2015-02-25 18:10:00

ഒറീസ്സായില്‍ വീണ്ടും ഭീതിദമായ അന്തരീക്ഷം


ഒറീസ്സായിലെ കാണ്ടമാലിലില്‍ വിശ്വഹിന്ദു പരിഷത് സംഘടിപ്പിക്കുന്ന ജൂബിലി സമ്മേളനം ക്രൈസ്തവരില്‍ ഭീതിയുണര്‍ത്തുന്നുവെന്ന്, ഒറീസ്സായിലെ സഭാ വക്താവ്, ഫാദര്‍ അജയ് സംങ് ഫെബ്രുവരി 24-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ഹിന്ദുമത മൗലികവാദി സംഘടനയായ വി.എച്.പി. അതിന്‍റെ സ്ഥാപനത്തിന്‍റെ സുവര്‍ണ്ണജൂബിലി ഒറീസ്സായിലെ കാണ്ഡമാലില്‍ ഫെബ്രുവരി 28-ാം തിയതി ആഘോഷിക്കുവാന്‍ ഒരുങ്ങുന്നതാണ് സ്ഥലത്തെ ന്യൂനപക്ഷവും പാവങ്ങളുമായ ക്രൈസ്തവരില്‍ ഭീതി ഉണര്‍ത്തുന്നതെന്ന് സാമൂഹ്യസേവകനും സഭാ വക്താവുമായ ഫാദര്‍ അജയ് സിംങ് ഭുവനേശ്വറില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

2006, 2008 വര്‍ഷങ്ങളില്‍ കാണ്ഡമാലിലെ ക്രൈസ്തവര്‍ക്കെതിരായി വി.എച്ച്. പി.-യുടെ മൗലികവാദികള്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ടത് ഇതുപോലുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നുവെന്നതാണ് ആശങ്കയ്ക്കു കാരണമെന്നും ഫാദര്‍ അജയ് സിംങ് വ്യക്തമാക്കി.  വി.എച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയ കാണ്ഡമാലില്‍ പ്രവേശിക്കരുതെന്ന സുപ്രീം കോടതിയുടെ വിലക്കു നിലനില്ക്കെയാണ് തൊഗാഡിയായുടെ നേതൃത്വത്തില്‍ത്തന്നെ വിശ്വഹിന്ദു പരിഷത് ജൂബിലി ആഘോഷങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഫാദര്‍ സിങ് ചൂണ്ടിക്കാട്ടി.  

2006, 2008 വര്‍ഷങ്ങളില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കാണ്ഡമാലില്‍ നിര്‍ദ്ദോഷികളായ 100-ല്‍പ്പരം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതും, അവരുടെ ഭവനങ്ങളും ദേവാലയങ്ങളും അഗ്നിക്കിരയാക്കപ്പെട്ടതുമെന്നും ഫാദര്‍ സിംങ് പ്രസ്താവനയില്‍ അനുസ്മരിച്ചു. കാണ്ഡമാലില്‍ ഇപ്പോള്‍ ഹിന്ദുമത മൗലികവാദികളുടെ ഇടയില്‍ നടക്കുന്ന തീവ്രമായ ജൂബിലി ഒരുക്കങ്ങള്‍ ഭീതിദമാണെന്നും, അവിടെ ജീവിക്കുന്ന ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്കണമെന്നും ഫാദര്‍ അജയ് സിങ് പ്രസ്താവനയിലൂടെ സര്‍ക്കാരിനോടും, സാമൂഹ്യ സുരക്ഷാ സംഘടനകളോടും അപേക്ഷിച്ചു. 








All the contents on this site are copyrighted ©.