2015-02-22 12:43:00

റോമിലെ വൈദികരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി


ഫെബ്രുവരി 19-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലായിരുന്നു റോമാ രൂപതയിലുള്ള വൈദികരുമായി പാപ്പായുടെ കൂടിക്കാഴ്ച നടന്നത്. പാപ്പാ അദ്ധ്യക്ഷനായുള്ള രൂപതയാണ് റോം. റോമിന്‍റെ മെത്രാനെന്ന് പാപ്പാ വിശേഷിപ്പിക്കാറുണ്ട്. വൈദികരുമായുള്ള കൂടിക്കാഴ്ച എല്ലാ വര്‍ഷവും പതിവുള്ളതുമാണ്. വിഭൂതിത്തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്ന പതിവിനും പഴക്കമുണ്ട്. എന്നാല്‍ ഇക്കുറി കൂടിക്കാഴ്ച സ്വകാര്യവും, അടച്ചവാതില്‍ സംഭാഷണവുമായിരുന്നു.

.റോമാരൂപയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു. ഈ കൂടിക്കാഴ്ചയ്ക്കായി റോമിലെ പൗരോഹിത്യ കൂട്ടായ്മ കാത്തിരിക്കുയായിരുന്നെന്നും, തങ്ങളുടെ മെത്രാനെയും ഒപ്പം പിതാവിനെയുമാണ് പാപ്പാ ഫ്രാന്‍സിസില്‍ ശ്രവിക്കുവാന്‍ ആഗ്രഹിക്കുന്നതെന്നും ആമുഖമായി കര്‍ദ്ദിനാള്‍ വലീനി പ്രസ്താവിച്ചു.

പാപ്പായുടെ പ്രഭാഷണം പ്രായോഗിക കാരണങ്ങളാല്‍ ഇക്കുറി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയില്ല. പ്രഭാഷണം നേരില്‍ ശ്രവിച്ച റോമിലെ വിശുദ്ധ ബനിഡിക്ടിന്‍റെ ഇടവക വികാരി, ഫാദര്‍ ഫാബിയോ ബര്‍ത്തോളി അതിന്‍റെ പ്രസക്തമായ ചിന്തകള്‍ വത്തിക്കാന്‍ റേഡിയോയുമായി ഇങ്ങനെ പങ്കുവച്ചു.

ആരാധനക്രമത്തിന്‍റെ ശ്രേഷ്ഠമായ പരികര്‍മ്മം (Arts Celebradi) എന്ന വിഷയമായിരുന്നു പാപ്പാ പങ്കുവച്ചതില്‍ ഏററവും ശ്രദ്ധേയമായ ചിന്തയെന്ന് ഫാദര്‍ ഫാബിയോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രഭാഷണത്തിന് ആമുഖമായി ബ്യൂനസ് ഐരസിലെ മെത്രാപ്പോലീത്തയായിരിക്കവെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ബര്‍ഗോളിയോ 2005-ല്‍ വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിനു സമര്‍പ്പിച്ച ചില നിരീക്ഷണങ്ങളുടെ പകര്‍പ്പ് പ്രഭാഷണം കേള്‍ക്കാന്‍ എത്തിയ 500-ല്‍പ്പരം വൈദികര്‍ക്ക് നല്കിയിരുന്നു.

കൂദാശകള്‍ പരികര്‍മ്മം ചെയ്യുമ്പോള്‍, വിശിഷ്യ ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട ‘ആശ്ചര്യഭാവ’ത്തെക്കുറിച്ച് (sense of wonder & sense of sacred) പാപ്പാ ഫ്രാന്‍സിസ് തുറന്നു പങ്കുവച്ച കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്ന് ഫാദര്‍ ഫാബിയോ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അനുഷ്ഠാനങ്ങളുടെ കൂലങ്കഷമായ ചിട്ടവട്ടങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതും, അല്ലെങ്കില്‍ അശ്രദ്ധമായും ഉഴപ്പിയുമുള്ള ബലിയര്‍പ്പണത്തിലും ദൈവികതയുടെ ആശ്ചര്യഭാവം ഉണ്ടാവില്ലെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ യാന്ത്രികമോ വളരെ സാങ്കേതികമോ ആയ ബലിയര്‍പ്പണം ഒഴിക്കാണമെന്നും, കൂദാശകളുടെ ദൈവികമായ ആശ്ചര്യഭാവം വീണ്ടെടുക്കണമെന്നും വൈദികരെ പാപ്പാ അനുസ്മരിപ്പിച്ചതായി ഫാദര്‍ ഫാബിയോ പങ്കുവച്ചു.

