2015-03-09 10:54:00

ഹൃദയങ്ങളെ ക്രിസ്തു ശുദ്ധികലശം ചെയ്യും


പാപ്പാ ഫ്രാന്‍സിസ് മാര്‍ച്ച് 8-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നല്കിയ ത്രികാലപ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ക്രിസ്തു നടത്തിയ ദേവാലയ ശുദ്ധികലശമാണ് തപസ്സിലെ 3-ാം വാരം ഞായറാഴ്ചത്തെ സുവിശേഷം വരച്ചുകാട്ടുന്നത് (യോഹ. 2, 13-25). അവിടുന്ന് കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കി ദേവാലയത്തില്‍ കച്ചവടം നടത്തിയിരുന്നവരെ ആടുകളോടും കാളകളോടുംകൂടെ ആട്ടിപ്പുറത്താക്കി (15). നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിച്ചു. ഈ പ്രവൃത്തി ജനങ്ങളെയും അവിടുത്തെ ശിഷ്യന്മാരെയും ഏറെ ആശ്ചര്യപ്പെടുത്തി. വളരെ വ്യക്തമായും അവിടുന്ന് വെളിപ്പെടുത്തിയത് പ്രവാചക ശൈലിയായിരുന്നു. അതുകൊണ്ടാണ് അവരില്‍ ചിലര്‍ ചോദിച്ചത്, ഇതു ചെയ്യുവാനുള്ള അധികാരം താങ്ങള്‍ക്ക് ഉണ്ടെന്നതിന് എന്തടയാളമാണ് ഞങ്ങള്‍ക്ക് നല്കുക? പിന്നെ ഇതെല്ലാം ചെയ്യാനുള്ള അധികാരം ഇയാള്‍ക്ക് എവിടന്നാണ് കിട്ടിയത്? അധികാരമുണ്ടെന്നതിന് അടയാളം കാണിച്ചു തരിക! (18). ക്രിസ്തു ദൈവത്താല്‍ അയക്കപ്പെട്ടവനാണ് എന്നതിനുള്ള തെളിവാണ് അവര്‍ അന്വേഷിക്കുന്നത്. ക്രിസ്തു പറഞ്ഞു.

നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക. മൂന്നു ദിവസംകൊണ്ട് ഞാന്‍ അത് പുനരുദ്ധരിക്കാം (19). നാല്പത്താറു സംവത്സരങ്ങള്‍കൊണ്ട് പണിതീര്‍ത്ത ദേവാലയം ഇയാള്‍ എങ്ങനെ മുന്നു ദിവസംകൊണ്ട് പണിതുയര്‍ത്തുമെന്ന് യഹൂദര്‍ ആശ്ചര്യപ്പെട്ടു. (20). കുരിശില്‍ സമര്‍പ്പിക്കപ്പെട്ട്, മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്ന തന്‍റെ ശരീരമാകുന്ന ആലയത്തെക്കുറിച്ചാണ് ക്രിസ്തു പ്രവചിച്ചതെന്ന് അവര്‍ക്കു മനസ്സിലായില്ല.

മരിച്ചവരില്‍നിന്ന് ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവിടുന്ന് ഇതു മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്ന് ശിഷ്യന്മാര്‍ അനുസ്മരിച്ചു. അങ്ങനെ തിരുവെഴുത്തുകളിലും അവിടുന്നിലും അവര്‍ വിശ്വസിച്ചു (22).

