2015-04-16 19:58:00

കര്‍ദ്ദിനാള്‍ തൂച്ചി അന്തരിച്ചു പാപ്പാ അനുശോചിച്ചു


ഏപ്രില്‍ 15-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍നിന്നും റോമിലുള്ള ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ അഡോള്‍ഫ് നിക്കോളെയ്ക്ക് അയച്ച സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ റൊബേര്‍ത്തോ തൂച്ചിയുടെ നിര്യാണത്തില്‍ പാപ്പാ അനുശോചനം രേഖപ്പെടുത്തിയത്.  മൂന്നു പതിറ്റാണ്ടുകളോളം പരിശുദ്ധസിംഹാസനത്തിന് അദ്ദേഹം നല്കിയ വിലപ്പെട്ട സേവനങ്ങളെ പാപ്പാ നന്ദിയോടെ സന്ദേശത്തില്‍ അനുസ്മരിച്ചു: രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ വിദഗ്ദ്ധന്‍, വത്തിക്കാന്‍ റോഡിയോയുടെ ഡയറക്ടര്‍ ജനറല്‍, പേപ്പല്‍ വിദേശയാത്രകളുടെ സംഘാടകന്‍... എന്നീ നിലകളില്‍ ചെയ്ത സ്തുത്യര്‍ഹമായ സേവനം കര്‍ദ്ദിനാള്‍ തൂച്ചിയുടെ സന്ന്യാസ-പൗരോഹിത്യ സമര്‍പ്പണത്തിന്‍റെ മാറ്റു തെളിയിക്കുന്നതായിരുന്നുവെന്ന് പാപ്പാ വിശേഷിപ്പിച്ചു.

സുവിശേഷത്തിനും സഭയ്ക്കുംവേണ്ടി ധീരമായി ജീവിച്ച വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ മാതൃക അനുകരിച്ച് വിശ്വസ്തതയോടെ ജീവിച്ച കര്‍ദ്ദിനാള്‍ തൂച്ചിയുടെ നിര്യാണത്തില്‍ ഈശോസഭയിലെ എല്ലാ അംഗങ്ങളെയും പ്രാര്‍ത്ഥനനിറഞ്ഞ അനുശോചനം അറിയിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

94-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലാണ് വിശ്രമജീവിതം കഴിച്ചിരുന്ന ഈശോ സഭാംഗമായ കര്‍ദ്ദിനാള്‍ തൂച്ചി ഏപ്രില്‍ 14-ാം തിയതി ചൊവ്വാഴ്ച റോമില്‍ അന്തരിച്ചത്. ഈശോസഭയുടെ റോമിലുള്ള ജനറലേറ്റിനോടു ചേര്‍ന്നുള്ള കാസാ കനീസ്സിയോയിലായിരുന്നു ഇറ്റലിയിലെ നേപ്പിള്‍സ് സ്വദേശിയായ കര്‍ദ്ദിനാളിന്‍റെ അന്ത്യം.

ഏപ്രില്‍ 17-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം 3.30-ന് കര്‍ദ്ദിനാള്‍ സംഘത്തലവന്‍, ആഞ്ചലോ സഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പരേതുവേണ്ടി ദിവ്യബലി അര്‍പ്പിക്കപ്പെടും. തുടര്‍ന്ന നടത്തപ്പെടുന്ന അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വംവഹിച്ച് ആഗോളസഭയുടെ വിശ്വസ്ത സേവകനായിരുന്ന കര്‍ദ്ദിനാള്‍ തൂച്ചിയ്ക്ക് യാത്രാമൊഴിയര്‍പ്പിക്കും. 1973-ല്‍ വത്തിക്കാന്‍ റേഡിയോയുടെ ഡറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ആഗോളസഭാ സേവനരംഗത്തേയ്ക്ക് കടന്നുവന്ന റൊബേര്‍ത്തോ തൂച്ചി, പിന്നീട് 1979-മുതല്‍ 2004-വരെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വിദേശപര്യടനങ്ങളുടെ സംഘാടകനും സംവിധായകനുമായിത്തീര്‍ന്നു. വിശുദ്ധനായ പാപ്പാ വോയ്ത്തീവയുടെ ദീര്‍ഘകാല സഭാഭരണമൊക്കെയും പാപ്പായുടെ വിദേശയാത്രകളുടെയെല്ലാം ഉത്തരവാദിത്വം വഹിച്ച റൊബേര്‍ത്തോ തൂച്ചി 2001-ലാണ് കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.  ഈശോസഭയില്‍ ചേര്‍ന്നു പഠിച്ച തൂച്ചി 1950-ല്‍ പൗരോഹിത്യം സ്വീകരിച്ചു. സഭയുടെ civilta catholica കത്തോലിക്കാ സംസ്കൃതി എന്ന മാസികയുടെ പത്രാധിപരായി സേവനം ആരംഭിച്ച അദ്ദേഹം, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പണിപ്പിരയിലും, അതിന്‍റെ അല്‍മായര്‍ക്കായുള്ള കമ്മിഷനിലും സ്തുത്യര്‍ഹമായ സേവനംചെയ്തിട്ടുണ്ട്. 

കര്‍ദ്ദിനാള്‍ തൂച്ചിയുടെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 224-ലായി കുറയും. അതില്‍ 121-പേര്‍ സഭാ പ്രവര്‍ത്തനങ്ങളില്‍ വേട്ടവകാശമുള്ളവരും, ബാക്കി 102-പേര്‍ 80 വയസ്സിനു മുകളില്‍ സഭാ പ്രവര്‍ത്തനങ്ങളില്‍ വേട്ടവകാശം ഇല്ലാത്തവരുമാകുന്നു. 








All the contents on this site are copyrighted ©.