2015-03-13 12:23:00

ഫിലിപ്പീസിലെ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്


അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്‍റായി ആര്‍ച്ചുബിഷപ്പ് പിയെരോ മരീനിയെ പാപ്പാ ഫ്രാന്‍സിസ് വീണ്ടും നിയോഗിച്ചു. തെക്കെ ഇറ്റലിയിലെ മര്‍ത്തിരാനോ അതിരൂപതാദ്ധ്യക്ഷനും ആരാധനക്രമ പണ്ഡിതനുമാണ് 73 വയസ്സുകാരന്‍ ആര്‍ച്ചുബിഷപ്പ് പിയെരോ മരീനി. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്വം വഹിച്ചിട്ടുണ്ട്.

കമ്മിറ്റി അംഗങ്ങളായി മറ്റ് നാലുപേരെക്കൂടെ പാപ്പാ നിയമിച്ചു: 

1. അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ,

2. ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്,

കര്‍ദ്ദിനാള്‍  റോബര്‍ട് സറാ,

3. വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍,

കര്‍ദ്ദിനാള്‍ ബനിയാമീനോ സ്റ്റേലാ,

4. ബനഡിക്ടൈന്‍ സഭാംഗവും റോമില്‍ വിശുദ്ധ ആന്‍സ്ലമിന്‍റെ നാമത്തിലുള്ള പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറുമായ,

ഫാദര്‍‍ ജുവാന്‍ സേവ്യര്‍ ആര്‍ക്കസ് എന്നിവരാണ് ദിവ്യാകാരുണ്യ കണ്‍ഗ്രസ് കമ്മിറ്റിയുടെ മറ്റ് അംഗങ്ങളായി പാപ്പാ നിയോഗിച്ചവര്‍.

നാലുവര്‍ഷം കൂടുമ്പോഴാണ് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടക്കുന്നത്. അടുത്ത വര്‍ഷം 2016-ല്‍ ഫിലിപ്പീന്‍സിലെ ചേബൂ നഗരത്തില്‍ ജനുവരി 24-31-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന 51-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കമയാട്ടാണ് പാപ്പാ നിയമനങ്ങള്‍ നടത്തിയത്.  Christ in you, our hope of Glory ‘മഹത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട്.’ (കൊളോ. 1, 27). എന്ന ആപ്തവാക്യവുമായിട്ടാണ് ഫിലിപ്പീന്‍സി ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്.

2012-ല്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തിലായിരുന്നു 50-ാം മത്തെ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്. 1964-ല്‍ 38-ാമത് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ഇന്ത്യയില്‍ മുമ്പൈ നഗരത്തില്‍ അരങ്ങേറി. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ തന്‍റെ സന്ദര്‍ശനവും സാന്നിദ്ധ്യവുംകൊണ്ട് ഭാരത ജനതയെ അനുഗ്രഹിച്ച സംഭവം ചരിത്രമാണ്. ഇന്ത്യയില്‍ കാലുകുത്തിയ പ്രഥമ പത്രോസിന്‍റെ പിന്‍ഗാമിയുടം പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പായാണ്.

 

 








All the contents on this site are copyrighted ©.