2015-04-04 14:14:00

ഇതാ, മനുഷ്യന്‍! ദുഃഖവെള്ളിയുടെ ധ്യാനചിന്ത


വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഏപ്രില്‍ 3-ാം തിയതി വൈകുന്നേരം 5 മണിക്കാണ് ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ നടന്നത്. വചന പാരായണം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം എന്നിവയ്ക്ക് പാപ്പാ ഫ്രാന്‍സിസാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.  പേപ്പല്‍ വസതിയുടെ പ്രബോധനകന്‍ - ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍, റൈനെരോ കന്തലമേസ്സാ വചനചിന്തകള്‍ പങ്കുവച്ചു.  

പീലാത്തോസ് എന്ന റോമന്‍ ഗവര്‍ണരുടെ വിഖ്യാതമായ ലത്തീന്‍ ഭാഷയിലുള്ള പ്രസ്താവം ‘ഇതാ, മനുഷ്യന്‍!’ Ecce Homo! ഉദ്ധരിച്ചുകൊണ്ടാണ് ഫാദര്‍ കന്തലമേസ്സാ ദുഃഖവെള്ളിയുടെ പ്രഭാഷണത്തിന് തുടക്കംകുറിച്ചത് (യോഹ. 19, 1-3, 5). മുള്‍മുടി ശിരസ്സില്‍ അണിഞ്ഞ്, ദേഹത്ത് മുറിവുകളുമായി, രക്തം വാര്‍ന്നൊലിച്ച്, വിവസ്ത്രനായി, കൈയ്യില്‍ ഞാങ്കണയുമായി, അപമാനിതനായി പീലാത്തോസിന്‍റെ മുന്നില്‍ നില്കുന്ന ക്രിസ്തുവിന്‍റെ ചിത്രം (മാര്‍ക്ക് 15, 16-20) പ്രസിദ്ധനായ ഫ്ലെമിഷ് ചിത്രകാരന്‍ ജോണ്‍ മൊസ്റ്റേര്‍ട്ടിന്‍റെ സൃഷ്ടി ഫാദര്‍ കന്തലമേസ്സാ വാക്കുകളില്‍ വരച്ചുകാട്ടി. ഒരു മനുഷ്യന്‍ അങ്ങനെ എത്രത്തോളം തരംതാഴ്ത്തപ്പെടാം, അപമാനിതനാക്കപ്പെടാം, കെല്പില്ലാത്തവനാക്കപ്പെടാം, നിസ്സഹായാവസ്ഥയില്‍ എത്തിപ്പെടാം എന്നതിന്‍റെ പ്രതിരൂപമായി മാറി ക്രിസ്തു!

ക്രിസ്തുവിന്‍റെ പീഡാനുഭവം യുഗാന്ത്യംവരെ തുടരും അത് അവിടുത്തെ അനുഗമിക്കുന്ന ഓരോ ക്രൈസ്തവനിലുമായിരിക്കും യാഥാര്‍ത്ഥ്യമാകുന്നത് എന്ന ഫ്രഞ്ച് താത്വികന്‍, ബ്ലെയിസ് പാസ്കാളിന്‍റെ താത്വികചിന്ത പീഡാനുഭവ ധ്യാനത്തില്‍ ഫാദര്‍ കന്തലമേസാ കൂട്ടിച്ചേര്‍ത്തു. ‘എന്‍റെ എളിയവര്‍ക്കായ് ചെയ്തതെല്ലാം ദൈവത്തിനു തന്നെയാണ് ചെയ്തെന്ന’ വചനം ഉദ്ധരിച്ചുകൊണ്ട് ഫാദര്‍ കന്തലമേസ തന്‍റെ ചിന്തകള്‍ക്ക് ചിറകുകളേകി. ക്രിസ്തുവിന്‍റെ മൗതിക ദേഹമായ സഭയുടെ സഹനത്തെക്കുറിച്ചും ഈ ചിന്തകള്‍ കൂട്ടിയിണക്കാവുന്നതാണ്. അതുവഴി ലോകത്തുള്ള ഓരോ സ്ത്രീയിലും പുരുഷനിലും ലോകാന്ത്യംവരെ ക്രിസ്തു പീഡിപ്പിക്കപ്പെടും.

