2015-04-11 18:22:00

ദൈവികകാരുണ്യത്തിന്‍റെ ഞായര്‍ ക്ഷമയുടെ അനന്തസാദ്ധ്യത


പെസഹാക്കാലം രണ്ടാം വാരത്തില്‍ ആഗോളസഭ ആചരിക്കുന്ന ദൈവികകാരുണ്യത്തിന്‍റെ സുവിശേഷ ചിന്തകളാണിന്ന്.

വിശുദ്ധ യോഹന്നാന്‍ 20, 19-31

ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹുദരെ ഭയന്ന് കതകടച്ചിരക്കെ, യേശു വന്ന് അവരുടെ മദ്ധ്യേനിന്ന് പറഞ്ഞു. നിങ്ങള‍ക്കു സമാധാനം. ഇപ്രകാരം പറഞ്ഞുകൊണ്ട് അവിടുന്ന് തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ടതില്‍ ശിഷ്യന്മാര്‍ സന്തോഷിച്ചു. ക്രിസ്തു വീണ്ടും അവരോടു പറഞ്ഞു. നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു. നിങ്ങള്‍ പരിശുദ്ധാത്മാവിനം സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നവോ അവ അവരോടും ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.

പന്ത്രണ്ടുപേരില്‍ ഒരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമാ തോമസ് ക്രിസ്തു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാര്‍ അവിടുത്തോടു പറഞ്ഞു.  ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്‍റെ വിരല്‍ ഇടുകയും, അവന്‍റെ പാര്‍ശത്തില്‍ എന്‍റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിസ്വസിക്കുകയില്ല. എട്ടു ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവിടുത്തെ ശിഷ്യന്മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. ക്രിസ്തു വന്ന് അവരുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു. നിങ്ങള‍ക്കു സമാധാനം. അവിടുന്ന് എന്നിട്ട് തോമസ്സിനോടു പറഞ്ഞു. നിന്‍റെ വിരല്‍ ഇവിടെ കൊണ്ടുവരുക. എന്‍റെ കൈകള്‍ കാണുക. നിന്‍റെ കൈ നീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു. എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ. അപ്പോള്‍ യേശു അയാളോടു പറഞ്ഞു. നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു. കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യനാന്മാര്‍.

ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടാളങ്ങളും യേശു ശിഷ്യരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്ന്തിനും വേണ്ടിയാണ്.  ഈസ്റ്റര്‍ കഴിഞ്ഞുള്ള രണ്ടമത്തെ ഞായറാഴ്ച, ആഗോളസഭ ‘ദൈവികകാരുണ്യത്തിന്‍റെ ദിനമായി ആചരിക്കുന്നു. ആംഗ്ലിക്കന്‍ സഭയിലും  ഈ തിരുനാള്‍ ആചരിക്കുന്നുണ്ട്. പോളണ്ടിലെ വിശുദ്ധ ഫൗസ്തീന കൊവാല്‍സ്ക്കാണ് ദൈവികകാരുണ്യത്തിന്‍റെ ഭക്തിയുടെ പ്രായോക്താവ്. വിശുദ്ധയ്‍ക്കു ക്രിസ്തു നല്കിയ ദൈവക്കരുണയുടെ ദര്‍ശനം ലോകത്ത് പ്രചരിച്ചതാണ് സഭയിലെ ഈ സവിശേഷഭക്തിയും, ദൈവികകാരുണ്യത്തിന്‍റെ ഞായര്‍ ആഘോഷവും എന്നു പറയാം. 

ഫൗസ്തീനാ കൊവാല്‍സ്ക്കിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയത് 2000-മാണ്ട് മഹാജൂബിലി വര്‍ഷത്തിലെ പെസഹാക്കാലത്തെ രണ്ടാം ഞായറാഴ്ച പുണ്യാത്മാവായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായായിരുന്നു. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന രണ്ടാം ഞായര്‍ ദൈവികകാരുണ്യത്തിന്‍റെ ദിനമായി ആഗോളസഭയില്‍ ആചരിക്കണമെന്ന് അന്നുതന്നെ തിരുക്കര്‍മ്മങ്ങളുടെ അന്ത്യത്തില്‍ വിശുദ്ധനായ പാപ്പാ വോയ്ത്തീവ പ്രഖ്യാപിക്കുകയുണ്ടായി. ദൈവത്തിന്‍റെ കരുണയിലേയ്ക്കു തിരിയാതെ മനുഷ്യകുലം യഥാര്‍ത്ഥമായ സന്തോഷമോ സമാധാനമോ അനുഭവിക്കുകയില്ല,’ എന്നതാണ് ഈ തിരുനാളിന്‍റെ അടിസ്ഥാന സന്ദേശം. 