ക്രിസ്തു ചെയ്ത കാര്യങ്ങളുടെ പൊരുളും പ്രവാചകദൗത്യവും പെസഹാ രഹസ്യങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ നമുക്ക് മനസ്സിലാക്കാനാവൂ. എന്നാല്‍ യോഹന്നാന്‍റെ സുവിശേഷം വെളിപ്പെടുത്തുന്ന ദേവാലയ ശുദ്ധികലശത്തിലാണ് ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവും ആദ്യമായി പ്രതിപാദിക്കപ്പെടുന്നത്. ലോക പാപങ്ങളാല്‍ കുരിശിലേറ്റപ്പെട്ട അവിടുത്തെ മരണത്തിന്‍റെയും, ദൈവ-മനുഷ്യ തലങ്ങളുടെ ഐക്യം യാഥാര്‍ത്ഥൃമാക്കുന്ന അവിടുത്തെ പുനരുത്ഥാനത്തിന്‍റെയും രഹസ്യങ്ങള്‍ വെളിപ്പെടുത്തപ്പെടുന്ന വേദിയാണിത്. അങ്ങനെ ഉത്ഥിതനായ ക്രിസ്തു സകലര്‍ക്കും പ്രാപഞ്ചിക ഐക്യത്തിന്‍റെ പ്രതീകമായിത്തീരുന്നു. മാനുഷികതയ്ക്കൊപ്പം അവിടുത്തെ ദൈവിക പ്രാഭവവും വെളിപ്പെടുത്തുകയും പ്രഘോഷിക്കുകയും, അവയെ സന്ധിചേര്‍ക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ ദേവാലയമായി മാറുന്നു ക്രിസ്തു! യഥാര്‍ത്ഥത്തില്‍ ദൈവത്തെ ആരാധിക്കുന്നവര്‍ ദേവാലയത്തിലെ വസ്തുവകകളുടെയോ, അധികാരത്തിന്‍റെയോ, മതപരമായ അറിവിന്‍റെയോ സൂക്ഷിപ്പുകാരല്ല, മറിച്ച് അവര്‍ ‘ആത്മാവിലും സത്യത്തിലും’ ദൈവത്തെ ആരാധിക്കുന്നവരാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു (യോഹ. 4, 23).

ഈ തപസ്സിലൂടെ നമ്മുടെ ജ്ഞാനസ്നാന വാഗ്ദാനങ്ങള്‍ നവീകരിക്കുന്ന ക്രിസ്തുവിന്‍റെ പുനരുത്ഥാന മഹോത്സവത്തിന് നാം ഒരുങ്ങുകയാണ്. ക്രിസ്തുവിനെപ്പോലെ നമുക്കും ലോകത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാം. മനുഷ്യര്‍ക്ക്, വിശിഷ്യാ പാവങ്ങള്‍ക്കും എളിയവര്‍ക്കും അവിടുത്തെ സ്നേഹത്തിന്‍റെ സാക്ഷൃമേകാം. നമ്മുടെ ജീവതങ്ങള്‍കൊണ്ട് അങ്ങനെ അവിടുത്തേയ്ക്ക് ആലയം പണിയാം. അതുവഴി ജീവിതയാത്രയില്‍ സകലര്‍ക്കും അവിടുത്തെ ‘സാന്നിദ്ധ്യാനുഭവം’ ലഭ്യമാക്കാം. സജീവനായ ക്രിസ്തുവിന് നമുക്ക് സാക്ഷൃമേകാം, മറ്റുള്ളവര്‍ ക്രിസ്തുവിനെ നമ്മില്‍ ദര്‍ശിക്കുവാന്‍ ഇടയാകട്ടെ. എന്നാല്‍ നാം ഓരോരുത്തരും ആത്മശോധ ചെയ്യേണ്ടതാണ്, ക്രിസതു നമ്മുടെ ജീവിത ഗേഹത്തില്‍, അതായത് നമ്മുടെ ആത്മീയ നിജസ്ഥിതിയില്‍ സംപ്രീതനാകുമോ? ജീവിതത്തിലെ ആര്‍ത്തിയുടെയും അസൂയയുടെയും, അഹങ്കാരത്തിന്‍റെയും, ലൗകായത്വത്തിന്‍റെയും, വിദ്വേഷത്തിന്‍റെയും പരദൂഷണത്തിന്‍റെയും വിഗ്രഹങ്ങളെ ശുദ്ധികലശംചെയ്യുവാന്‍ നാം ക്രിസ്തുവിനെ അനുവദിക്കുമോ?

