2015-03-19 18:55:00

ആത്മീയത വ്യക്തിത്വത്തിന്‍റെ രണ്ടാം പുറമല്ലെന്ന് പാപ്പാ


മാര്‍ച്ച് 18-ാം തിയതി വ്യാഴാഴ്ച, അര്‍ജന്‍റീനയിലെ കാത്തലിക്ക് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ദേവാലയാശീര്‍വ്വാദ വേളയില്‍ നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വ്യക്തി വികാസത്തില്‍ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആത്മീയവളര്‍ച്ചയെന്നും, അതിനാല്‍ പ്രാര്‍ത്ഥനാലയത്തെ യൂണിവേഴ്സിറ്റി ക്യമ്പസിന്‍റെ ഭാഗമായിട്ടല്ല ബൗദ്ധികരൂപീകരണത്തിന്‍റെ ഹൃദയഭാഗമായി കാണണമെന്നും പാപ്പാ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ പ്രബോധന മൂല്യങ്ങളിലും ആത്മീയശക്തിയിലും അധിഷ്ഠിതമായി ദൈവോത്മുഖമായ രൂപീകരണം യുവതലമുറയ്ക്ക് നല്കുവാന്‍ അര്‍ജന്‍റീനായിലെ കത്തോലിക്കാ യൂണിവേഴ്സിറ്റ്ക്ക് സാധിക്കട്ടെയെന്നും, അതിന് ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള ഈ പുതിയ ആലയം സഹായകമാകട്ടെയെന്നും, വചനപ്രഘോഷണത്തിന് ആമുഖമായി ദൃശ്യമാക്കിയ വീഡിയോ സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ബ്യൂനസ് ഐരസ് അതിരൂപതാദ്ധ്യക്ഷനും യൂണിവേഴ്സിറ്റിയുടെ ചാന്‍സലറുമായ കര്‍ദ്ദിനാള്‍ മാരിയോ പോളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മത്തിലാണ് ദേവാലയം ആശീര്‍വ്വദിക്കപ്പെട്ടത്.

ബ്യൂനസ് ഐരസിലെ പുവെര്‍ത്തോ മദേരോയില്‍ (Puerto Madero) സ്ഥിതിചെയ്യുന്നതും, ഏറെ മനോഹരവുമായ വാസ്തുകാരത്തില്‍ പണിതീര്‍ത്തതുമായ ദേവാലയത്തില്‍ അനുദിനം അഞ്ചു ദിവ്യബലികളും, സായാഹ്നത്തില്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദവും നടത്തുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ആശീര്‍വ്വാദത്തോട് അനുബന്ധിച്ചിറക്കിയ യൂണിവേഴ്സിറ്റിയുടെ പ്രസ്താവന വ്യക്തമാക്കി. 








All the contents on this site are copyrighted ©.