2015-04-18 15:57:00

ധൈര്യത്തോടെ ദൈവത്തിന്‍റെ നവ്യത പ്രഘോഷിക്കാം


ദൈവത്തിന്‍റെ നവ്യത പ്രഘോഷിക്കുവാന്‍ ധൈര്യം വേണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഏപ്രില്‍ 16-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദൈവത്തെ അനുസരിക്കുന്നതും അവിടുന്നു കാണിച്ചുതരുന്ന നവമായ പാതയിലൂടെ ചരിക്കുന്നതും വെല്ലുവിളിയാണെന്ന് ആദിമസഭയിലെ അപ്പസ്തോല പ്രവര്‍ത്തനങ്ങളെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു. അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെ തടഞ്ഞതും അവരെ ബന്ധികളാക്കിയതും അക്കാലത്ത് സമൂഹത്തില്‍ പണ്ഡിതന്മാരെന്നു കണക്കാക്കപ്പെട്ടവരായിരുന്നു, അസൂയയും സ്വാര്‍ത്ഥതയും നിറഞ്ഞാണ് അറിവുള്ളവരെന്നു നടിച്ചവര്‍ ദൈവിക വെളിപാടും രക്ഷയുടെ മാര്‍ഗ്ഗങ്ങളും കൊട്ടിയടച്ചതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഈ അടഞ്ഞ മനഃസ്ഥിതി ഹൃദയകാഠിന്യവും പിടിവാശിയുമാണെന്ന് പാപ്പാ വിശദീകരിച്ചു.

ജീവിതവഴികളില്‍ ദൈവത്തിനും സഹോദരങ്ങള്‍ക്കും ഒരുപോലെ സംവാദത്തിന്‍റെ പാത തുറക്കേണ്ടതുണ്ടെന്ന് പാപ്പ പ്രസ്താവിച്ചു. നിയമത്തിന്‍റെ പിടിവാശിയും സാമൂഹ്യ നേതൃത്വത്തിന്‍റെ അടഞ്ഞ ഹൃദയവുമാണ് ആദിമ സഭയില്‍ ദൈവവചനത്തോടു തുറവില്ലാതെ പോകുവാനുള്ള അടിസ്ഥാന കാരണമെന്നും വചനസമീക്ഷയില്‍ പാപ്പാ സമര്‍ത്ഥിച്ചു.

 

ഇസ്രായേലിലെ സാമൂഹ്യ നേതാക്കളുടെയും നിയമജ്ഞരുടെയും അടഞ്ഞ മനഃസ്ഥിതിയാണ്, സംവാദത്തിന്‍റെ പാത വെടിയുവാനും, നീതിനിഷ്ഠരെ അന്ന് ബന്ധികളാക്കുവാനും പ്രേരിപ്പിച്ചതെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. ദൈവികസ്വരം ശ്രവിക്കുന്നവര്‍ കാലത്തിന്‍റെ അടയാളങ്ങളാണ്. ദൈവവും ഉത്ഥിതനായ ക്രിസ്തുവും നല്കുന്ന സന്ദേശത്തിന്‍റെ നവ്യത ജീവിക്കുന്നവര്‍ കാലത്തിന്‍റെ അടയാളങ്ങളാണ്. എന്നാല്‍ ദൈവികസ്വരവും ഉത്ഥിതന്‍റെ മൗലിക സന്ദേശവും ഇല്ലായ്മചെയ്യാന്‍ സമൂഹപ്രമാണികള്‍ പട്ടാളക്കാര്‍ക്ക് കോഴകൊടുത്ത സംഭവവും സുവിശേഷത്തില്‍നിന്നും പാപ്പാ ഉദ്ധരിച്ചു.

 

അടിസ്ഥാനപരമായി ഉത്ഥിതനായ ക്രിസ്തുവിനോടുള്ള തുറവും, മനഃസ്ഥിതിയുടെ മാറ്റവും വ്യക്തിജീവിതത്തില്‍ അനിവാര്യമാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.