സുവിശേഷ കാരുണ്യം ഇന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെയും പ്രബോധനങ്ങളുടെ മുഖരേഖയാണ്. മാര്‍ച്ച് 13-ാം തിയതി പാപ്പാ പ്രഖ്യാപിച്ച വിശുദ്ധവത്സരവും നാം ആചരിക്കുന്ന ദൈവിക കാരുണ്യത്തിന്‍റെ തിരുനാളുമായി ഏറെ ഇണങ്ങിച്ചേരുന്നതാണ്. ദൈവത്തിന്‍റെ കൃപാസ്പര്‍ശം പകര്‍ന്നുനല്കുന്ന വാക്കാണ് ‘കാരുണ്യം’ അങ്ങനെ ദൈവിക കാരുണ്യത്തിന്‍റെ സദ്ഫലങ്ങള്‍ വിശുദ്ധവത്സരത്തില്‍ കൊയ്തെടുത്തുകൊണ്ട്, സുവിശേഷ കാരുണ്യം അനുദിന ജീവിതത്തില്‍ സഹോദരങ്ങളുമായി പങ്കുവയ്ക്കണമെന്നതാണ് വിശുദ്ധവത്സരംകൊണ്ട് സഭ ലക്ഷൃമിടുന്നത്.

കാരുണ്യം കൃപയുടെ അടയാളമാണ്. ദൈവം കാരുണ്യവാനാണ്.  അവിടുന്ന് മനുഷ്യരോട് എന്നും കരുണകാണിക്കുന്നു. വിശുദ്ധവത്സരം പ്രഖ്യാപിച്ചുകൊണ്ട് മനുഷ്യജീവിതത്തില്‍ ദൈവത്തിന്‍റെ അന്യൂനവും പരമവും പ്രഥമവുമായ സ്ഥാനം സഭ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.  പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങള്‍ അധികവും ദൈവികകാരുണ്യത്തെ കേന്ദ്രീകരിച്ചാകയാല്‍ മനുഷ്യന്‍റെ പാപാവസ്ഥയെ അവഗണിക്കുന്ന നിലപാടാണിതെന്നും, അത് സഭയില്‍ ‘ലിബറലിസ’ത്തിന്‍റെ ലാഘവമനഃസ്ഥിതി കൊണ്ടുവരുമെന്നും നെറ്റിചുളിച്ച് പ്രസ്താവിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ അതു ശരിയല്ല. സുവിശേഷ കാരുണ്യം വ്യക്തമാക്കുന്നത് തിന്മയെ നന്മകൊണ്ട് കീഴടക്കാമെന്നും, പാപി മാനസാന്തരപ്പെട്ട് അനുതാപത്തിലൂടെയും അനുരജ്ഞനത്തിലൂടെയും രക്ഷപ്രാപിക്കും എന്നുമാണ്.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച അനിതരസാധാരണമായ വിശുദ്ധവത്സരം, the extraordinary Holy Year രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുകൂടെയാണ് യാഥാര്‍ത്ഥ്യമാകുന്നത് എന്നതും ശ്രദ്ധേയമാണ്. കൗണ്‍സിലിനുശേഷമുള്ള സഭയാണ് ചരിത്രത്തില്‍ ദൈവികകാരുണ്യത്തിന്‍റെ ദര്‍ശനവും പ്രബോധനങ്ങളുമായി ആധുനിക യുഗത്തിലേയ്ക്കു ഇറങ്ങിപ്പുറപ്പെട്ടത്. ഉദാഹരണത്തിന് മാരകമായ പാപം ചെയ്തവരെ anatama sit… കുറ്റംചുമത്തി പുറത്താക്കുന്ന നീതിയും രീതിയും സഭയില്‍ നിലനിന്നിരുന്നു. മഹറോന്‍ ചൊല്ലിയും, തെമ്മാടിക്കുഴി കല്പിച്ചും സഭ പാപികളെ ശിക്ഷിച്ചിരുന്ന മാനുഷികമായ രീതി മാറ്റിമറിച്ചത് രണ്ടാം വത്തിക്കാന്‍ സൂനഹദോസാണ്. ആധുനികയുഗത്തില്‍ ദൈവികകാരുണ്യത്തിന്‍റെ, ദേവക്കരുണയുടെ വെളിപ്പെടലായിരുന്നു അത്. ബലഹീനനും പാപിയുമായ മനുഷ്യന്‍ അനുതപിച്ച് ദൈവികകാരുണ്യം തേടുമ്പോള്‍, തുടര്‍ന്നും ജീവിക്കുവാനുള്ള കരുത്തും പ്രത്യാശയും മനുഷ്യര്‍ക്കു ലഭിക്കുന്ന ഘടകമാണ് ദൈവികകാരുണ്യം! 