2015-04-18 12:14:00

ജീവിതായനത്തിന് വെളിച്ചമേകുന്ന ഉത്ഥിതന്‍റെ തിരിച്ചരിയലുകള്‍


ലത്തീന്‍ റീത്തിലെ ആാധനക്രമമനുസരിച്ച് പെസഹാക്കാലം മൂന്നാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകളാണിന്ന്.

വിശുദ്ധ ലൂക്കാ 24, 35-48

വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവിടുത്തെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു. പിന്നെ അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു. നിങ്ങള്‍ക്കു സമാധാനം. അവര്‍ ഭയന്നു വിറച്ചു. ഭൂതത്തെയാമ് കാണുന്നത് എന്ന് അവര്‍ വിചാരിച്ചു. അവിടുന്ന് അവരോടു ചോദിച്ചു. നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിത്ൃന്. നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിനത്. എന്‍റെ കൈകകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു നമസ്സിലാക്കുവിന്‍. എന്ന സ്പര്‍ശിച്ചു നോക്കുവാന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ. എന്നിട്ടും അവര‍ സന്തോഷാധിയക്യത്താല്‍ അവിശ്വസിക്കുകയും അത്ഭുതപ്പെടുകയും ചെയ്തപ്പോള്‍ അവന്‍ അവരോടു ചോദിച്ചു. ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുംമുണ്ടോ. ഒരു കഷണം വറുത്തമ ീന്‍ അവര്‍ അവനു കൊടുത്തു. അവിടുന്ന് അതെടുത്ത് അവരുടം മുമ്പില്‍വച്ചു ഭക്ഷിച്ചു.

അവന്‍ അവരോടു പറഞ്ഞു. മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെലംലാം പൂര്‍ത്തീയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ. വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവിടുന്നു തുറന്നു അവിടുന്നു പറഞ്ഞു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. ക്രിസ്തു സഹിക്കുകയും മാന്നാം ദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ടു.

ക്രിസ്തു ഉത്ഥാനംചെയ്തു. അവിടുത്തെ കുറിച്ചുള്ള നിറംപിടിപ്പിച്ചതും യഥാര്‍ത്ഥ്യവുമായ കഥകള്‍ ചുറ്റും ഒരുമിച്ച് ഉയര്‍ന്നു പൊങ്ങുമ്പോള്‍ ക്രിസ്തു സ്നേഹിച്ച ശിഷ്യന്മാര്‍ക്ക് അവിടുത്തെ സജീവസാന്നിദ്ധ്യം കൈവിട്ടുപോയി. ഇന്നലെവരെ ക്രിസ്തു കയ്യൈത്താ ദൂരത്തായിരുന്നു. തൊടാവുന്ന ദൂരത്തായിരുന്നു, കേള്‍ക്കാവുന്ന അകലത്തിലായിരുന്നു. എന്നാല്‍ കുരിശുമരണത്തോടെ അവിടുന്നു മെല്ലെ അവിടുത്തെ ശിഷ്യന്മാരുടെ സ്മൃതിപഥത്തില്‍നിന്നും മറയുകയാണ്.

ക്രിസ്തുവിന്‍റെ മരണശേഷം അപ്പോസ്തല പ്രമുഖനായ പത്രോസ് ആദ്യം ഇങ്ങനെയല്ലേ പറഞ്ഞത്, “ഞാന്‍ മീന്‍ പിടിക്കുവാന്‍ പോകയാണ്.” എന്നാല്‍ ഓര്‍ക്കണം മീന്‍ പിടിക്കാന്‍ പോയവരുടെ മദ്ധ്യത്തിലേയ്ക്ക് വ്യക്തമായ നിയോഗവുമായിട്ടാണ് ക്രിസ്തു കടന്നു ചെന്നു, പറഞ്ഞത്, ‘ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.

