2015-03-13 09:51:00

സ്നേഹമില്ലാത്തവര്‍ കപടനാട്യക്കാരാണ്


സ്നേഹമില്ലാത്തവര്‍ കപടനാട്യക്കാരാണ്. ദൈവിക വഴികളില്‍ ഇരട്ടത്താപ്പു നയമില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  മാര്‍ച്ച് 12-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി,  സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ്  പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. എന്‍റെ കൂടെയല്ലാത്തവന്‍ എനിക്കെതിരാണ്, എന്ന സുവിശേഷഭാഗത്തെ ആധാരമാക്കിയായിരുന്നു പാപ്പായുടെ ചിന്തകള്‍. (ലൂക്കാ 11, 14-23).

മനുഷ്യര്‍ വഴിതെറ്റി അധര്‍മ്മത്തിന്‍റെ പാതയില്‍ ചരിക്കുമ്പോഴും ദൈവം പ്രവാചകന്മാരിലൂടെയും, ഇന്ന് വിശുദ്ധാത്മാക്കളിലൂടെയും നന്മയുടെ പാത നമുക്ക് തെളിയിക്കുന്നുണ്ടെങ്കിലും, സ്വാര്‍ത്ഥതയിലും തന്നിഷ്ടത്തിലും ജീവിക്കുവാനാണ് ബലഹീനരായ നാം താല്പര്യം കാണിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. നന്മയുടെ പാത തിരസ്ക്കരിക്കുമ്പോള്‍ നാം ദൈവികകാരുണ്യത്തെയാണ് തിരസ്ക്കരിക്കുന്നതെന്നും, അങ്ങനെ അവസാനം കാപട്യത്തിന്‍റെ ജീവിതശൈലിയില്‍ എത്തിച്ചേരുമെന്നും പാപ്പാ വചനചിന്തയില്‍ താക്കീതു നല്കി.

രക്ഷാകര ചരിത്രത്തില്‍ ഉടനീളം ജനത്തിന്‍റെ അവിശ്വസ്തതയുടെയും കാപട്യത്തിന്‍റെയും ഇടുങ്ങിയതും പരുക്കനുമായ പാതയാണ് നാം കാണുന്നത്. കഠിനഹൃദയരെ ഓര്‍ത്ത് ദൈവം വിലപിക്കുന്നു. എന്നാല്‍ ആബേലിനെ അവന്‍റെ സഹോദരന്‍ കായേന്‍ വധിച്ച കദനകഥ മുതല്‍ ഇന്നുവരെയ്ക്കും തന്‍റെ ജനത്തിന് രക്ഷ വാഗ്ദാനംചെയ്യുന്ന ദൈവത്തിന്‍റെ കരുണാര്‍ദ്രമായ വിലാപനാദം കേള്‍ക്കാം. പ്രവാചകരിലൂടെയും കാലത്തികവില്‍ ക്രിസ്തുവിലും, പിന്നെ ഇന്ന് അത് വിശുദ്ധാത്മാക്കളിലൂടെയും . ഏശയായുടെ വാക്കുകളില്‍ നാം കേള്‍ക്കുന്നത് മനുഷ്യകകുലത്തെ ഓര്‍ത്തുള്ള ദൈവിക വിലാപത്തിന്‍റെ പ്രതിധ്വനിയാണ് (ജെറമി. 7, 23-28). എല്ലാം നന്മയായി താന്‍ നല്കിയിട്ടു അവിശ്വസ്തത കാണിച്ച ജനത്തെ ഓര്‍ത്ത് ദൈവം വിലപിക്കുന്നു. പ്രതിനന്ദിയായി ജനത്തില്‍നിന്നും കിട്ടിയത് തിന്മയായിരുന്നു. എന്‍റെ ജനത്തിന്‍റെ അധരങ്ങളില്‍ സത്യം ഇല്ലാതായിരിക്കുന്നു. ദൈവം വിലപിച്ചു. സമാന്തരമായി ക്രിസ്തു ജരൂസലേമിനെ ഓര്‍ത്തു വിലപിച്ചു. വിളിക്കുകയും നയിക്കുകയും ചെയ്ത ദൈവത്തെ മറന്ന് നാം കഠിഹൃദയരായി നമ്മുടെ വഴിയെ പോവുകയാണ്. വീണ്ടും ജനം ദൈവവചനം കേള്‍ക്കുവാന്‍ ഇടയായി. എന്നാല്‍ അവര്‍ അത് ചെവിക്കൊണ്ടില്ല. വ്യക്തിഗത ജീവിതത്തില്‍ ഞാന്‍ എങ്ങനെയാണ് ദൈവവചനത്തോട്, ദൈവികസ്വരത്തോട് പ്രതികരിക്കുന്നത് എന്നു ചിന്തിക്കുന്നതു നല്ലതാണ്, വിശിഷ്യാ ഈ തപസ്സുകാലത്ത്. ദൈവിക സ്വരം ശ്രവിക്കുന്നവരാണോ, അതോ ധൂര്‍ത്തരായി തന്നിഷ്ടത്തില്‍ ജീവിക്കുന്നവരാണോ നാം?

