2015-04-01 16:34:00

വൈദികന്‍ അധികാരിയല്ല അജപാലകനെന്ന വീക്ഷണം


വൈദികരെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ കാഴ്ചപ്പാട് മൗലികമാണെന്ന്, വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ബെനിയാമീനോ സ്തേലാ പ്രസ്താവിച്ചു. വൈദികരുടെ ആത്മീയതയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ദര്‍ശനം,  എന്ന വിഷയത്തെ ആധാരമാക്കി മാര്‍ച്ച് 31-ാം തിയിത ചൊവ്വാഴ്ച ഇറ്റലിയിലെ ഫ്ലോറന്‍സില്‍ വൈദികരുടെ കൂട്ടായ്മയ്ക്കു നല്കിയ പ്രഭാഷണത്തിലാണ് കാര്‍ദ്ദിനാള്‍ സ്തേലാ വൈദികരുടെ ആത്മീയതയെക്കുറിച്ചുള്ള പാപ്പായുടെ വളരെ മൗലികമായ വീക്ഷണം പങ്കുവച്ചത്.

വൈദികന്‍ അധികാരിയല്ല, അജപാലകനാണെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമവും പ്രധാനവുമായ വീക്ഷണമാണ്. നല്ലയിടയാനായ ക്രിസ്തുവിനെ അനുകരിച്ച്, ആടുകളെ നയിക്കുവാനും, മേയിക്കുവാനും, അവയില്‍ വഴിതെറ്റിയതിനെ തേടി ഇറങ്ങുകയുംചെയ്യുന്ന വശ്യാത്മകവും ലളിതവുമായ വൈദികജീവിതമാണ് പാപ്പാ ഫ്രാന്‍സിസ് വിഭാവനം ചെയ്യുന്നതെന്ന് കാര്‍ദ്ദിനാള്‍ സ്തേല വിശദീകരിച്ചു.

വൈദികരെ സഭ ഏല്പിക്കുന്നത് അധികാരമല്ല, മറിച്ച് വ്യക്തികളുടെ ആത്മീയ ഉത്തരവാദിത്വമാണെന്നും, സ്വന്തം ജീവിത മാതൃകകൊണ്ടും, പ്രബോധനങ്ങള്‍കൊണ്ടും, ക്രിസ്തുവിനെ അനുകരിക്കുന്ന അജപാലന സ്നേഹംകൊണ്ടുമാണ് അത് സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയും ഫ്രലമണിയിക്കുകയും ചെയ്യേണ്ടതെന്ന് കര്‍ദ്ദിനാള്‍ സ്തേലാ വ്യക്തിമാക്കി. ജനമദ്ധ്യത്തിലേയ്ക്കും തെരുവുകളിലേയ്ക്കും ഇറങ്ങിച്ചെന്ന് ജോലി ചെയ്യുമ്പോള്‍ വസ്ത്രത്തില്‍ അഴുക്കുപറ്റിയ അവസ്ഥയാണ്, അഴുക്കു പറ്റാതെ അകത്തിരുന്നു ഭരിക്കുന്ന അധികാരിയുടെ വേഷത്തിലും ഭേദമെന്ന് പാപ്പാ ഉപമിക്കുമ്പോള്‍ അത് സുവിശേഷത്തില്‍ ക്രിസ്തു വരച്ചുകാട്ടുന്ന ജീവാര്‍പ്പണം ചെയ്യുന്ന നല്ലിടയരൂപമാണെന്നും കര്‍ദ്ദിനാള്‍ സ്തേലാ സമര്‍ത്ഥിച്ചു.  

അങ്ങനെ വളരെ ക്രിയാത്മകവും അസന്ദിഗ്ദ്ധവുമായ വൈദിക ജീവിതത്തിന്‍റെ അത്മീയതയാണ് പാപ്പാ ഫ്രാന്‍സിസ്, തന്‍റെ തന്നെ ജീവിതംകൊണ്ടും, നിരന്തരമായ പ്രബോധനങ്ങളിലൂടെയും വെളിപ്പെടുത്തുന്നതും പഠിപ്പിക്കുന്നതുമെന്നും, അത് തീര്‍ച്ചയായും ഇന്നത്തെ വൈദിക ലോകത്തിനുള്ള വെല്ലുവിളിയാണെന്നും കര്‍ദ്ദിനാള്‍ സ്തേലാ പ്രസ്താവിച്ചു.

 








All the contents on this site are copyrighted ©.