2015-03-20 09:26:00

എബോളാ ബാധിതദേശങ്ങള്‍ക്ക് വത്തിക്കാന്‍റെ ധനസഹായം


എബോളാ വൈറസ് രോഗ നിര്‍മാര്‍ജ്ജന പദ്ധതിയില്‍ അന്താരാഷ്ട്ര സമൂഹം ഇനിയും പങ്കുചേണമെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടെര്‍ക്സണ്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. പശ്ചിമാഫ്രിക്കന്‍ തീരദേശ രാജ്യങ്ങളായ ലൈബീരിയ, സിയെരാ ലിയോണെ, ഗ്വീനിയ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന അത്യപൂര്‍വ്വവും മാരകവുമായ രോഗത്തോട് മല്ലടിക്കുന്ന ജനങ്ങളെ ഇനിയും സഹായിക്കണമെന്ന് മാര്‍ച്ച 17-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ അഭ്യര്‍ത്ഥിച്ചു.

വേദനാജനകവും, അതിവേഗം പടര്‍ന്നുപിടിക്കുന്നതും, ജീവന്‍ അപഹരിക്കുന്നതും, പ്രായഭേദമെന്യേ സകലരെയും ബാധിക്കുന്നതുമായ ഈ വൈറസ് രോഗത്തിന്‍റെ മുന്നില്‍ ആധുനിക വൈദ്യശാസ്ത്രവും, അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും ഇനിയും ഫലവത്തായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനിരിക്കെ, മരിച്ചുവീഴുന്ന കുടുംബങ്ങള്‍ക്കും അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുംവേണ്ടിയുള്ള മുറവിളിയാണ് ഈ അഭ്യര്‍ത്ഥനയെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശേഷിപ്പിച്ചു.

പശ്ചിമാഫ്രിക്കയെ കാര്‍ന്നുതിന്നുന്ന എബോളയുടെ ഭീതിദമായ അന്തരീക്ഷത്തില്‍ 5 ലക്ഷം യൂറോയുടെ സഹായം, അതായത് മൂന്നേകാല്‍ കോടിയോളം രൂപയുടെ ധനസഹായം പാപ്പാ ഫ്രാന്‍സിസ് നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍വഴി എത്തിച്ചുകൊടുത്തതായി കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വെളിപ്പെടുത്തി.

എബോളാ രോഗം തിരച്ചറിഞ്ഞതില്‍പ്പിന്നെയുള്ള ചുരുങ്ങിയ കാലയളവില്‍ പശ്ചിമാഫ്രിക്കന്‍ പ്രദേശത്തു മാത്രമായി 10,000-ല്‍ ഏറെപ്പേര്‍ മരണമടഞ്ഞിട്ടുണ്ട്. പാപ്പായുടെ ഉദാരമായ ധനസഹായം വളരെ സുതാര്യമായും ഫലപ്രദമായ രീതിയിലും ഉപയോഗപ്പെടുത്തിക്കൊണ്ട്, അര്‍ഹിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ് Online മാധ്യമ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

രോഗത്തിന്‍റെ പ്രതിരോധ-ചികിത്സാ മേഖല, സാമൂഹിക അവബോധനവും പ്രതിരോധന പരിപാടികളും, രോഗീപരിചരണത്തിലും അവരുമായി ബന്ധപ്പെട്ട അജപാലന ശുശ്രൂഷയെ പിന്‍തുണയ്ക്കുന്നതിനുംവേണ്ട സംവിധാനങ്ങള്‍... എന്നിങ്ങളെ വളരെ സംഘടിതമായ മൂന്നു മേഖലകളിലുള്ള പദ്ധതികളിലൂടെയായിരിക്കും പാപ്പാ ഫ്രാന്‍സിസ് നല്കിയിട്ടുള്ള സാമ്പത്തിക സഹായം എബോള ബാധിത രാജ്യങ്ങളില്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നതെന്ന് കര്‍ദ്ദിനാല്‍ ടേര്‍ക്സണ്‍ വ്യക്തമാക്കി.

 








All the contents on this site are copyrighted ©.