2015-03-16 12:43:00

ഇന്നും നമ്മെ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തകള്‍


മാര്‍ച്ച് 15-ാം തിയതി ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നല്കിയ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. ദൈവം എപ്രകാരം മനുഷ്യരോട് തന്‍റെ സ്നേഹവും കാരുണ്യവും ഇന്നും പ്രകടമാക്കുന്നുവെന്ന് സുവിശേഷത്തെ ആധാരമാക്കി പാപ്പാ പ്രബോധിപ്പിച്ചു.

ക്രിസ്തുവും യഹൂദാചാര്യന്‍ നിക്കദേമൂസും തമ്മിലുള്ള സംവാദമാണ് തപസ്സിലെ നാലാം വാരം ഞായറാഴ്ചത്തെ സുവിശേഷഭാഗം (യോഹ. 3, 16). ‘തന്‍റെ തിരുക്കുമാരനെ നല്കുമാറ് ദൈവം ലോകത്തെ അത്രയേറെ സ്നേഹിച്ചു.’ ഈ വാക്കുകള്‍ നാം വീണ്ടും ധ്യാനിക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ ഇന്നും ക്രൂശിതനായ ക്രിസ്തുവിലേയ്ക്കാണ് തിരിയേണ്ടത്.  ദൈവം നിങ്ങളെയും എന്നെയും - നമ്മെ എത്രമാത്രം സ്നേഹിച്ചുവെന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണിത്. ദൈവം നമ്മെ നിര്‍ലോഭമായും അനന്തമായും സ്നേഹിക്കുന്നു എന്നുള്ള സൂക്തം സുവിശേഷത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും സത്തയാണ്. സൃഷ്ടികര്‍മ്മത്തില്‍ ദൈവസ്നേഹം ആദ്യം പ്രതിഫലിക്കുന്നത് ദിവ്യബലിയിലെ നാലാമത്തെ സ്തോത്രയാഗ പ്രാര്‍ത്ഥന (Eucharistic Prayer IV) വിസ്തരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.

‘ഏകനും സത്യനും സജീവനുമായ ദൈവം, യുങ്ങള്‍ക്കു മുന്‍പേയുള്ളവന്‍, നിത്യവും അപാരവുമായ ദൈവിക തേജസ്സില്‍ വസിക്കുന്നു. സകല നന്മയുടെയും ജീവന്‍റെയും ഉറവിടമായ അവിടുന്നാണ് സകലത്തിനും രൂപംനല്കിയത്. അങ്ങനെ സൃഷ്ടികളായ ഞങ്ങളെ അങ്ങേ അനുഗ്രഹങ്ങള്‍കൊണ്ടും, സജീവമായ ആനന്ദംകൊണ്ടും, മഹത്വമാര്‍ന്ന ദൈവിക പ്രഭയാലും നിറയ്ക്കുന്നു.’

ആദ്യനൂറ്റാണ്ടിലെ സഭാപണ്ഡിതനായ വിശുദ്ധ ഇറനേവൂസിന്‍റെ പാഷണ്ഡതയ്ക്കെതിരായ രചനയില്‍ ദൈവികകാരുണ്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്  ഇപ്രകാരമാണ് (adversus haereses, Iv, 14 1). ദൈവം മനുഷ്യരെ സൃഷ്ടിച്ചത് അവിടുത്തേയ്ക്കു വേണ്ടിയായിരുന്നില്ല. പിന്നെയോ, തന്‍റെ നന്മകള്‍ അവരുമായി പങ്കുവയ്ക്കുവാനായിരുന്നു. മനുഷ്യരോടുള്ള ദൈവത്തിന്‍റെ സ്നേഹം അത്ര അപാരമാണ്!  പിന്നെയും സ്തോത്രയാഗ പ്രാര്‍ത്ഥനയുടെ തുടര്‍ച്ചയെക്കുറിച്ച് പ്രഭാഷണത്തില്‍ പാപ്പാ ഇങ്ങനെ പ്രതിപാദിച്ചു: അനുസരണക്കേടുമൂലം ദൈവവുമായുള്ള മൈത്രി മനുഷ്യര്‍ നഷ്ടമാക്കിയിട്ടും, അവരെ മരണത്തിന്‍റെ പിടിയിലേയ്ക്ക് അവിടുന്ന് വിട്ടുകൊടുത്തില്ല. ദൈവം അവരോട് കരുണകാണിച്ചു. തന്‍റെ കാരുണ്യാതിരേകവുമായി ദൈവം മനുഷ്യന്‍റെ ചാരത്തണഞ്ഞു. ക്രിസ്തുവില്‍ ദൈവം മനുഷ്യാവതാരം ചെയ്തു. അതിനാല്‍ സൃഷ്ടിയിലെന്നതുപോലെ, രക്ഷാകര ചരിത്രത്തിന്‍റെ തുടര്‍സംഭവങ്ങളിലും ദൈവത്തിന്‍റെ നിര്‍ലോഭമായ സ്നേഹമാണ് പ്രകടമാകുന്നത്. തനിക്കായി ദൈവം ഒരു ജനത്തെ തിരഞ്ഞെടുത്തത് അവര്‍ അതിന് യോഗ്യരായിരുന്നതുകൊണ്ടല്ല. മറിച്ച്, അവര്‍ സകലരിലും നിസ്സാരരും ബലഹീനരുമായിരുന്നതിനാലാണ്. ദൈവം അവരുമായി ഉടമ്പടിചെയ്തു. മനുഷ്യര്‍ പലവട്ടം ആ ഉടമ്പടി ലംഘിച്ചു. എന്നിട്ടും അവിടുന്ന് അവരെ കൈവെടിഞ്ഞില്ല. കാലത്തികവില്‍ ക്രിസ്തുവിന്‍റെ ജീവസമര്‍പ്പണത്താല്‍ അവിടുന്ന് അവരുമായി വീണ്ടും ഉടമ്പടിയുണ്ടാക്കി. അത് നൂതനവും സനാതനവും അഭേദ്യവുമായ ഉടമ്പടിയാണ്.

