2015-03-07 15:58:00

സിറിയയിലെ പ്രതിസന്ധി രൂക്ഷം : അമേരിക്കന്‍ മെത്രാന്‍ സമിതി


സിറിയയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നുവെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അഭയാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കുംവേണ്ടിയുള്ള സമിതി 2014 അവസാനത്തില്‍ നടത്തിയ മദ്ധ്യപൂര്‍വ്വദേശ യാത്രകള്‍ക്കുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് മാര്‍ച്ച് 6-നാണ് പ്രസിദ്ധീകരിച്ചത്.

സിറിയന്‍ അഭയാര്‍ത്ഥി പ്രവാഹം അതീവ ഗുരുതരമായതോടെ 40 ലക്ഷത്തോളം ആളുകളാണ് വിവിധ രാജ്യങ്ങളിലായി അഭയാര്‍ത്ഥികളായി തുടരുന്നത്. സംഘര്‍ഷ മേഘലകളില്‍നിന്നുമുള്ള ആളുകളുടെ ഒഴിഞ്ഞുപോക്ക് അയല്‍ രാജ്യങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത വിധത്തില്‍ രൂക്ഷമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

“ISIS-ന്‍റെ ആധിപത്യത്തില്‍ അഭയാര്‍ത്ഥികളും അവരുടെ പ്രതീക്ഷകളും” എന്ന തലക്കെട്ടോടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോഴത്തെ അഭയാര്‍ത്ഥി പ്രശ്നങ്ങളിലേക്കാണ് പ്രധാനമായും വിരല്‍ ചൂണ്ടുന്നത്. സിറിയയ്ക്കും ഇറാക്കിനും ചുറ്റുമുള്ള രാജ്യങ്ങള്‍ പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ ചട്ടങ്ങളും നിബന്ധനകളും കൊണ്ടുവരുന്നു. അടുത്ത കാലത്തായി ജോര്‍ദ്ദാന്‍ തങ്ങളുടെ വടക്കേ അതിര്‍ത്തി കൂടുതല്‍ ബലപ്പെടുത്തി. ലെബനോനാകട്ടെ തങ്ങളുടെ വിസാ-നയം കൂടുതല്‍ ശക്തമാക്കി. മറ്റു രാഷ്ട്രങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ തീവ്രവാദികളെ ഭയന്നോടുന്ന ജനങ്ങളെ ഇപ്പോള്‍ തിരിച്ചയക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുകയാണെന്നും ഈ രീതി അപകടകരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഗ്രീസിലൂടെയും ബള്‍ഗേറിയയിലൂടെയും തുര്‍ക്കിയിലൂടെയും യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കും കൂടുതല്‍ സംരക്ഷണവും സഹായവും ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു.

അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിത സ്ഥലം എന്നത് സ്വപ്നമായി മാറുമ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാര്‍ത്ഥികളുടെ പ്രവാഹം കുറവില്ലാതെ തുടരുകയാണെന്നും ഈ ഗൌരവ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ കൂടുതല്‍ ദയനിയമാവുമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രവാസി-അഭയാര്‍ത്ഥി വിഭാഗം ഡയറക്റ്റര്‍, അനസ്താസ്യ ബ്രൌണ്‍ പറഞ്ഞു.

Reported by Deepakanto








All the contents on this site are copyrighted ©.