ചൂറ്റും കാണുന്ന പീഡനങ്ങള്‍ - ദാരിദ്യം, വിശപ്പ്, അനീതി, പാവങ്ങളുടെ ചൂഷണം എന്നിവ ലോകത്തിന്‍റെ ഭാഗധേയമാണ്. ആവര്‍ത്തിച്ചുള്ള പരാമര്‍ശത്തിലൂടെ ഇന്ന് ഈ മനുഷിക യാതനകള്‍ മനുഷ്യരില്‍നിന്നും അടര്‍ത്തി മാറ്റപ്പെട്ട അമൂര്‍ത്ത രൂപങ്ങളുടെ മറ്റൊരു തരമോ, തലമോ ആയി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മാനുഷ്യയാതനകളെ നിര്‍വികാരമായി കാണുകയും കേള്‍ക്കുകയും വായിച്ചു തള്ളുകയും ചെയ്യുന്നൊരു ഹൃദയകാഠിന്യത്തിന്‍റെ വൈകാരിക തലത്തിലേയ്ക്ക് സമൂഹവും വ്യക്തികളും നീങ്ങുന്നുമുണ്ട്.

ഇതാ, മനുഷ്യന്‍.... എന്നു പറയാവുന്ന മനുഷ്യയാതനകളുടെയും പീഡനങ്ങളുടെയും അധര്‍മ്മത്തിന്‍റെയും എത്രയെത്ര പേക്കോലങ്ങളാണ് ഇന്ന് പീലാത്തോസിനെപ്പോലെ ന്യായപീഠങ്ങളുടെ മുന്‍പില്‍, അധികാരികളുടെ മുന്നില്‍, പട്ടാളക്കാരുടെ മുന്നില്‍, ഭീകരരുടെ മുന്നില്‍, എന്തിന് മനുഷ്യമനഃസാക്ഷിയുടെ മുന്നില്‍ നില്ക്കുന്നത്. അധര്‍മ്മങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവരുടെയും പീഡിതരുടെയും അവസ്ഥയില്‍ മാത്രമല്ല, ഇന്ന് നവയുഗത്തിലെ പരിഷ്കൃത സമൂഹത്തിന്‍റെയും മനുഷ്യരുടെയും (homo sapiens) പരിണാമത്തില്‍ ‘ദൈവത്തിന്‍റെ മരണം’വരെ എത്തിനില്ക്കുകയാണ്. (1).

മനുഷ്യക്കുരുതിയുടെ കരുക്കളായിരിക്കുന്നത് ഇന്ന് ലോകത്തെ പല രാജ്യങ്ങളിലും ക്രൈസ്തവരാണ്. എങ്കിലും, അവര്‍ മാത്രമല്ലെന്നും മനസ്സിലാക്കിയിരിക്കേണ്ടതാണ്. സൊമാലിയിലെ ജിഹാദികള്‍ 147 ക്രൈസ്തവയുവാക്കളെ കേനിയയില്‍ വധിച്ചതിന്‍റെ വാര്‍ത്ത നാം കേട്ടതേയുള്ളൂ ( massacre of Garissa University in Kenya by the Al-Shabiba – 2 April 2015).  ‘നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുയാണ് എന്നു ചിന്തിക്കുന്ന സമയം വരുന്നു,’ എന്നത് ക്രിസ്തുവിന്‍റെ വാക്കുകളാണ് (യോഹ. 16, 2). ഈ വചനത്തിന് ഇന്നത്തേതുപോലെ പ്രസക്തിയും പ്രാധാന്യവും മറ്റൊരു കാലത്തും ഉണ്ടായിട്ടില്ല.

മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച സഭാ പിതാവായ അലക്സാണ്ട്രിയയിലെ വിശുദ്ധ ഡൈനേഷ്യസിന്‍റെ ചിന്തകള്‍ ഇന്നും പ്രസക്തമാണ്. ക്രൈസ്തവര്‍ കൊലപാതകികളാലും പീഡിതരാലും എന്നും വലയംചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ എവിടെല്ലാം അവര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ, അവിടെല്ലാം അവര്‍ ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണു ചെയ്തിട്ടുള്ളത്. പീഡനരംഗങ്ങള്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ ആഘോഷവേദികളാക്കി മാറ്റുന്നവരാണ് രക്തസാക്ഷികള്‍. ക്രിസ്തുവിനുശേഷം 2015 ആണ്ടുകള്‍ കഴിഞ്ഞിട്ടും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതാണ് സംഭവിക്കുന്നത് – ക്രൈസ്തവ സമൂഹങ്ങള്‍ ഉത്ഥിതനെ പ്രഘോഷിക്കുന്ന ത്യാഗവേദികളായി മാറുകയാണ്! മറ്റൊരു വശത്ത് ലോകത്ത് നടമാടുന്ന ക്രൈസ്തവ പീഡനത്തോട് നിസംഗതപുലര്‍ത്തുന്ന ആഗോള പ്രസ്ഥാനങ്ങളും, പൊതുമാധ്യമങ്ങളും രാഷ്ട്രങ്ങളും പീലാത്തോസിനെപ്പോലെ നീതിക്കും സത്യത്തിനും മുന്നില്‍ കൈകഴുകുന്നവരാണ്.

‘പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല’ (ലൂക്കാ 23, 34) എന്നത് ക്രിസ്തുവിന്‍റെ കുരിശിലെ രോദനമാണ്. അവിടുന്ന് ഉറക്കെ നിലവിളിച്ചെന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചുറ്റുംനിന്നവര്‍ കേള്‍ക്കെയും, ലോകം കേള്‍ക്കെയുമായിരുന്നു ആ നിലവിളി. അന്ത്യവിനാഴികയില്‍ പുത്രന്‍റെ സ്ഥാനത്തുനിന്നുള്ള ആ കരിച്ചിലും പ്രാര്‍ത്ഥനയുമാണ് കുരിശിലെ  കേള്‍ക്കുന്നത്. ‘പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടു ക്ഷമിക്കണമേ’ (ലൂക്കാ 11, 42). പുത്രന്‍റെ യാചനകള്‍ എന്നും ശ്രവിച്ചിട്ടുള്ള  ദൈവപിതാവ് അവസാന പ്രാര്‍ത്ഥനയും തീര്‍ച്ചയായും ശ്രവിച്ചു കാണും. ഒപ്പം ദൈവിക സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും അപാരതയുമാണ് ഇവിടെ ക്രിസ്തുവിന്‍റെ കുരിശും, കുരിശിലെ മൊഴികളും വെളിപ്പെടുത്തുന്നത്. ശത്രുക്കളോടുപോലും പ്രകടമാക്കുന്ന അതിരുകളില്ലാത്ത ദൈവിക കാരുണ്യം അവിടുത്തെ മഹത്വം വെളിപ്പെടുത്തുന്നു. കുശാഗ്ര ബുദ്ധിയോടും വെറുപ്പോടുംകൂടെ അവര്‍ ക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോഴും അജ്ഞതയുടെ അന്ധതയാണ് അവരെ നയിച്ചത്. അവര്‍ ചെയ്തതെന്തെന്ന് അവര്‍ അറിഞ്ഞില്ല. നീതിമാനെയാണ്, ദൈവപുത്രനെയാണ് ക്രൂശിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. തന്നോടു കാണിച്ച അതിക്രമങ്ങള്‍ പ്രതിരോധനമോ പ്രതികാരമോ ആയി പിതാവിന്‍റെ മുന്നിലെത്തിക്കാതെ, ക്ഷമയുടെയും ക്ഷമിക്കുന്ന സ്നേഹത്തിന്‍റെയും ഉദാരതയായിട്ടാണ് ക്രിസ്തു കുരിശില്‍ക്കിടന്നുകൊണ്ട് തന്നെത്തന്നെ പിതാവിനു സമര്‍പ്പിക്കുന്നത്.

