2015-03-11 16:01:00

അടുത്തവര്‍ഷം പാപ്പാ ഫ്രാന്‍സിസ് അര്‍ജന്‍റീന സന്ദര്‍ശിക്കും


മയക്കുമരുന്നു വിപണനം വിജയമായി കാണരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ബ്യൂനസ് ഐരസിലെ ചേരിപ്രദേശത്ത് യുവജനങ്ങള്‍ നടത്തുന്ന Carcova News എന്ന ദിനപത്രത്തിന് മാര്‍ച്ച് 10-ാം തിയതി ചൊവ്വാഴ്ച  നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന മയക്കുമരുന്നു വിപണനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു പാപ്പായുടെ അഭിമുഖത്തിലെ ശക്തമായ പ്രതികരണം. ലാറ്റിനമേരിക്കയില്‍ പല രാജ്യങ്ങളും പ്രവിശ്യകളും മയക്കുമരുന്നിന്‍റെ വിനാശകരമായ പിടിയിലാണ്. എന്നാല്‍ അത് നേട്ടമായും വിജയവുമായി കാണുന്ന ഖേദകരമായ മനോഭാവവും വളര്‍ന്നിട്ടുണ്ടെന്ന് പാപ്പാ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

മറ്റു രാഷ്ട്രങ്ങളിലേയ്ക്കുള്ള സന്ദര്‍ശന പരിപാടികളുമായി ഇടറുമില്ലെങ്കില്‍  2016-ല്‍ ജന്മനാടായ ആര്‍ജന്‍റീനാ സന്ദര്‍ശിക്കുവാന്‍ ആഗ്രഹമുണ്ടെന്നും ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ പാപ്പാ വെളിപ്പെടുത്തി. എമിലാനോ റോഡ്രിക്സ് എന്ന പത്രപ്രവര്‍ത്തകയാണ് വളരെ പ്രാദേശികമായ സ്പാനിഷില്‍ പാപ്പാ ഫ്രാന്‍സിസുമായി ടെലിഫോണ്‍ അഭിമുഖം നടത്തിയത്.

വിശ്വാസം, പാവങ്ങളോടുള്ള പ്രതിബദ്ധത, ജീവിതപരിവര്‍ത്തനം, ഡിജിറ്റല്‍ മായികലോകം, സുതാര്യമായിരിക്കേണ്ട രാഷ്ട്രീയ ജീവിതം എന്നീ വിഷയങ്ങളും സ്പാനിഷ് ഭാഷയില്‍ പാപ്പാ നല്കിയ അഭിമുഖത്തില്‍ പരാമര്‍ശിക്കപ്പെട്ടു.  








All the contents on this site are copyrighted ©.