2015-03-10 15:24:00

സഹോദരങ്ങളോട് ക്ഷമിക്കുമെങ്കില്‍ ദൈവം നമ്മോടും ക്ഷമിക്കും


ദൈവത്തോടു മാപ്പു യാചിക്കുവന്‍ കര്‍തൃപ്രാര്‍ത്ഥനയിലെ പാഠം അനുസ്മരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ദൈവം നമ്മോടു ക്ഷമിക്കണമെങ്കില്‍, അവിടുന്നു നമ്മോടു ക്ഷമിക്കുന്നതുപോലെ നാം മറ്റുള്ളവരോടും ക്ഷമിക്കണം,. മാര്‍ച്ച് 10-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ മാപ്പിനെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.

ദൈവം സര്‍വ്വശക്തനാണ്. എന്നാല്‍ അടഞ്ഞ ഹൃദയത്തിനു മുന്‍പില്‍ അവിടുത്തെ സര്‍വ്വശക്തിയും ക്ഷയിച്ചുപോകുമെന്ന് പാപ്പാ പ്രസ്താവിച്ചു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ ‘ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണം’ എന്ന് ക്രിസ്തു പത്രോസിനോട് പ്രസ്താവിച്ച ഭാഗം (മത്തായി 18, 21-35) വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. ഏഴ് ഏഴുപതു പ്രാവശ്യം ക്ഷമിക്കണമെന്നുവച്ചാല്‍, ‘എപ്പോഴും’ ക്ഷമിക്കണമെന്നാണ്. കണക്കില്ലാതെ ക്ഷമിക്കണമെന്നാണ്. അങ്ങനെ അനന്തമായി ക്ഷമിക്കുന്ന ദൈവിക കാരുണ്യമാണ് നാം ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്ന് പാപ്പാ വചന ചിന്തയിലൂടെ ഉദ്ബോധിപ്പിച്ചു. ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹമാണ് ജീവിതത്തില്‍ നാം പകര്‍ത്തേണ്ടത്.

ക്ഷമിക്കണേ, എന്നതാണ് ശരിയായ അനുതാപ പ്രകടനമെന്നും, തെറ്റുപറ്റി എന്നു പറഞ്ഞാല്‍ പോരാ – എന്നും പ്രസ്താവിച്ചുകൊണ്ട് അനുതാപത്തിന്‍റെയും ക്ഷമയുടെയും ആഴം വാക്കുകളില്‍ പാപ്പാ വ്യക്തമാക്കി. ദൈവത്തോട് എപ്രകാരം അനുതാപം നാം പ്രകടമാക്കുന്നു എന്നതിന്‍റെ പ്രതിഫലനങ്ങളാണ് വാക്കിലുള്ള ഈ പ്രയോഗങ്ങള്‍. ജനത്തിന്‍റെ പാപങ്ങളെപ്രതി ദൈവത്തോട് മാപ്പു യാചിക്കുന്ന അസറിയായുടെ മാതൃക ദാനിയാല്‍ പ്രവാചകന്‍റെ ആദ്യ വായനയില്‍നിന്നും (ദാനി. 3, 25, 34-43) പാപ്പാ ചൂണ്ടിക്കാട്ടി. ജീവിതത്തിലെ യാതനകളെപ്രതി ദൈവത്തോട് പരാതിപ്പെടുകയും പിറുപിറുക്കുകയുമല്ല വേണ്ടത്, മറിച്ച് അനുതപിക്കുകയും മാപ്പു യാചിക്കുകയുമാണ് വേണ്ടതെന്ന് പാപ്പാ വ്യക്തമാക്കി.

മാപ്പുയാചിക്കുന്നതും, തെറ്റുപറ്റി എന്നും പറയുന്നതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണെന്ന് പാപ്പാ പ്രസ്താവിച്ചു. ക്ഷമിക്കണേ, ഞാന്‍ പാപംചെയ്തു എന്നു പറയുന്നതും അങ്ങനെ പാപം ഏറ്റുപറയുന്നതും, തീര്‍ത്തും അനുതാപത്തില്‍നിന്നും വ്യത്യസ്തമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. ചെറിയ തെറ്റല്ല പാപം, അത് ഗൗരവതരമായ തെറ്റാണ്. ഉദാഹരണത്തിന്, അഹങ്കാരം, ധനമോഹം, സ്വാര്‍ത്ഥത, മിഥ്യാബോധം, വിഗ്രഹാരാധന എന്നിവ പാപമാണ്. മനുഷ്യന്‍ നിരവധി പാപങ്ങള്‍ക്ക് അടിമയാണ്.

ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകം വിവിരിക്കുന്ന, അഗ്നിയില്‍ എറിയപ്പെട്ട അസീറിയ, തന്‍റെ ജനത്തിന് തെറ്റുപറ്റി എന്നു മാത്രം പറയുകയല്ല, മറിച്ച് അവരുടെ അപരാധങ്ങള്‍ക്ക് ദൈവത്തോട് ക്ഷമ യാചിക്കുകയാണ്. അങ്ങനെ ക്ഷമാപണവും, അനുതാപ പ്രകടവും തമ്മിലുള്ള ലോലമായ വ്യത്യാസം പാപ്പാ ഫ്രാന്‍സിസ് വചനത്തിന്‍റെ വെളിച്ചത്തിലും വ്യാഖ്യാനിച്ചു. കര്‍ത്താവിന്‍റെ കല്പനകള്‍ അവഗണിച്ച ജനത്തിന്‍റെ പാപങ്ങളെ ഓര്‍ത്ത് അസറിയ ദൈവത്തിന്‍റെ കാരുണ്യത്തിനായി യാചിച്ചു. ജനത്തിന്‍റെ യാതകള്‍ കണ്ട് ദൈവത്തോട് പരാതിപ്പെടുകല്ല വേണ്ടത്, മറിച്ച് പാപങ്ങളോര്‍ത്ത് പശ്ചാത്തപിക്കുകയും അനുതപിച്ച് അവിടുത്തെ പക്കലേയ്ക്ക് തിരികെചെല്ലുകയുമാണു വേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നമ്മോടു തെറ്റുചെയ്യുവരോട് ക്ഷമിക്കണം എന്നത് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ,’ എന്ന ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന വെളിപ്പെടുത്തുന്ന ക്ഷമയുടെ ബലതന്ത്രമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ക്രിസ്തു പറഞ്ഞ നിര്‍ദയനായ ഭൃത്യന്‍റെ ഉപയില്‍, മാപ്പു യാചിച്ച കാര്യസ്ഥന് യജമാനന്‍ സകല കടങ്ങളും ഇളവുചെയ്തു കൊടുത്തു, എല്ലാം ക്ഷമിച്ചു. എന്നിട്ടും അയാള്‍ ചെറിയ തുക കടപ്പെട്ടിരിക്കുന്ന സഹഭൃത്യന് മാപ്പു നല്കിയില്ല. മാത്രമല്ല അയാളോട് കരുണയില്ലാതെ പെരുമാറി. യജമാനന്‍റെ കാരുണ്യത്തിന് ഭൃത്യന്‍ പാത്രീഭൂതനായിട്ടും സഹഭൃത്യനോട് ഔദാര്യം കാണിക്കാതിരുന്ന അയാള്‍ ശിക്ഷിക്കപ്പെട്ടു. ജയിലില്‍ അടയ്ക്കപ്പെട്ടു. ഇതാണ്, സുവിശേഷത്തിലൂടെ ക്രിസ്തു നല്കുന്ന ക്ഷമയുടെ മുല്യവും പാഠവും!

സഹോദരങ്ങളോട് ക്ഷമിക്കുവാന്‍ കരുത്തില്ലാത്തവന് ദൈവത്തോട് ക്ഷമ യാചിക്കാന്‍ അര്‍ഹതയില്ലെന്നതും സുവിശേഷയുക്തിയാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. അതുപോലെ അനുതാപത്തിന്‍റെ കൂദാശയില്‍, അല്ലെങ്കില്‍ കുമ്പസാരത്തിലൂടെ ദൈവത്തില്‍നിന്നും മാപ്പു യാചിക്കുന്നതിനു മുന്‍പ് സഹോദരങ്ങളോട് ക്ഷമിക്കുകയും, അവരുടെ കുറവുകള്‍ ക്ഷമിക്കുകയും അവരോട് അനുരജ്ഞിതരാവുകയും വേണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ചുരുക്കത്തില്‍ നാം ദൈവത്തില്‍നിന്നും തേടുന്ന മാപ്പും, സഹോദരങ്ങളോട് പ്രകടിപ്പിക്കുവാന്‍ തയ്യാറാകുന്ന മാപ്പും നേരിട്ടും ആനുപാതികമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. അതുകൊണ്ട് ക്ഷമാപണം വളരെ നിസ്സാരമായ തെറ്റിന്‍റെ ഏറ്റുപറച്ചില്‍ അല്ലെന്നും പാപ്പാ ആവര്‍ത്തിച്ചു. പാപത്തെക്കുറിച്ചുള്ള അവബോധം ആദ്യം വ്യക്തിയില്‍ത്തന്നെയാണ് ഉണ്ടാകേണ്ടത്. രണ്ടാമതായി, ദൈവം സദാ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നതിനാല്‍  മറ്റുള്ളവരോട് ക്ഷമ കാണിക്കുവാനും, അവരോട് ഔദാര്യം കാണിക്കുവാനും, അവരുടെ കുറവുകള്‍ ക്ഷമിക്കാവാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ‘ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ദൈവമേ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ...’ – എന്ന യാചന ആവര്‍ത്തിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.