ഭയന്ന് കതകടച്ച്, ഓളിച്ചിരുന്നവരുടെ മദ്ധ്യത്തിലേയ്ക്കും അവിടുന്ന് സമാധാന ആശംസയുമായി കടന്നു ചെന്നില്ലേ. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യാവബോധം കൈവിട്ടു പോകുമ്പോഴാണ് നാം നമ്മുടെ പഴയ വഴികളിലേയ്ക്ക് പോയി, വഞ്ചിയും വലയും എടുക്കുന്നത്. ആര്‍ക്കും സംഭവിക്കാവുന്ന ദുരന്തമാണിത്. വലിയ നിയോഗങ്ങളിലേയ്ക്ക് ക്രിസ്തു കൂട്ടിക്കൊണ്ടു വന്നവര്‍ക്ക് അവിടുത്തെ കൈവിരലുകള്‍ കൈവിട്ടു പോകുമ്പോള്‍ തങ്ങള്‍ ഉപേക്ഷിച്ച അതേ വഴികളിലേയ്ക്കും ചെറിയ കര്‍മ്മങ്ങളിലേയ്ക്കും മനസ്സുകൊണ്ടെങ്കിലും പിന്‍വാങ്ങേണ്ടി വരുന്ന അവസ്ഥ ശോചനീയമാണ്. ഉപേക്ഷിച്ച വഴികളിലേയ്ക്ക് ഭീരുക്കളായി തിരിച്ചു പോകുന്ന ശിഷ്യന്മാര്‍. എന്നിട്ടും അവരുടെ പാഴായിപ്പോകുന്ന പടവുകളിലേയ്ക്ക് ഉത്ഥിതനായ ക്രിസ്തു കടന്നു ചെന്നു. ഉഷസ്സാകുമ്പോള്‍ ക്രിസതു അവരുടെ ജീവിതങ്ങളിലെന്നപോലെ, ഇനി നമ്മുടേയും ജീവിതങ്ങളിലേയ്ക്കും കടന്നുവരും. നമ്മുടെ പാഴായിപ്പോകുന്ന അദ്ധ്വാനങ്ങളിലേയ്ക്കും ഉതിര്‍ന്നു വീഴുന്ന കണ്ണീരിലേയ്ക്കും, വിയര്‍പ്പിലേയ്ക്കും ക്രിസ്തു കടന്നു വരും. ഉഷസ്സിന്‍റെ കതിരൊളിപോലെ പുലര്‍കാല സൂര്യനായി ക്രിസ്തു കടന്നുവരും. നഷ്ടബോധ്യത്തിന്‍റെയും, ജീവിത പരാജയത്തിന്‍റെയും ഭൂമികയില്‍ ഒളിച്ചിരിക്കുന്നവരുടെ പക്കലേയ്ക്ക് ഉത്ഥിതന്‍ ഉദയസൂര്യനായി കടന്നുവരും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതുപോലെ വിഫലബോധ്യത്തിന്‍റെ കനല്‍പൊള്ളള്‍ അറിയാത്തവരുണ്ടോ.

വിതച്ചിട്ട് ഭൂമി ഫലം തരാതിരിക്കുമ്പോള്‍ മാത്രമല്ല വിഫലബോധം. ഒത്തിരി പ്രാര്‍ത്ഥിച്ചിട്ട് നിങ്ങളുടെ പ്രാര്‍ത്ഥന ഭൂമി വിഴുങ്ങുകയും, ആകാശം തടയുകയും ചെയ്യുമ്പോള്‍, ഒത്തിരി കാത്തിരുന്നിട്ട് നിങ്ങള്‍ക്കെതിരായി വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍, ഒത്തിരിപ്പേരുടെ കണ്ണീര്‍ തുടച്ചിട്ട് നിങ്ങളുടെ കണ്ണുനീര്‍ കാണാന്‍ ആരും ഇല്ലാതെ പോകുമ്പോള്‍.... ഇങ്ങനെ മനുഷ്യന്‍ അനുഭവിക്കുന്ന അശാന്തിയുടെയും പാഴായിപോകുന്ന കര്‍മ്മങ്ങളുടേയും ഒക്കെ, എത്രയോ പൊള്ളുന്ന കഥകള്‍.. ഓരോ ദിനാന്ത്യത്തിലും നമുക്ക് കുറിച്ചു വയ്ക്കാനുണ്ട്!.

