2015-03-19 18:35:00

പാപ്പാ ഫ്രാന്‍സിസ് ഐക്യ രാഷ്ട്രസഭ സന്ദര്‍ശിക്കും


2015 സെപ്തംബര്‍ 25-ാം തിയതിയാണ് പാപ്പാ ഫ്രാന്‍സിസ് അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം സന്ദര്‍ശിക്കുന്നത്.  മാര്‍ച്ച് 19-ാം തിയതി വ്യാഴാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ ഇറക്കിയ യുഎന്നിന്‍റെ പ്രസ്താവന ഇക്കാര്യം സ്ഥിരീകരിച്ചു.

സെപ്തംബര്‍ 25-ാം തിയതി വെള്ളിയാഴ്ച രാവിലെ ന്യൂയോര്‍ക്കിലുള്ള യുഎന്‍ ആസ്ഥാന മന്ദരത്തിലെത്തുന്ന പാപ്പാ ഫ്രാന്‍സിസ് ജനറള്‍ അസംബ്ലിയെ അഭിസംബോധനചെയ്യും. സെക്രട്ടറി ജനറള്‍ ബാന്‍ കി മൂണ്‍, പ്രസിഡന്‍റ് സാം കഹാമ്പാ കുട്ടേസാ എന്നിവരുമായും പാപ്പാ കൂടിക്കാഴ്ച നടത്തുമെന്നും യൂഎന്നിന്‍റെ പ്രസ്താവന വെളിപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനത്തിന്‍റെ 70ാം വാര്‍ഷികനാളില്‍ നടക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം, അംഗരാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്ന സുസ്ഥിതി വികസനം, മനുഷ്യകുലത്തിന്‍റെ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം വിശ്വസാഹോദര്യം എന്നീ മേഖലകളില്‍ അവേശം പകരുമെന്നും ബാന്‍ കി മൂണിന്‍റെ പ്രസ്താവന വ്യക്തമാക്കി.

യുഎന്‍ ആസ്ഥാനത്തുള്ള ഐക്യരാഷ്ട്ര സഭയുടെ എല്ലാ പ്രവര്‍ത്തകരുമായും പാപ്പാ കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവന അറിയിച്ചു.  ഐക്യരാഷ്ട്രസഭയെ അഭിസംബോധനചെയ്തിട്ടുള്ള സഭാതലവന്മാര്‍  ഐക്യരാഷ്ട്രസഭാ ജെനറല്‍ കൌണ്‍സിലിനെ അഭിസംബോധനചെയ്ത് സംസാരിക്കാനായുള്ള ക്ഷണം സ്വീകരിച്ചതോടെ ഫ്രാന്‍സിസ് പാപ്പാ 193 അംഗരാജ്യങ്ങളുള്ള പൊതുസഭയെ അഭിസംബോധനചെയ്ത് പ്രസംഗിക്കുന്ന 4ാമത്തെ പാപ്പായായിമാറും. എഴുപത് വര്‍ഷത്തെ ചരിത്രത്തില്‍ ഇതു അഞ്ചാമത്ത‍െ പ്രാവശ്യമാകും ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഒരു പാപ്പായുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുക.

1945-ല്‍ ഐക്യരാഷ്ട്രസഭ രൂപീകൃതമായതിന്‍റ‍െ 20-ാം വാര്‍ഷികത്തിലാണ് ഒരു പാപ്പാ ആദ്യമായി ഐക്യ രാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്തെത്തി അംഗരാഷ്ട്രങ്ങളെ അഭിസംബോധനചെയ്തത്. പോള്‍ ആറാമന്‍ പാപ്പായാണ് ആ ചരിത്ര ദൗത്യം 1965 ഒക്ടോബറ് 4-ന് നിര്‍വ്വഹിച്ചത്. 1965-ല്‍ വത്തിക്കാന് പ്രത്യേക നിരീക്ഷക രാഷ്ട്രം എന്ന പദവി നല്‍കപ്പെട്ടു. നിരീക്ഷകരാഷ്ട്രം ഐക്യ രാഷ്ട്രസഭയിലെ അംഗരാജ്യമല്ല. വോട്ടവകാശമില്ലാത്തതും, എന്നാല്‍ ചിലപ്രത്യേക അധികാരങ്ങളോട് കൂടിയതുമായ നിരീക്ഷക രാജ്യമാണ്. ഇന്നും ഐക്യ രാഷ്ട്രസഭയുടെ പൊതുസഭയില്‍ പാലസ്തീന കൂടാതെ പ്രത്യേക നിരീക്ഷക പദവിയുള്ള  ഒരേയൊരു രാജ്യമാണ് വത്തിക്കാന്‍. നിരീക്ഷകരാജ്യത്തിന്‍റെ തലവന്മാര്‍ക്ക് പൊതുസഭയെ അഭിസംബോധനചെയ്യാനുള്ള അവകാശമുണ്ട്.

വാഴ്ത്തപ്പെട്ട പോള്‍ ആറാന്‍ പാപ്പായ്ക്കുശേഷം ദീര്‍ഘകാലം സഭയെ ഭരിച്ച വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായാകട്ടെ ഐക്യരാഷ്ട്രസഭയും വത്തിക്കാനുമായുള്ള ബന്ധം മറ്റൊരിക്കലുമില്ലാത്തവിധം വര്‍ദ്ധിപ്പിച്ചു. സ്ഥാനാരോഹണത്തിന്‍റെ രണ്ടാംവര്‍ഷം തന്ന‍െ യുഎന്നിന്‍റെ പൊതുസഭയില്‍ പ്രസംഗിച്ച പാപ്പാ വോയ്ത്തീവ 1978ലും 1995 ലുമായി രണ്ടുപ്രാവശ്യം സഭയെ അഭിസംബോധനചെയ്ത

പത്രോസിന്‍റെ ആദ്യ പിന്‍ഗാമിയാണ്. 1995-ലെ പാപ്പായുടെ  സന്ദര്‍ശനത്തിനു മറ്റ‍ൊരു പ്രതേകതകൂടിയുണ്ടായിരുന്നു, ആ വര്‍ഷം ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന്‍റ‍െ 50-ാം വാര്‍ഷികവുമായിരുന്നു. 2008 ഏപ്രില്‍ 5ാ-ം തിയതിയായിരുന്നു ബെനെഡിക്റ്റ് പതിനാറാമന്‍ പാപ്പാ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധനചെയ്ത് സംസാരിച്ചത്. അതിനുശേഷം ഇപ്പോഴിതാ 2015 സെപ്ററംബറില്‍ പാപ്പാ ഫ്രാന്‍സിസ് യുഎന്‍ ആസ്ഥാനത്തെത്തുമ്പോള്‍ മാനവികയുടെ സുസ്ഥിതി വികസനം ലക്ഷൃമിടുന്ന ഐക്യരാഷ്ട്രസഭാ രൂപീകരണത്തിന്‍റ‍െ 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്..  








All the contents on this site are copyrighted ©.