2015-02-27 09:15:00

കുടുംബം സ്വാതന്ത്ര്യത്തിന്‍റെ സമുന്നത വേദിയാണ്


സ്വാതന്ത്ര്യത്തിന്‍റെ സമുന്നത വേദിയാണ് കുടുംബമെന്ന് ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് പ്രസ്താവിച്ചു. ഫെബ്രുവരി 25-ാം തിയതി, തെക്കെ ഇറ്റലിയിലെ കമ്പാഞ്ഞാ പ്രവിശ്യയിലുള്ള ബട്ടിപ്പാലിയയില്‍ സംഘടിപ്പിച്ച, പരിശുദ്ധ സിംഹാസനത്തിന്‍റെ 10-ാത് ‘Tu es Petrus’ അന്തര്‍ദേശിയ സമ്മാനദാന ചടങ്ങില്‍ കുടുംബങ്ങളെ സംബന്ധിച്ചു സമര്‍പ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ കോഹ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സ്ത്രീയും പുരുഷനും ദൈവത്തിന്‍റെ പദ്ധതിയില്‍ ഒത്തുചേരുന്ന വൈവാഹിക ബന്ധത്തിലൂടെയും, അതിന്‍റെ അഭേദ്യത നിലനിറുത്തുക്കൊണ്ട് സന്താനോല്പാദനത്തിലൂടെ വളര്‍ച്ച പ്രാപിക്കുന്ന കുടുംബങ്ങളാണ് സാക്ഷാത്തായ സ്വാതന്ത്ര്യത്തിന്‍റെ സാമൂഹ്യ തട്ടുകമായിത്തീരുന്നതെന്ന് കര്‍ദ്ദിനാള്‍ കോഹ് പ്രബന്ധത്തിലൂടെ സമര്‍ത്ഥിച്ചു.  

ഈ വര്‍ഷത്തെ ‘Tu es Petrus’ പുരസ്ക്കാരം റോമിലെ ലാറ്റരന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടര്‍, സലീഷ്യന്‍ ബിഷപ്പ്, എട്രീക്കോ കൊവാലോയ്ക്ക് നല്കപ്പെട്ടു. അദ്ദേഹത്തിന്‍റെ കാലികമായ സാംസ്ക്കാരിക സംഭാവനകള്‍ക്ക് അംഗീകാരമായിട്ടാണ് വത്തിക്കാന്‍ പുരസ്ക്കാരം നല്കി ആദരിച്ചത്.

സഭയുടെ ഏറെ പ്രസക്തവും പ്രധാനവുമായ ഇന്നിന്‍റെ വെല്ലുവിളി കുടുംബം തന്നെയാണെന്നും പ്രബന്ധത്തിലൂടെ കര്‍ദ്ദിനാള്‍ കോഹ് സ്ഥാപിച്ചു. സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ കുടുംബ സ്ഥാപനത്തെക്കുറിച്ച് ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യന്‍റെ കാഴ്ചപ്പാടില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. അഭേദ്യമായ കുടുംബബന്ധം പരിഗണിക്കാതെ സ്ത്രീ പുരുഷന്മാരുടെ താല്ക്കാലിക സഹവാസം മാത്രമായി കുടുംബത്തെ മാറ്റുവാനുമുള്ള നിയമ നീക്കങ്ങള്‍ക്കായി രാഷ്ട്രങ്ങള്‍ പരിശ്രമിക്കുന്ന കാര്യവും കര്‍ദ്ദിനാള്‍ കോഹ് ഖേദപൂര്‍വ്വം പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. അതുപോലെ ഇന്ന് സഭയിലും സമൂഹത്തിലും വര്‍ദ്ധിച്ചുവരുന്ന വിവാഹ മോചക്കേസുകളും കുടുംബ കലഹങ്ങളും അജപാലന മേഖലയുടെ നിരന്തരമായ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ കോഹ് സ്ഥാപിച്ചു.

മൂന്നാമതായി, ദാമ്പത്യജീവിതത്തിന്‍റെ അടിസ്ഥാന ലക്ഷൃമായ ജീവന്‍റെ പ്രത്യുല്പാദനം എന്ന ലക്ഷൃം മാറ്റിവച്ച്, സ്ത്രീ പുരുഷന്മാരുടെ സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ക്കും താല്ക്കാലിക സുഖസൗകര്യങ്ങള്‍ക്കുമായുള്ള സാമൂഹ്യസംവിധാനം മാത്രമായി കുടുംബത്തെ ലഘൂകരിക്കുന്ന മനഃസ്ഥിതിയും അപകടകരമാണെന്ന് കര്‍ദ്ദിനാള്‍ കോഹ് പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു.

 








All the contents on this site are copyrighted ©.