പൗലോസ് അപ്പസ്തോലന്‍ ഓര്‍പ്പിക്കുന്നത് ഇപ്രകാരമാണ്: ദൈവം കരുണാസമ്പന്നനാണ്. നാം പാപികളായിരുന്നിട്ടും, പാപത്തില്‍ മരിച്ചിട്ടും കരുണാര്‍ദ്രനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താല്‍ ക്രിസ്തുവഴി നമുക്കായി അവിടുന്ന് നവജിവന്‍ നേടിത്തന്നു. അങ്ങനെ ദൈവകൃപയാല്‍ നാം രക്ഷപ്രാപിച്ചിരിക്കുന്നു (ഏഫേസു. 2, 4). അങ്ങനെ  മനുഷ്യകുലത്തോടു ദൈവം കാണിച്ച സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പരമവും ശ്രേഷ്ഠവുമായ അടയാളം ക്രിസ്തുവിന്‍റെ കുരിശാണ്. ക്രിസ്തു നമ്മെ അവസാനംവരെ സ്നേഹിച്ചു (യോഹ. 13, 1). ഭൗമിക ജീവിതത്തില്‍ മാത്രമല്ല, ദൈവസ്നേഹം എന്നും എക്കാലത്തും നമ്മോടൊപ്പമുണ്ട്. സൃഷ്ടികര്‍മ്മത്തില്‍ പിതാവ് മനുഷ്യകുലത്തോടുള്ള തന്‍റെ അനന്തമായ സ്നേഹം പ്രകടമാക്കിയതുപോലെ, കുരിശുയാഗത്തില്‍ ക്രിസ്തു വീണ്ടും ദൈവസ്നേഹത്തിന്‍റെ തുടര്‍ക്കഥ തന്‍റെ പെസഹാരഹസ്യത്തിലൂടെ ഭൂമിയില്‍ ചുരുളഴിയിച്ചു. ഇത് ദൈവിക കരുണ്യമാണ്. നമ്മെ സദാ സ്നേഹിക്കുന്ന, നമ്മോടു ക്ഷമിക്കുന്ന ദൈവിക സ്നേഹമാണിത്!

പരിശുദ്ധ കന്യകാനാഥ കാരുണ്യത്തിന്‍റെ അമ്മയാണ്. തന്‍റെ തിരുക്കുമാരന്‍റെ പീഡകളിലെന്നപോലെ നമ്മുടെയും ജീവിത പ്രതിസന്ധികളിലും പ്രയാസങ്ങളിലും അമ്മ നമ്മുടെ ചാരത്തുണ്ട്. അനുരജ്ഞനത്തിലൂടെ ജീവിത നവീകരണത്തിനായുള്ള നമ്മുടെ ഈ ആത്മീയയാത്രയാണ് തപസ്സുകാലം. ദൈവം നല്കുന്ന മാപ്പിന്‍റെയും അവിടുത്തെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും അനുഭവമാകട്ടെ ഈ ദിനങ്ങള്‍ എന്ന ആശംസയോടെയാണ് ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.