2015-02-23 14:03:00

ഹൃദയസൂക്ഷിപ്പിനുതകുന്ന പാപ്പായുടെ പ്രാര്‍ത്ഥനപ്പുസ്തകം


ഹൃദയപരിവര്‍ത്തനത്തിന്‍റെ ആത്മീയ യാത്രയാണ് തപസ്സ്, തപസ്സുകാലം. മാനസാന്തരപ്പെട്ട് മനുഷ്യഹൃദയങ്ങള്‍ ദൈവത്തിലേയ്ക്കു തിരിയണം. ഈ ലക്ഷൃത്തോടയാണ് മറ്റൊരു പ്രാര്‍ത്ഥനപ്പുസ്തകംകൂടെ സൗജന്യമായി താന്‍ വിതരണംചെയ്യുകയാണെന്ന് ഫെബ്രുവരി 22-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് അവിടെ സമ്മേളിച്ച ആയിരങ്ങളെ അറിയിച്ചു.

‘ഹൃദയസൂക്ഷിപ്പിന്....’ (Custodisci il cuore) എന്ന പേരിലാണ് ചെറിയ പ്രാര്‍ത്ഥന പുസ്തകം വത്തിക്കാന്‍ വത്തിക്കാനില്‍ സൗജന്യമായി വിതരണംചെയ്തത്. രണ്ടാം തവണയാണ് പരമ്പരാഗത ക്രിസ്തീയ പ്രാര്‍ത്ഥനകളുടെ ചെറുശേഖരം വത്തിക്കാന്‍ വിതരണംചെയ്യുന്നത്. ആദ്യത്തെ പ്രാര്‍ത്ഥപുസ്തകത്തിന്‍റെ പേര്, ‘പ്രാര്‍ത്ഥനകള്‍’  (Preghiere) എന്നായിരുന്നു. അനുദിന ജീവിതസാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന വളരെ വിലപ്പെട്ട ഹ്രസ്വപ്രാര്‍ത്ഥനകളുടെ പോക്കറ്റ് പതിപ്പാണ് (Pocket Edition) പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിതരണംചെയ്തത്. ജീവിതയാത്രയില്‍ ഹൃദയപരിവര്‍ത്തനത്തിനും മാനസാന്തരത്തിനും ഉതകുന്ന വിധത്തില്‍ അവ ഉപയോഗപ്പെടുത്തണമെന്ന് പുസ്തകത്തിന്‍റെ പ്രതി കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.

സുവിശേഷത്തിലെ അഷ്ഠഭാഗ്യങ്ങള്‍, ഏഴു കൂദാശകള്‍, പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍, ദൈവ കല്പനകള്‍, ക്രിസ്തീയ പുണ്യങ്ങള്‍ എന്നിങ്ങനെ വിശ്വസത്തിന്‍റെ അടിസ്ഥാന പ്രബോധനങ്ങള്‍ പുസ്തകത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് പാപ്പാ വിവരിച്ചു.

ക്രിസ്തീയ പ്രബോധനങ്ങളുടെ സത്തയായ ഈ പ്രാര്‍ത്ഥനകള്‍ അനുദിനം ഉപയോഗിച്ചുകൊണ്ട് ദൈവത്തിലേയ്ക്ക് കൂടുതല്‍ അടുക്കാമെന്നും, മാനസാന്തരത്തിലൂടെ ആത്മീയ വളര്‍ച്ച പ്രാപിക്കാമെന്നും പാപ്പാ പ്രസ്താവിച്ചു. നന്മയുടെയും തിന്മയുടെയും, ലൗകായത്വത്തിന്‍റെയും ദൈവികതയുടെയും, നിസംഗതയുടെയും പങ്കുവയ്ക്കലിന്‍റെയും വൈവിധ്യങ്ങള്‍ മനുഷ്യ ഹൃദയങ്ങളെ അങ്ങുമിങ്ങും ഉലയ്ക്കുമ്പോള്‍ നന്മയുടെയും സഹോദരസ്നേഹത്തിന്‍റേയും ദൈവികഭാവത്തിന്‍റെയും പക്ഷംചേരുവാനുള്ള ആന്തരിക തിരഞ്ഞെടുപ്പു ഹൃദയത്തില്‍ നടത്തണമെന്നും പാപ്പാ ആഹ്വാനംചെയ്തു. അതുവഴി ലോകത്ത് നീതിയും സമാധാനവും സ്നേഹവും നിലനിറുത്തുവാന്‍ സാധിക്കട്ടെ, മാനവഹൃദയങ്ങള്‍ ദൈവത്തിനായി തുറക്കപ്പെടട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാപരിപാടി ഉപസംഹരിച്ചത്.

ഞായറാഴ്ച ആയിരുന്നതിനാല്‍ പാപ്പായ്ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്നതിനും, പ്രഭാഷണം ശ്രവിക്കുന്നതിനുമായി വിശുദ്ധ പത്രോസിന്‍റെ ചത്വരം നിറയെ തീര്‍ത്ഥാടകരും സന്ദര്‍ശകരും സന്നിഹിതരായിരുന്നു. ഏകദേശം ഇരുപത്തയ്യായിരത്തിലേറെ പേര്‍ സമ്മേളിച്ചിരുന്നതായി വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനയ്ക്കും പ്രഭാഷണത്തിനുംശേഷം പ്രാര്‍ത്ഥനപുസ്തകം ചത്വരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വത്തിക്കാന്‍റെ സന്നദ്ധസേവകര്‍ വിതരണംചെയ്യുകയുണ്ടായി. 








All the contents on this site are copyrighted ©.