2015-02-27 09:42:00

വിശ്വസാഹോദര്യം വളര്‍ത്താന്‍ ഫോക്കൊലാരെ പ്രവര്‍ത്തിക്കും


ക്യാരാ ലൂബിക്കിന്‍റെ വിശ്വസാഹോദര്യ സന്ദേശം ആഗോളതലത്തില്‍ പങ്കുവയ്ക്കുമെന്ന്, ഫോക്കൊലാരെ പ്രസ്ഥാനത്തിന്‍റെ ജനറല്‍, മരിയ വോചെ പ്രസ്താവനയിലൂടെ അറിയിച്ചു. 

ഫോക്കലാരെ പ്രസ്ഥാനത്തിന്‍റെ സ്ഥാപകയായ, ധന്യയായ ക്യാരാ ലൂബിക്കിന്‍റെ 7-ാം ചരമവാര്‍ഷികം മാര്‍ച്ച് 14-ന് ആചരിക്കുന്ന അവസരം കണക്കിലെടുത്തുകൊണ്ടാണ് അവര്‍ പകര്‍ന്നുതന്ന വിശ്വസാഹോദര്യത്തിന്‍റെ സന്ദേശവും അതിന്‍റെ തനിമയാര്‍ന്ന ശൈലിയും ആഗോളതലത്തില്‍ പങ്കുവയ്ക്കാന്‍ പരിശ്രമിക്കുന്നതെന്ന് ഫെബ്രുവരി 26-ാം തിയതി വ്യാഴാഴ്ച പ്രസ്ഥാനത്തിന്‍റെ റോമില്‍ ഇറക്കിയ പ്രസ്താവന വെളിപ്പെടുത്തി. ലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ക്കുശേഷം വിശ്വസാഹോദര്യത്തിനും മാനവികതയുടെ ഐക്യത്തിനുംവേണ്ടി വടക്കെ ഇറ്റലിയിലെ ഫ്രെസ്ക്കാത്ത കേന്ദ്രീകരിച്ച് ക്യാര ലൂബക്ക് എന്ന വനിത തുടക്കമിട്ട അല്‍മായരുടെ സന്നദ്ധ സംഘടനയാണ് ഇന്ന് ആഗോള ഫോക്കൊലാരെ പ്രസ്ഥാനമായി (Focolare Movement)  വളര്‍ന്നിരിക്കുന്നത്.  ചെറിയ അല്‍മായ സമൂഹങ്ങളില്‍ ക്യാരാ ലൂബക്ക് ജീവിച്ചു കാണിച്ച സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും ആദര്‍ശങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ തലങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് ഫോക്കൊലാരെ പ്രസ്ഥാനം തങ്ങളുടെ ധന്യയായ സ്ഥാപകയുടെ സ്വപ്നങ്ങള്‍ ഇനിയും സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പരിശ്രമിക്കുന്നതെന്ന് മരിയ വോചെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഫ്രാന്‍സ്, ഇറ്റലി, ക്യാനഡ, അമേരിക്ക, തെക്കന്‍ കൊറിയ, ബ്രസീല്‍, കേനിയ, സ്പെയിന്‍, ഹംഗറി, ചെക് റിപ്പബ്ളിക്ക്, ടാന്‍സേനിയ എന്നീ രാഷ്ട്രങ്ങളുടെ പാര്‍ലിമെന്‍റുമായി കൈകോര്‍ത്ത് ലൂബക്കിന്‍റെ സാഹോദര്യ തന്ത്രങ്ങള്‍ കൈമാറുവാനുള്ള സന്നാഹങ്ങള്‍ ആയിക്കഴിഞ്ഞുവെന്നും ഫോക്കൊലാരെയുടെ പ്രസ്താവന വെളിപ്പെടുത്തി.

1920-ല്‍ ഇറ്റലിയിലെ ട്രെന്‍റിലാണ് ജനനം. ലോകമഹായുദ്ധങ്ങളുടെ ഭീതിയിലും ജീവതയാതകളിലും വളര്‍ന്ന ലൂബിക്കിന് 1943-ല്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രത്യേക വെളിച്ചം ലഭിച്ചതാണ് പ്രസ്ഥാനത്തിന് തുടക്കമായത്. സ്നേഹത്തിന്‍റെ സ്വര്‍ഗ്ഗീയ വാനമ്പാടിയായ അസ്സീസിയിലെ വിശുദ്ധ ക്ലാരയെ മദ്ധ്യസ്ഥയായി സ്വീകരിച്ച ലൂബിക്ക്, പിന്നീട് ക്യാര എന്ന നാമം സ്വീകരിച്ചു.  ജീവിത വിജയം യുദ്ധത്തിലും കലഹത്തിലുമല്ല, സ്നേഹത്തിലാണ്.... സ്നേഹമാണ് ശ്രേഷ്ഠം എന്ന വെളിച്ചത്തില്‍, സാഹോദര്യവും ഐക്യവും പ്രചരിപ്പിക്കുവാനുള്ള ലളിതമായ സ്നേഹക്കൂട്ടായ്മയ്ക്ക് സുഹൃദ് വലയത്തിലാണ് തുടക്കം കുറിച്ചത്. തന്‍റെ ജീവിത യാതനകളുടെ സാമൂഹ്യപശ്ചാത്തലത്തില്‍ തുടക്കമിട്ട പ്രസ്ഥാനം വളര്‍ന്ന് Focolare Movement – സ്നേഹക്കൂട്ടായ്മയായി വളര്‍ന്നുവന്നു. ഇറ്റലിയില്‍നിന്നും യൂറോപ്പിന്‍റെ ഇതര ഭാഗങ്ങളിലേയ്ക്കും അത് വളര്‍ന്ന് മെല്ലെ ആഗോള അംഗീകാരം ലഭിച്ചു. ഇതര മതസ്ഥരും ചിലപ്പോള്‍ വിശ്വാസമില്ലാത്തവര്‍പോലും മാനവികതയുടെ ഈ സ്നേഹക്കൂട്ടായ്മയില്‍ വിശ്വസിക്കുകയും പങ്കുചേരുകയും അതിന്‍റെ പ്രായോക്താക്കളാവുകയും ചെയ്തു.

2008-ല്‍ ക്യാര മരിക്കുമ്പോള്‍ ഫോക്കൊലാരെ പ്രസ്ഥാനം വളര്‍ന്ന് ലോകത്തെ 182 രാഷ്ട്രങ്ങളില്‍  20 ലക്ഷത്തിലേറെ അംഗങ്ങളുള്ള വിശ്വശാന്തിയുടെയും സാഹോദര്യത്തിന്‍റെയും കാഹളമായി പ്രതിധ്വനിച്ചിരുന്നു.  








All the contents on this site are copyrighted ©.