2015 ഡിസംബര്‍ 8 അമലോത്ഭവത്തിരുനാള്‍ മുതല്‍ 2016 നവംബര്‍ 24-ാം തിയതി ക്രിസ്തുരാജന്‍റെ തിരുനാള്‍ വരെയാണ് ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നത്തെ സുവിശേഷത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഗുരുവിന്‍റെ മരണത്തെതുടര്‍ന്ന് ഭവവിഹ്വലരായിരുന്ന അപ്പസ്തോലന്മാരുടെ പക്കലേയ്ക്ക് ഉത്ഥിതന്‍ കടന്നുവരുന്ന രംഗമാണ്. സ്നേഹമില്ലാത്തിടത്താണ് ഭീതി വളരുന്നത്. ഭയമുള്ളിടത്ത് വിശ്വാസം തളരുന്നു. ദൈവത്തിലും സഹോദരങ്ങളിലും വിശ്വാസമില്ലതാകുന്നു. പിന്നെ അയാള്‍ തന്നിലേയ്ക്കുതന്നെ തിരിയുന്നു. വളരെ അപകടകരമായ മാനസികാവസ്ഥയാണിത് – sinking into oneself. എന്നാല്‍ ക്രിസ്തു അവര്‍ക്ക് ദൈവാരൂപിയുടെ സ്നേഹശക്തി നല്കുന്നു. അവരുടെമേല്‍ ഊതിക്കൊണ്ട് അവരെ ഭയത്തില്‍നിന്നും, ധൈര്യത്തിലേയ്ക്കും, സന്തോഷത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കുന്നു. എന്നാല്‍ ദിദീമോസ് എന്നറിയപ്പെട്ട തോമസ് അവിടെ ഇല്ലായിരുന്നു. തെളിവുകളൊന്നുമില്ലാതെ, താന്‍ ഉത്ഥിതനെ കാണാതെ വിശ്വസിക്കുകയില്ല, എന്നായിരുന്നു. എല്ലാവരെയും വിശ്വസിച്ച ക്രിസ്തുവിനെക്കുറിച്ച് തോമസ് പറഞ്ഞത്. അവിടുത്തെ കാണുകയും, അവിടുത്തെ മുറികള്‍ സ്പര്‍ശിച്ചു നോക്കാതെ ഉത്ഥിതനില്‍ വിശ്വസിക്കുയില്ലെന്ന്. തെളിവുകള്‍ നല്കിയാലും പിന്നെയും വിശ്വസിക്കാത്തവരുടെ പ്രതിനിധിയാണ് തോമസ്. ഉത്ഥിതനെ കണ്ടവര്‍ അവിടുത്തെ ആരാധിച്ചു, ചിലര്‍ സംശയിച്ചു (മത്തായി 13, 1). അപ്പോള്‍ ആരാധനയും സംശയവും, അവിശ്വാസവും മനുഷ്യന്‍റെ കൂടപ്പിറപ്പുകളാണ്. ഇന്നത്തെ സുവിശേഷം വരച്ചുകാട്ടുന്ന തോമാസ്ലീഹായുടെ വീമ്പിളക്കല്‍ കേട്ടാല്‍ അവിശ്വാസത്തിന്‍റെ വിജയംപോലെ തോന്നിയേക്കാം. എന്നാല്‍ ക്രിസ്തുസ്നേഹത്തിന്‍റെ മുമ്പില്‍ അയാള്‍ മുട്ടുമടക്കുന്നു. തോമസിന്‍റെ പിടിവാശിക്കു മുന്നില്‍ ക്രിസ്തു തോറ്റുകൊടുക്കുന്നു, സ്നേഹകൊണ്ട് അയാളെ കീഴടക്കുന്നു. ഉത്ഥിതന്‍റെ സ്നേഹത്തിനു മുന്നില്‍ തോമസ് രാജിവയ്ക്കുന്നു. ‘എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ...’ എന്ന ഉദ്ഘോഷം കണ്ടുനിന്ന, കേട്ടുനിന്ന യോഹന്നാനും മറ്റു ശിഷ്യന്മാരമായിരിക്കണം അത് രേഖപ്പെടുത്തിയിരിക്കുന്നത്. തോമാശ്ലീഹായുടെ ആത്മാര്‍ത്ഥമായ അനുതാപത്തിന്‍റെയും സ്നേഹത്തിന്‍റെയും രോദനമാണത് – എന്‍റെ കര്‍ത്തവേ, എന്‍റെ ദൈവമേ.....!