അനന്തമായ ഉദാരതയുടെ മാതൃകയാണ് ക്രിസ്തു കുരിശില്‍ക്കിടന്നുകൊണ്ട് ശിഷ്യന്മാരെ പഠിപ്പിച്ചത്. പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക (മത്തായി 5, 44). എന്ന ജീവിത സൂക്തം ഇതാ, മരണസമയത്തും അവിടുന്ന് ആവര്‍ത്തിക്കുന്നു. പീഡിപ്പിക്കുന്നവരോടും ശത്രുക്കളോടും എതിര്‍പ്പിന്‍റെയും വൈരാഗ്യത്തിന്‍റെയും മനഃസ്ഥിതി കാണിക്കുന്നതിനു പകരം നിയതവും ക്രിയാത്മകവുമായ തുറവും നല്ലമനസ്സുമാണ് അവിടുന്നു പ്രകടമാക്കിയത്. ക്ഷമയും കാരുണ്യവും ദൈവിക വിധിയെയും, ശിക്ഷയെയും മറികടക്കുന്നതാണ്. എന്നാല്‍ സത്യം മറച്ചുവയ്ക്കാത്ത ഉപവിയാണ് ക്രിസ്തു പഠിപ്പിക്കുന്നത്. സത്യം ഒളിച്ചുവയ്ക്കുന്ന സ്നേഹം ലോകത്ത് അധര്‍മ്മം വളര്‍ത്തും. അസാദ്ധ്യമായ കാര്യമാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നതെന്നു തോന്നിപ്പോകും. ക്ഷമിക്കുവാനുള്ള കല്പന ക്രിസതു പഠിപ്പിക്കുക മാത്രമല്ല, അതു ജീവിച്ചു കാണിക്കുകയും, ക്ഷമിക്കുവാനുള്ള കൃപ നമുക്കായി കുരിശുയാഗത്തിലൂടെ നേടിത്തരുകയും ചെയ്യുന്നു. അങ്ങനെ ദൈവിക കാരുണ്യത്തിന്‍റെ നിര്‍ഝരിയാണ് കുരിശില്‍നിന്നും നിര്‍ഗ്ഗളിക്കുന്നത്.

കുരിശില്‍ നാം കാണുന്നത് ‘വിജയിയായ കുറ്റവാളി’യെയാണ്. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു (ജോണ്‍ 16, 33). തിന്മയെ കീഴടിക്കിക്കൊണ്ടാണ് ക്രിസ്തു ലോകത്തെ കീഴടക്കിയത്. ഇത് ലോകത്തിന്‍റെ വിധി സമയമാണെന്ന് കുരിശില്‍ക്കിടന്നുകൊണ്ട് അവിടുന്ന് പ്രസ്താവിക്കുന്നുണ്ട് (യോഹ. 12, 31). ഇയാള്‍ സത്യമായും ദൈവപുത്രനാണെന്ന ശതാധിപന്‍റെ പ്രഖ്യാപനം (മാര്‍ക്കോസ് 15, 39) ക്രിസ്തുവിനെക്കുറിച്ച് തീര്‍ച്ചയായും സൈന്ന്യാധിപന്‍റെ അധരങ്ങളില്‍നിന്നും ഉയര്‍ന്ന വിജയഭേരിയാണെന്നു പറയാം.

ലോകത്തില്‍ നാം കാണുന്ന അതിക്രമങ്ങള്‍ ഇന്ന് നമ്മെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അനീതിയും അതിക്രമങ്ങളും അഴിമതിയുമാണ് ചുറ്റും നാം കാണുന്നത്. ദൈവത്തിന്‍റെ പേരില്‍ നിര്‍ദ്ദോഷികളെ കൊല്ലാമോ എന്നു നാം ചിന്തിച്ചുപോകും. എന്നാല്‍ പഴയ നിയമത്തില്‍, മോശയുടെ കാലത്തും നാം അതിക്രമങ്ങള്‍ കാണുന്നുണ്ട്. മനുഷ്യന്‍റെ ഹൃദയകാഠിന്യം കൊണ്ടാണ് മോശ നിയമങ്ങളില്‍ ഇളവു വരുത്തിയതെന്ന് നാം വായിക്കുന്നു (മത്തായി 19, 8).  

