2015-03-13 11:33:00

മതസ്വാതന്ത്ര്യത്തിന്‍റെ ഇരട്ടത്താപ്പുനയം


മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍ ഇരട്ടത്താപ്പുനയം വളര്‍ന്നുവരുന്നുണ്ടെന്ന്  ജനീവയിലെ യുഎന്‍ ആസ്ഥാനത്തെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.

മാര്‍ച്ച് 11-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ 28-ാം സമ്മേളനത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി ഇങ്ങനെ നിരീക്ഷിച്ചത്. മാധ്യമ ചിത്രീകരണങ്ങളില്‍പ്പോലും മതങ്ങളെക്കുറിച്ച് വിപരീതമായി പരമര്‍ശിക്കുന്നത് മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് പ്രതികരിക്കുന്ന അല്ലെങ്കില്‍ പ്രസ്താവിക്കുന്ന ലോകത്ത്, മതന്യൂനപക്ഷങ്ങളെ, വിശിഷ്യാ ക്രൈസ്തവരെ പീഡിപ്പിക്കുകയും നാടുകടത്തുകയും ഒറ്റയായും കൂട്ടമായും വധിക്കുകയും ചെയ്യുന്നതിനോട് മൗനംഭജിക്കുന്നത് ഇന്ന് ലോകത്ത് നലനില്ക്കുന്നതും, നാം വളര്‍ത്തുന്നതുമായ സ്വാതന്ത്ര്യത്തിന്‍റെ മേഖലയിലെ ഇരട്ടത്താപ്പുനയമാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

അതിക്രമങ്ങള്‍ ഒരു മതത്തില്‍നിന്നോ അതിന്‍റെ പ്രബോധനത്തില്‍നിന്നോ ഉടലെടുക്കുന്നതല്ല, മറിച്ച് മതത്തിന്‍റെ തെറ്റായ വ്യാഖ്യാനത്തില്‍നിന്നും, അല്ലെങ്കില്‍ മതത്തിന്‍റെ മൗലികമായ ആശയങ്ങള്‍ വളച്ചൊടിക്കുന്നതമൂലമുണ്ടാകുന്ന അബദ്ധങ്ങളാണെന്ന് ആര്‍ച്ചുബിഷ് തൊമാസി പ്രസ്താവിച്ചു. ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക രാഷ്ട്രനിര്‍മ്മിതിയുടെ പേരുപറഞ്ഞ് കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ മതതീവ്രവാദവും ഒപ്പം ഭൗതികവാദത്തിന്‍റെയും മാനവികതയ്ക്കു നിരയ്ക്കാത്ത ക്രൂരമുഖവുമാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ പ്രസ്താവിച്ചു.

മനുഷ്യാവകാശം ആഗോളതലത്തില്‍ സംരക്ഷിക്കുവാന്‍ കടപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സമൂഹവും പ്രസ്ഥാനങ്ങളും അടിസ്ഥാന മനുഷ്യാവകാശ ലംഘത്തിന്‍റെയും സ്വാതന്ത്ര്യനിഷേധത്തിന്‍റെയും മുന്നില്‍ ഇരട്ടത്താപ്പുനയം സ്വീകരിക്കരുതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും തലങ്ങളില്‍ ബഹുമുഖ സംസ്ക്കാരത്തിന്‍റെ (pluralistic society) സ്പഷ്ടമായ സാന്നിദ്ധ്യം ലോകത്ത് അംഗീകരിക്കുന്ന മാനവകുലത്തിന്‍റെ സഹവര്‍ത്തിത്വം വളര്‍ത്തിയെടുക്കേണ്ട സ്ഥാനത്ത് അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍ ഇരട്ടത്താപ്പുനയം പ്രാബല്യത്തില്‍ വരുന്നത് ലോകരാഷ്ട്രങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് അപകടകരമാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി വ്യക്തമാക്കി.

അതിക്രമങ്ങള്‍ ഇന്ന് ലോകത്ത് വളര്‍ന്നു വരിക മാത്രമല്ല, നിര്‍ദ്ദോഷികളായ മനുഷ്യരുടെ കൂട്ടക്കുരുതി ആസൂത്രിതമായും ലാഖവത്തോടെയും ചെയ്തുകൂട്ടുന്നത് എങ്ങനെ പരിഷ്കൃത സമൂഹത്തിന് നോക്കിനില്ക്കാനാവുമെന്ന് വത്തിക്കാന്‍റെ പ്രതിനിധി ആശ്ചര്യപ്പെട്ടു. 








All the contents on this site are copyrighted ©.