2015-02-26 19:50:00

ആരാധനക്രമം സുവിശേഷവത്ക്കരണത്തിനുള്ള മനോഹരമായ ഉപാധി


ആരാധനക്രമം സുവിശേഷവത്കരണത്തിനുള്ള മനോഹരമായ ഉപാധിയാണെന്ന്, റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴിസിറ്റിയുടെ പ്രഫസര്‍, ഫാദര്‍ നിക്കോളസ് സ്റ്റീവ് പ്രസ്താവിച്ചു. 

ഫെബ്രുവരി 25-ാം തിയതി ബുധനാഴ്ച ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ചിരിക്കുന്ന ‘ആരാധനക്രമവും സുവിശേഷവത്ക്കരണവും’ എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനത്തിലാണ്, ആരാധനക്രമ വിഭാഗം പ്രഫസര്‍, ഫാദര്‍ നിക്കോളസ് സ്റ്റീവ് ഇങ്ങനെ പ്രസ്താവിച്ചത്. പാപ്പാ ഫ്രാന്‍സിസിന്‍റെ Evangelii Gaudium  ‘സുവിശേഷ സന്തോഷം,’ എന്ന അപ്പസ്തോലിക പ്രബോധനത്തെ ആധാരമാക്കിയാണ് മൂന്നു ദിവസത്തെ  സമ്മേളനം (25 Feb. – 27 Feb). ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതിയാണ് ഇതിന്‍റെ പ്രായോജകര്‍. സുവിശേഷവത്ക്കരണത്തിന്‍റെ സൗന്ദര്യമാണ് ആരാധനക്രമമെന്ന പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രബോധനം, സുവിശേഷ സന്തോഷത്തില്‍ പരമാര്‍ശിക്കുന്ന ചിന്തയെ അടിസ്ഥാനപ്പെടുത്തിയാണ് സമ്മേളനത്തിന്‍റെ പഠനം പുരോഗമിക്കുന്നതെന്നും ഫാദര്‍ സ്റ്റീവ് വ്യക്തമാക്കി.

സന്തോഷത്തോടുകൂടിയുള്ള സുവിശേഷവത്ക്കരണം നന്മ പ്രവര്‍ത്തിക്കുവാനും പ്രസരിപ്പിക്കുവാനുമുള്ള അനുദിനജീവിതത്തിന്‍റെ അവസരം എന്ന നിലയില്‍ ആരാധനക്രമം അതിന്‍റെ സൗന്ദര്യമാണെന്ന്, ഫാദര്‍ സ്റ്റീവ് ആമുഖപ്രഭാഷണത്തില്‍ പാപ്പായുടെ പ്രബോധനത്തെ ആധാരമാക്കി വിവരിച്ചു. ആത്മീയജീവന്‍റെ സ്രോതസ്സായ ആരാധനക്രമത്തിന്‍റെ ചിട്ടയുള്ളതും മനോഹരവുമായ ആഘോഷത്തിലൂടെ സഭ അനുദിനം സുവിശേഷവത്ക്കരിക്കുകയും, സുവിശേഷവത്ക്കരിക്കപ്പെടുകയും ചെയ്യുമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ തനിമയാര്‍ന്ന പ്രബോധനമാണെന്നും ഫാദര്‍ സ്റ്റീവ് സമ്മേളത്തില്‍ വെളിപ്പെടുത്തി (Evangelii Gaudium 24).

ആരാധനക്രമം അധരങ്ങളാലുള്ള വിശ്വാസത്തിന്‍റെ പ്രഘോഷണമാകയാല്‍ ദൈവിക സാന്നിദ്ധ്യവും, കര്‍ത്താവിന്‍റെ വചനവും വിശ്വാസസമൂഹത്തിന്‍റെ ഇന്ദ്രിയങ്ങളിലൂടെ അനുഭവവേദ്യമാവുകയും, ദൈവസ്നേഹത്തിന്‍റെയും രക്ഷാകര ശക്തിയുടെയും അനുഭവങ്ങളിലൂടെ മനുഷ്യന്‍ ആരാധന മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു. അങ്ങനെയാണ് ആരാധനയില്‍ സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാകുന്നതെന്ന് ഫാദര്‍ സ്റ്റീവ് സമ്മേളനത്തില്‍ വിശദീകരിച്ചു.

അങ്ങനെ ദിവ്യബലിയിര്‍പ്പണത്തിലും മറ്റു കൂദാശകളുടെ പരികര്‍മ്മത്തിലും വൈദികര്‍ സുവിശേഷവത്ക്കരണത്തിന്‍റെ പ്രായോഗി വശം കൂടെ മനസ്സില്‍വച്ചുകൊണ്ട് ശ്രദ്ധാപൂര്‍വ്വവും ആശ്ചര്യഭാവത്തോടും വിശുദ്ധിയുടെ അനുഭവത്തോടുംകൂടെ അവ കൈകാര്യം ചെയ്യേണ്ടതാണെന്ന് ധാരാളം വൈദിക വിദ്യാര്‍ത്ഥികളും വൈദികരും പങ്കെടുത്തുന്ന സമ്മേളനത്തോട് ഫാദര്‍ സ്റ്റീവ് ആഹ്വാനംചെയ്തു. 








All the contents on this site are copyrighted ©.