മനുഷ്യന്‍റെ ഹൃദയകാഠിന്യമാണ് ഇന്നും ലോകത്ത് അധര്‍മ്മത്തിന് വഴിയൊരുക്കുന്നതും, മനുഷ്യര്‍ മനുഷ്യരെ കീറിമുറിക്കുവാന്‍ ഇടയാക്കുന്നതും. പൗലോസ് അപ്പസ്തോലന്‍ പരാമര്‍ശിക്കുന്ന ദൈവത്തിന്‍റെ നീതീകരണത്തിലൂടെ ക്രിസ്തുവില്‍ ലോകം നവീകരിക്കപ്പെടുകയും, നവസൃഷ്ടിയായി രൂപാന്തരപ്പെടുകയും, പുനഃപ്രതിഷ്ടിക്കപ്പെടുകയും ചെയ്യും. ‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്,’ എന്ന പഴയ സൂക്തത്തെ ക്രിസ്തു മാറ്റിമറിക്കുന്നു. അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക, എന്ന പഴയ കല്പനയാണ് ക്രിസ്തു നവീകരിച്ചു നല്കിയത് - ശത്രുവിനെ സ്നേഹിക്കുക, വിദ്വേഷിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത് (മത്തായി 5, 38-39, 43-44). അങ്ങനെ അതിക്രമങ്ങളോട് നിശ്ചയദാര്‍ഢ്യമുള്ള വിപരീതാത്മകമായ പ്രതികരണവും നിലപാടും ക്രിസ്തു പ്രബോധിപ്പിക്കുന്നു. അതിക്രമം അഹിംസ മാത്രമല്ല, സ്നേഹമില്ലായ്മയും, ക്ഷമിക്കുവാനുള്ള കഴിവില്ലായ്മയുമാണ്. അങ്ങനെയുള്ള ഇന്നത്തെ പരിഷ്കൃതമെന്നും മതമൗലികമെന്നും ചിന്തിക്കുന്ന സമൂഹ്യമനഃസാക്ഷിയെ മൂടിവയ്ക്കുന്ന അതിക്രമത്തിന്‍റെയും അധര്‍മ്മത്തിന്‍റെയും മേലങ്കി മനുഷ്യര്‍ ദൈവത്തെ ധരിപ്പിക്കുകയാണു ചെയ്യുന്നത്.

യഥാര്‍ത്ഥ രക്തസാക്ഷി വിപ്ലവാത്മകമായി മുഷ്ടിചുരുട്ടിയ കരമുയര്‍ത്തുന്നവരല്ല. മറിച്ച് പ്രാര്‍ത്ഥനയിലും ക്ഷമയിലും സ്നേഹത്തിലും വിനയഭാവത്തിലും ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയര്‍ത്തുന്നവരാണ്. ഫെബ്രുവരി 22, 2015-ല്‍  ക്രൈസ്തവരായതുകൊണ്ടു മാത്രം ഇസ്ലാമിക ത്രീവ്രവാദികളുടെ കൈയ്കളില്‍ (Isis) ശിരച്ഛേദനംചെയ്യപ്പെട്ട 21 കോപ്റ്റിക് ക്രൈസ്തവര്‍ കൂപ്പുകരങ്ങളുമായി ക്രിസ്തുനാമം വിളിച്ചുകൊണ്ടാണ് ജീവന്‍ സമര്‍പ്പിച്ചത്. ഇതാ, മനുഷ്യന്‍, ഇതാ, മനുഷ്യര്‍! തിന്മയെ നന്മകൊണ്ടു നമുക്കും നേരിടാം. തന്‍റെ അനുസരണയും വിശ്വാസവും, പ്രത്യാശയും എരിയുന്ന സ്നേഹതീക്ഷ്ണതയും കുരിശോളം തന്‍റെ തിരുക്കുമാരന് കൂട്ടായി സൂക്ഷിച്ച പരിശുദ്ധ കന്യകാ മറിയം നമുക്ക് പ്രചോദനമാകട്ടെ, മാതൃകയാവട്ടെ, ആ മാകതൃസ്നേഹം ലോകത്തെ സമാധാനത്തിലേയ്ക്കും ദൈവിക കാരുണ്യത്തിലേയ്ക്കും നയിക്കട്ടെ!








All the contents on this site are copyrighted ©.