2015-04-01 19:27:00

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധവാര പരിപാടികള്‍


പെസഹാവ്യാഴം – ഏപ്രിര്‍  2

പെസഹാവ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പൗരോഹിത്യകൂട്ടായ്മയുടെ ബലിയര്‍പ്പണവും വിശദ്ധ തൈലങ്ങളുടെ ആശീര്‍വ്വാദവും പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും.

വൈകുന്നേരം 5.30-ന് പാപ്പാ ഫ്രാന്‍സിസ് റോമിലെ റബീബിയ ജയിലില്‍ പെസഹാ ആചരിക്കും. റോമാ നഗരത്തിന്‍റെ കിഴക്കെ പ്രാന്തത്തിലുള്ള റെബീബിയ ജയില്‍ കോംപ്ലെക്സിലാണ് ബലിയര്‍പ്പണവും കാലുകഴുകല്‍ ശുശ്രൂഷയും ഇക്കുറി പാപ്പാ ഫ്രാന്‍സിസ് നിര്‍വ്വഹിക്കുന്നത്. ജയില്‍ വാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 12 പേരുടെ കാലുകഴുകല്‍ ശുശ്രൂഷയെ തുടര്‍ന്ന് പാപ്പാ അവര്‍ക്കൊപ്പം പെസഹാ ബലിയര്‍പ്പിച്ച് വചനചിന്തകള്‍ പങ്കുവയ്ക്കും. ലത്തീന്‍ ഭാഷയില്‍ Pater Noster - ‘സ്വര്‍ഗ്ഗസ്ഥനായ പിതാവ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ജയില്‍ വളപ്പിലുള്ള കപ്പേളയിലാണ് പാപ്പാ പെസഹാ ആചരിക്കുന്നത്.

ജയിലറയില്‍ കഴിയുന്നവര്‍ ദൈവമക്കളാണെന്ന അനുഭവമായിരിക്കും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം പകര്‍ന്നു നല്കുവാന്‍ പോകുന്നതെന്ന്, റോമിലെ റെബീബിയ ജയിലിന്‍റെ ആത്മീയ ഉപദേഷ്ടാവ് ഫാദര്‍ സാന്ദ്രോ സ്പിരാനോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പാപ്പായുടെ ജയില്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രസ്താവിച്ചു. സഭയും സമൂഹവവും തങ്ങളെ സ്നേഹക്കുന്നു എന്ന അനുഭവം സമൂഹം കുറ്റവാളികളായി വിധിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് ലഭിക്കുമെന്ന് ജയിലിലെ അന്തേവാസികളുടെ ആത്മീകകാര്യങ്ങളില്‍ വ്യാപൃതനായിരിക്കുന്ന (Chaplain of the Prison) ഫാദര്‍ സ്പിരാനോ അഭിപ്രായപ്പെട്ടു. പെസഹാ വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് ജയിലില്‍ നടത്തുന്ന ശുശ്രൂഷയില്‍ ജയില്‍പ്പുള്ളികളായ സ്ത്രീകളുടെ കാലുകഴുകുന്നു എന്ന വാര്‍ത്തയില്‍ നെറ്റിചുളിക്കുന്ന ചിലര്‍ ഉണ്ടെങ്കിലും സ്ത്രീയും പുരുഷനും ഒരുപോലെ ദൈവമക്കളാണെന്നും അന്തസ്സും സ്വാതന്ത്ര്യവും അവകാശങ്ങളും ഉള്ളവരാണെന്നുമുള്ള അടിസ്ഥാന വീക്ഷണത്തിലാണ് പാപ്പാ അത് നിര്‍വ്വഹിക്കുന്നതെന്നും ഫാദര്‍ സ്പിരാനോ അഭിമുഖത്തില്‍ വ്യക്തമാക്കി.

ദുഃഖവെള്ളിയാഴ്ച – ഏപ്രില്‍ 3

വൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് പീഡാനുഭവാചരണം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം എന്നിവ. പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും, സുവിശേഷസന്ദേശം നല്കും. രാത്രി 9.15-ന് റോമാ നഗരവാസികള്‍ സംഘടിപ്പിക്കുന്ന ചരിത്ര പുരാതനമായ കൊളോസിയത്തിലെ കുരിശിന്‍റെവഴി. പാപ്പാ നേതൃത്വംനല്ക്കും, ഹ്രസ്വപ്രഭാഷണം നടത്തും.

വലിയ ശനിയാഴ്ച – ഏപ്രില്‍ 4

ജാഗരാനുഷ്ഠാനം, വചനപാരായണം, ദിവ്യബലി എന്നിവ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. 

ഈസ്റ്റര്‍ ഞായര്‍ - ഏപ്രില്‍ 5

രാവിലെ 10.15-ന് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുളള ഈസ്റ്റര്‍ പ്രഭാതപൂജ. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തും. മദ്ധ്യാഹ്നം 12 മണിക്ക് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ‘ഊര്‍ബി എത് ഓര്‍ബി’ – ലോകത്തിനും പട്ടണത്തിനും എന്ന സന്ദേശം.








All the contents on this site are copyrighted ©.