നാസ്തികര്‍ മുതല്‍ സിദ്ധന്മാര്‍ വരെ എല്ലാത്തരക്കാരിലും കഠിന ഹൃദയര്‍ ഉണ്ടായിരുന്നു. ജനമദ്ധ്യത്തില്‍ ക്രിസ്തു നന്മചെയ്തിട്ടും ജനപ്രമാണികള്‍ അവിടുത്തെ കുറ്റപ്പെടുത്തി. സുവിശേഷത്തിന്‍റെ ഏടുകളില്‍ ക്രിസ്തുവിനെതിരെ ഉയര്‍ന്ന കഠിനഹൃദയരുടെ ആക്ഷേപ വാക്കുകള്‍ നിരവധിയാണ്. ക്രിസ്തു പിശാചുബാധ ഒഴിപ്പിച്ചപ്പോള്‍ പറഞ്ഞു, ഇതു ചെയ്തത് പിശാചുക്കളുടെ തലവനെക്കൊണ്ടാണല്ലേ...എന്ന്. അങ്ങനെ ക്രിസ്തുവിലും പൈശാചിക ശക്തിയുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാപട്യക്കാരായ ഫരിസേയ പ്രമാണികളെയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നത്. കര്‍ത്താവ് തന്‍റെ സഭയെ നയിക്കുവാന്‍ ഇന്നും വിശുദ്ധരെ നല്കുന്നുണ്ട്. ജൊവാന്‍ ഓഫ് ആര്‍ക്കിന്‍റെയും, വാഴ്ത്തപ്പെട്ട റോസ്മീനിയുടെയും പേരുകള്‍ പാപ്പാ ഫ്രാന്‍സിസ് എടുത്തു പറഞ്ഞു. ദൈവത്തിന്‍റെ കരുണാസ്പര്‍ശത്തിന് വിധേയരായവരാണ് വിശുദ്ധാത്മാക്കള്‍. അതുപോലെതന്നെ ലോകത്തിന്‍റെ ദാരിദ്യവും ക്ലേശങ്ങളും അറിഞ്ഞവരാണവര്‍. അതിനാല്‍ അവര്‍ പാവങ്ങളുടെ രോദനം കേട്ടു. അവര്‍ എളിയവരുടെ സ്പന്ദനം തിരിച്ചറിഞ്ഞു.

‘എന്‍റെ കൂടെയല്ലാത്തവന്‍, എനിക്ക് എതിരാണ്,’ എന്ന് ക്രിസ്തു പറയുന്നുണ്ട്. ഇവിടെ സ്നേഹത്തിനും കാപട്യത്തിനും ഇടയ്ക്ക് മദ്ധ്യമാര്‍ഗ്ഗമൊന്നുമില്ല. ദൈവിക കാരുണ്യത്താല്‍ നാം ആശ്ലേഷിക്കപ്പെടണം. ദൈവികാശ്ലേഷം തിരസ്ക്കരിക്കുമ്പോഴാണ് ഹൃദയം കഠിനമാകുന്നത്. അതുകൊണ്ടാണ് ക്രിസ്തു പ്രസ്താവിച്ചത് എന്നെ അനുകൂലിക്കാത്തവന്‍ എനിക്ക് എതിരാണെന്ന്. മാത്രമല്ല അവന്‍ ക്രിസ്തുവിനെ വിട്ടുപേക്ഷിക്കുകയും ചെയ്യും. 








All the contents on this site are copyrighted ©.