും അഭയാര്‍ത്ഥികളായി ഇറ്റാലിയന്‍ തീരിങ്ങളില്‍ എത്തിച്ചേരുന്നവരോടു കാണിക്കുന്ന സഹാനുഭാവത്തിനും മനുഷ്യത്വത്തിന്‍റെ പരിഗണനയ്ക്കും പാപ്പാ നന്ദിപറഞ്ഞു. ഈ മേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍റെ സഹകരണം തേടണമെന്നും പാപ്പാ പ്രഭാഷണത്തില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.








All the contents on this site are copyrighted ©.