ഇത്തരം വിഫലബോധത്തിന്‍റെ പടവുകളിലേയ്ക്കാണ് ക്രിസ്തു എത്തുന്നത് – ഉത്ഥിതന്‍ കടന്നുവരുന്നത്. ലൂക്കാ കുറിക്കുന്ന ഉത്ഥാനാനന്തരമുള്ള പ്രത്യക്ഷീകരണങ്ങളില്‍ അവിടുന്ന് ശിഷ്യന്മാരുടെ പക്കലേയ്ക്ക് കടന്നു ചെല്ലുകയും അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഇവിടെ നാം ഉത്ഥിതനായ ക്രിസതുവിനെ ആദ്യമായി കണ്ടുമുട്ടുന്നു.  ശിഷ്യന്മാരുടെ പ്രതികരണങ്ങള്‍, പലപ്പോഴും സംശയത്തില്‍ ആരംഭിച്ച് തിരിച്ചറിയലില്‍ അവസാനിക്കുന്നു. തിരിച്ചറിയലിനെ സ്ഥിരപ്പെടുത്താന്‍ ക്രിസ്തു തന്‍റെ കരങ്ങളും പാര്‍ശ്വവും കാണിച്ചു കൊടുക്കുന്നു. തിരിച്ചറിയലിനുശേഷവും അല്ലെങ്കില്‍ ആത്മബന്ധത്തിന്‍റെ സ്ഥിരീകരണത്തിനുശേഷവും ക്രിസ്തു അവര്‍ക്ക് പ്രത്യേക ദൗത്യം നല്കുന്നുണ്ട്. ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണങ്ങളുടെ കേന്ദ്രബിന്ദുവാണ്  ഈ ദൗത്യം നല്കല്‍. നിങ്ങള്‍ ഭയപ്പെടരുത്. ലോകമെങ്ങും പോയി ഞാന്‍ പഠിപ്പിച്ച കാര്യങ്ങള്‍ അറിയിക്കുവിന്‍!’ പഴയ സന്ധ്യാപ്രാര്‍ത്ഥനയില്‍ ക്രൈസ്തവ ദൗത്യം ഏറ്റുപറയുന്ന ഭാഗമുണ്ടായിരുന്നു.           കര്‍ത്താവേ, ഇന്നും ജീവിക്കുന്നവനായ നിന്‍റെ സുവിശേഷം ഞങ്ങള്‍ വഹിക്കുകയും, സകല ജനങ്ങളുടേയും ഇടയിലേയ്ക്ക് ഞങ്ങള്‍ അതു എത്തിക്കുകയും, അവിടുത്തെ കല്പനയുടെ രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയും ജീവന്‍റേയും സന്തോഷത്തിന്‍റേയും വചനം ഞങ്ങള്‍ പ്രസംഗിക്കുകയും ചെയ്യട്ടെ.”

ഇന്നത്തെ വചനം ഉത്ഥിതനായ ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം പ്രഘോഷിക്കാനുള്ള ആഹ്വാനമാണ്. “നിങ്ങള്‍ക്ക് സമാധാനം”, ഇതാണ് ഉത്ഥിതന്‍റെ ആദ്യത്തെ ആശംസ! സമാധാനാശംസ സമാശ്വാസവും ധൈര്യവും പ്രത്യാശയും പകരുന്നതാണ്. ക്രിസ്തുവിന്‍റെ മനുഷ്യാവതാര ഉദ്ദ്യേശ്യം തന്നെ സമാധാനം സംസ്ഥാപിക്കുവാനാണ്. മനുഷ്യഹൃദയങ്ങളില്‍‍ ശാശ്വതമായ ദൈവിക സമാധാനം പകരുന്നതിനും അനുരഞ്ജനത്തിന്‍റേയും രമ്യതയുടേയും സദ്വാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനുമായിട്ടാണ് അവിടുന്ന് തന്‍റെ ശിഷ്യന്മാരെ അയച്ചത്.

ജീവിതത്തെ സുഖപ്രദവും സന്തോഷപ്രദവുമാക്കാന്‍ ആധുനിക മനുഷ്യന്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും നമുക്കിന്ന് ലഭ്യമാണ്, എന്നിട്ടും സമാധാനമില്ലായ്മ ഇന്നത്തെ ലോകത്തിന്‍റെ മുഖലക്ഷണമായി നില്കുന്നു. ദൈവസ്നേഹത്തിന് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യാമെന്നും, പാപത്താല്‍ വിജനമായ നമ്മുടെ ഹൃദയങ്ങളില്‍ സുകൃതി പൂക്കള്‍ വിരിയിക്കാമെന്നുമാണ് ഈസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നത്. അതേ, ദൈവസ്നേഹം അപാരമാണ്. താഴ്മയിലും മരണത്തോളമുള്ള ത്യാഗത്തിലും, ദൈവത്തില്‍നിന്നും മനുഷ്യനെ വേര്‍പെടുത്തുന്ന തിന്മയുടെ അതിര്‍ത്തികളിലേയ്ക്കാണ് മനുഷ്യപുത്രന്‍ ദൈവസ്നേഹവുമായി കടന്നുവന്നത്. ആ ദൈവസ്നേഹംതന്നെയാണ് ക്രിസ്തുവിന്‍റെ മൃതഗാത്രത്തെ രൂപാന്തരപ്പെടുത്തി, ഉയിര്‍പ്പിച്ച്, നിത്യതിയിലേയ്ക്ക് ആനയിച്ചത്.

