2015-02-22 19:33:00

വര്‍ഷിക ധ്യാനത്തിന് പാപ്പാ അരീചായില്‍


പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍റെ വിവിധ കാര്യാലയങ്ങളുടെ (Roman Curia) തലവന്മാരും ഫെബ്രുവരി 22-ാം തിയതി ഞായറാഴ്ച വൈകുന്നേരം വാര്‍ഷിക ധ്യാനം ആരംഭിച്ചു. റോമിനു പുറത്ത്, വത്തിക്കാനില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള അരീച ഗ്രാമത്തിലേയ്ക്ക് ബസിലാണ് പാപ്പായും റോമന്‍ കൂരിയ അംഗങ്ങളും യാത്ര തിരിച്ചത്. ദിവ്യഗുരുവിന്‍റെ ഭവനം (The Divine Master’s House) എന്ന് അറിയപ്പെടുന്ന സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാന കേന്ദ്രത്തിലാണ് ഈ വര്‍ഷവും പാപ്പായും വത്തിക്കാന്‍ സംഘവും ധ്യാനിക്കുന്നത്. ബ്രൂണോ സെക്കൊന്തീനി എന്ന ഇറ്റലിക്കാരനായ കര്‍മ്മലീത്ത വൈദികനാണ് ധ്യാനഗുരു. ‘സജീവ ദൈവത്തിന്‍റെ ശുശ്രൂഷകരും പ്രഘോഷകരും’ എന്നതാണ് ധ്യാനത്തിന്‍റെ മുഖ്യവിഷയം.

പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പാപ്പായ്ക്കൊപ്പം ധ്യാനത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരനാണ്.  ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച ധ്യാനം അഞ്ചു ദിവസം നീണ്ടുനില്ക്കും. ഫെബ്രുവരി 27-ാം തിയതി വെള്ളിയാഴ്ച, രാവിലെ സമാപിപ്പിച്ച് അന്നുതന്നെ പാപ്പാ വത്തിക്കാനിലെത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കൊ ലൊമ്പാര്‍ഡി അറിയിച്ചു.








All the contents on this site are copyrighted ©.