2015-03-05 16:35:00

ലൗകായത്വം യാഥാര്‍ത്ഥൃബോധം നഷ്ടപ്പെടുത്തുമെന്ന് പാപ്പാ ഫ്രാന്‍സിസ്


മാര്‍ച്ചു 5-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  സുഖസൗകര്യങ്ങളില്‍ മുഴുകി ജീവിക്കുന്ന ധനികന്‍, ആത്മീയനാണെങ്കില്‍പ്പോലും ജീവിത യാഥാര്‍ത്ഥ്യങ്ങളോട് അന്ധനായിപ്പോകുമെന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തു പറയുന്ന ലാസറിന്‍റെയും ധനികന്‍റെയും ഉപമ വ്യാഖ്യാനിച്ചുകൊണ്ട്  പാപ്പാ ഉദ്ബോധിപ്പിച്ചു (ലൂക്കാ 16, 19-37).

സുഖസൗകര്യങ്ങളും ലൗകിക മനഃസ്ഥിതിയും ആത്മാവിനെ മരവിപ്പിക്കുന്നതിനാലാണ് പടിക്കല്‍ കഴിയുന്ന പാവപ്പെട്ടവനെ കാണാതെ പോകുന്ന നിസംഗഭാവം സമൂഹത്തില്‍ വളര്‍ത്തുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇത്രയേറെ യാതനകളും ദാരിദ്ര്യവും കഷ്ടപ്പാടുകളും ലോകത്തുണ്ടെങ്കിലും അതിനോടെല്ലാം നിസംഗഭാവം വളര്‍ന്നുവരുവാന്‍ കാരണം, ലൗകായത്വത്തില്‍ ഉറഞ്ഞുപോയ മനുഷ്യന്‍റെ കഠിനഹൃദയമാണെന്നും പാപ്പാ പ്രസ്താവിച്ചു.

ശിഷ്യന്മാര്‍ ലൗകായത്വത്തില്‍ വീണുപോകാതിരിക്കാന്‍ ക്രിസ്തു അന്ത്യത്താഴ വിരുന്നില്‍ പിതാവിനോട് പ്രാര്‍ത്ഥിച്ച സുവിശേഷഭാഗവും പാപ്പാ വചനചിന്തയില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.