വ്യക്തിയോടുള്ള സമീപനത്തില്‍ ഉപരിപ്ലവമായതില്‍ കുടുങ്ങിപ്പോകാതെ അതിനപ്പുറവും ഹൃദയതലങ്ങളിലേയ്ക്ക് ഇറങ്ങിച്ച‍െല്ലുവാന്‍ ക്രിസ്തുസ്നേഹം നമ്മെ നിര്‍ബന്ധിക്കുന്നു. പുറം കാഴ്ചകള്‍ക്കപ്പുറം ഹൃദയാന്തരാളത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനും, ക്ഷമിക്കുന്നതില്‍ ഉദാരമനസ്കരായിരിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രിസ്തുശിഷ്യന്മാര്‍, ക്രൈസ്തവര്‍, എന്ന് ഇന്നത്തെ തിരുനാള്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവത്തിന്‍റ‍െ കരുണയില്‍നിന്നും ആരും ഒഴിവാക്കപ്പെടുന്നില്ല. പക്ഷേ അതിലേക്കുള്ള വഴി ആര്‍ക്കായും കൊട്ടിയടയ്ക്കാതെ സകലരെയും ആശ്ലേഷിക്കുന്ന അമ്മയാണ്, മാതാവാണ് സഭ. സഭ ഭവനമാണ്. മലര്‍ക്കേ തുറന്നുകിടക്കുന്ന അതിന്‍റ‍ വാതിലുകളിലൂടെ കൃപയുടെയും കരുണയുടെയും സ്പര്‍ശം സകലരിലും എത്തിച്ചേരണം. പാപം എത്ര കഠിനമായാലും അനുതപിക്കുന്ന പാപിയോട് സഭ ഗാഢമായ സ്നേഹം പ്രകടമാക്കണം.

ദൈവികകാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാക്ഷൃമേകുവാനുള്ള അനന്തമായ സാദ്ധ്യത സഭയ്ക്കുണ്ട്. അത് അനുതാപത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന ആത്മീയയാത്രയാണ്. ദൈവം തരുന്ന പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ദൈവിക കാരുണ്യത്തിന്‍റെ അനിതരസാധാരണമായ വിശുദ്ധവത്സരം (Extraordinary Jubilee of Divine Mercy)  പ്രഖ്യാപിക്കുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുകയുണ്ടായി. അതിനാല്‍ ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തെ കേന്ദ്രീകരിച്ചാണ് ഈ ജൂബിലി ആചരണം. ഇത് കാരുണ്യത്തിന്‍റെ വര്‍ഷമായിരിക്കട്ടെ. ‘ദൈവം കരുണയുള്ളവന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ (ലൂക്ക 6, 36) എന്ന ക്രിസ്തുവിന്‍റെ വചനപ്രഭയില്‍ നമുക്ക് ജീവിക്കാം. കാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥാ നമ്മുടെ ജീവിതപാത തെളിയിക്കട്ടെ, നമ്മെ നയിക്കട്ടെ...








All the contents on this site are copyrighted ©.