ഉത്ഥാനാനന്തരം ക്രിസ്തു ഭൂമിയിലേയ്ക്കു മടങ്ങിയില്ല, ദൈവമഹത്വം പുല്‍കുകയായിരുന്നു. അവിടുന്ന് നമുക്കായി പ്രത്യാശയുടെ ഭാവി തുറക്കുകയായിരുന്നു. മനുഷ്യഭാവത്തിലാണ് അവിടുന്ന് സ്വര്‍ഗ്ഗീയ മഹത്വം പൂകിയത്. ഈസ്റ്ററിന്‍റെ പൊരുള്‍ ഇതാണ്: അതൊരു പുറപ്പാടാണ്. തിന്മയുടെയും പാപത്തിന്‍റെയും അടിമത്വത്തില്‍നിന്നും സ്നേഹത്തിലേയ്ക്കും നന്മയിലേയ്ക്കുമുള്ള കടന്നുപോക്കാണത്. കാരണം ദൈവം ജീവനാണ്, അവിടുന്ന് നിത്യജീവനാണ്. ദൈവിക ജീവന്‍ മനുഷ്യരില്‍ അധിവസിക്കുന്നു (ഇറനേവൂസ്, പാഷണ്ഡതകള്‍ക്കെതിരെ 4, 20, 5-7).

പ്രിയ സഹോദരരേ, ക്രിസ്തു മരിച്ച്, എന്നേയ്ക്കുമായി ഉത്ഥാനംചെയ്തു.  തിന്മയുടെ അടിമത്വത്തില്‍നിന്നും നമ്മെ നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്ന ഈ ഉത്ഥാനപ്രഭയും കടന്നുപോക്കും എല്ലാ യുഗങ്ങളിലും എക്കാലവും അനുദിന ജീവിത മേഖലകളില്‍ യാഥാര്‍ത്ഥ്യമാകേണ്ടതാണ്. എത്രയോ മരുഭൂമികളാണ് മനുഷ്യര്‍ക്ക് ഇനിയും മറികടക്കാനുള്ളത്!

സര്‍വ്വോപരി, ഹൃദയാന്തരാളത്തില്‍ ദൈവസ്നേഹമില്ലായ്മയുടെയും സഹോദരസ്നേഹമില്ലായ്മയുടെയും മരുഭൂമി വ്യാപിക്കുമ്പോള്‍ നാമാണ് ദൈവം ഭരമേല്പിച്ച സൃഷ്ടിയുടെയും, അവിടുന്ന് ലോകത്ത് വര്‍ഷിക്കുന്നതുമായ നന്മകളുടെയും സംരക്ഷകര്‍ എന്നു മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു. മരുഭൂമിയില്‍ മരുപ്പച്ച വിരിയിക്കാനും, ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ നല്കാനും ദൈവിക കാരുണ്യത്തിനു കഴിയും (എസേക്കിയ 37, 1-14).

ആകയാല്‍ പുനരുത്ഥാനത്തിന്‍റെ കൃപാസ്പര്‍ശം ഏവരും സ്വീകരിക്കണം എന്ന ക്ഷണം നമുക്ക് മുന്നോട്ടു വയ്ക്കാം. ദൈവിക കാരുണ്യത്താല്‍ നമുക്ക് നവീകൃതരാകാം. ക്രിസ്തു നമ്മെ സ്നേഹിക്കട്ടെ ! അവിടുത്തെ സ്നേഹത്തിന്‍റെ ശക്തി നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും, ദൈവം ഭൂമിയെ നനച്ച് സൃഷ്ടിയെ സംരക്ഷിക്കാന്‍ പോരുന്ന വിധത്തില്‍ സമാധാനവും നീതിയും ഈ ഭൂമുഖത്ത് സമൃദ്ധമാകട്ടെ. ആകയാല്‍ വിദ്വേഷത്തെ സ്നേഹമായും, പകയെ ക്ഷമയായും, യുദ്ധത്തെ സമാധാനമായും മാറ്റേണമേ എന്ന് മരണത്തെ ജീവനാക്കിയ ഉത്ഥിതനായ ക്രിസ്തുവിനോട് യാചിക്കാം. അതേ, ക്രിസ്തുവാണ് നമ്മുടെ സമാധാനം, അവിടുന്നിലൂടെ  ഈ ലോകത്തിലെ സകലത്തിന്‍റെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു.








All the contents on this site are copyrighted ©.