ഇന്നത്തെ ആദ്യ വായനയില്‍ (പുറപ്പാട് 20, 1-17) ശ്രവിച്ചതുപോലെ, ദൈവത്തിനും അതുപോലെ സഹോദരങ്ങള്‍ക്കും എതിരായ എല്ലാ തിന്മകളും ജീവിതത്തില്‍നിന്നും ശുദ്ധികലശം ചെയ്ത്, ഇല്ലാതാക്കുവാന്‍ നാം ക്രിസ്തുവിനെ അനുവിദിക്കുമോ? മനഃസാക്ഷിയില്‍ നാം ഓരോരുത്തരുമാണ് ഉത്തരം നല്കേണ്ടത്. ഹൃദയ വിശുദ്ധീകരണത്തിന് ഞാന്‍ ക്രിസ്തുവിനെ അനുവദിക്കുമോ? ദൈവമേ, ഞാന്‍ അങ്ങേ ശിക്ഷാദണ്ഡിനെ ഭയപ്പെടുന്നു! ക്രിസ്തു ഒരിക്കലും എന്നെ പ്രഹരിക്കുന്നില്ല, ശിക്ഷിക്കുന്നില്ല എന്നെനിക്ക് അറിയാം. അവിടുത്തെ ലോലമായ സ്നേഹ-കാരുണ്യത്താലാണ് ക്രിസ്തു നമ്മെ ശുദ്ധരാക്കുന്നത്. കാരുണ്യമാണ് അവിടുത്തെ ശുദ്ധീകരണ ശൈലി. ചാട്ടവാറല്ല, തന്‍റെ കാരുണ്യവുമായിട്ട് ക്രിസ്തു നമ്മുടെ ജീവിതങ്ങളില്‍ പ്രവേശിക്കട്ടെ. ഹൃദയ കവാടങ്ങള്‍ അവിടുത്തെ മുന്നില്‍ തുറന്നിടാം. അങ്ങനെ അവ ക്രിസ്തുവിനാല്‍ ശുദ്ധികലശം ചെയ്യപ്പെടട്ടെ, നിര്‍മ്മലമാകട്ടെ!

വിശ്വാസത്തോടെ അര്‍പ്പിക്കുന്ന ദിവ്യബലി നമ്മെ ക്രിസ്തുവിന്‍റെ ആലയാങ്ങളാക്കുന്നു. കുരിശില്‍ അര്‍പ്പിക്കപ്പെട്ട് ഉത്ഥാനംചെയ്ത അവിടുത്തെ ദിവ്യശരീരവുമായി പരിശുദ്ധകുര്‍ബ്ബാനയില്‍ നമുക്കു ലഭിക്കുന്ന ഐക്യത്തിന് നന്ദിയര്‍പ്പിക്കാം. അവിടുത്തെ സ്വീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും നമ്മില്‍ ഓരോരുത്തരിലുമുള്ള ലോലമായ തൃഷ്ണയെ അവിടുന്ന് അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഹൃദയങ്ങളിലേയ്ക്കും ജീവിതങ്ങളിലേയ്ക്കും, കുടുംബങ്ങളിലേയ്ക്കും കടന്നുവരുവാന്‍ ക്രിസ്തുവിനെ അനുവദിക്കുക! ദൈവപുത്രനെ തന്‍റെ ഉദരത്തില്‍ സ്വീകരിക്കുവാന്‍ ഏറ്റവും യോഗ്യായ കന്യകാനാഥാ ഈ തപസ്സുകാലത്ത് നമ്മുടെകൂടെ ചരിക്കുകയും, നമ്മെ ബലപ്പെടുത്തുകയും ചെയ്യട്ടെ. ക്രിസ്തുവിന്‍റെ തിരുമുഖം ദര്‍ശിച്ച്, നാം അവിടുത്തെ ഐക്യത്തിന്‍റെ പാത പിന്‍തുടരാന്‍ ഇടയാവട്ടെ. അതുവഴി ഏകജാതനായ ക്രിസ്തുവുമായുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ മനോഹാരിത ജീവിതത്തില്‍ പുനരാവിഷ്ക്കരിക്കുവാനും നമുക്കു സാധിക്കട്ടെ!








All the contents on this site are copyrighted ©.