ബലിയര്‍പ്പണവും പ്രാര്‍ത്ഥനയുമെല്ലാം ജീവല്‍ബന്ധിയായിരിക്കണമെന്നും, ജനങ്ങളുടെ ജീവിതാനുഭവങ്ങളില്‍നിന്നും, അവരുടെ സഹനങ്ങളില്‍നിന്നും, തളര്‍ച്ചകളില്‍നിന്നും അവ ആരംഭിക്കുകയാണെങ്കില്‍ ആരാധനക്രമത്തില്‍ ദൈവജനത്തിന് നഷ്ടമായിപ്പോകുന്ന അല്ലെങ്കില്‍ ചോര്‍ന്നുപോകുന്നു ആശ്ചര്യഭാവം തിരികെക്കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു.

നഗരങ്ങളില്‍ പൊതുവെ കാണുന്ന എല്ലാ കുഴപ്പങ്ങളും റോമാ നഗരത്തിലും ഉണ്ടെന്നും, അനുദിന ജീവിത വ്യഗ്രതയുടെ തിരശ്ചീനമായതില്‍ കുടുങ്ങിക്കിടക്കുന്ന നഗരവാസികള്‍ക്ക് ലംബമാനമായി ഉണ്ടായിരിക്കേണ്ട ദൈവികൈക്യവും അനുഭവവും ഇല്ലാതെ പോകുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഈ നാഗരിക ശൈലി അവിടങ്ങളില്‍ പാര്‍ക്കുന്ന വൈദികരെയും ബാധിക്കുന്നുമുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. ദിവ്യമായതിനെക്കുറിച്ചും ഭവ്യമായതിനെക്കുറിച്ചുമുള്ള അവബോധം മെല്ലെ ആധുനിക ജീവിതചക്രവാളത്തില്‍ മങ്ങിപ്പോവുകയും മാഞ്ഞുപോവുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ദൈവത്തിനും, ദൈവികമായതിനുംവേണ്ടി ജീവിക്കേണ്ട വൈദികന്‍റെ പ്രാഥമിക സ്ഥാനം പുനരാഷ്ക്കരിക്കാന്‍ പരിശ്രമിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

വൈദികന്‍ ജനങ്ങള്‍ക്കൊപ്പം ആയിരിക്കുന്ന അജപാലന യുക്തിയെക്കുറിച്ച് തന്‍റെ അപ്പോസ്തോലിക ശുശ്രൂഷയുടെ ആരംഭകാലത്ത് പാപ്പാ ഫ്രാന്‍സിസ് പറഞ്ഞിട്ടുള്ളതും, സുവിശേഷ സന്തോഷം എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ എടുത്തു പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങളില്‍ ചിലത് പാപ്പാ പ്രഭാഷണത്തില്‍ ആവര്‍ത്തിക്കുകയുണ്ടായെന്നും ഫാദര്‍ ഫാബിയോ വെളിപ്പെടുത്തി. ഇടയന്‍ ആടിന്‍റെ മണമറിയുന്നവനാണെന്നും,. അതിനാല്‍ അയാള്‍ ആടിന്‍റെ മണം ഉള്ളവനായിരിക്കുമെന്നും പ്രസ്താവിച്ചുകൊണ്ട്, വൈദികന്‍ ദൈവജന ശുശ്രൂഷയില്‍ പൂര്‍ണ്ണമായും വ്യാപൃതനാകേണ്ടവനാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. വൈദികര്‍ ജനങ്ങളുടെ കൂടെയായിരിക്കണം, അവര്‍ക്ക് ഒപ്പമായിരിക്കണം, അവരെ സ്നേഹിക്കണം എന്ന് പാപ്പാ പ്രത്യേകം അനുസ്മരിപ്പിച്ചു. അങ്ങനെ പതറാത്ത അജപാലന സ്നേഹത്തിലൂടെ അവരെ ക്രിസ്തുവിലേയ്ക്ക് നയിക്കുക എന്നത് അജപാലകരുടെ അടിസ്ഥാന ദൗത്യമാണെന്നും പാപ്പാ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചതായി ഫാദര്‍ ഫാബിയോ വെളിപ്പെടുത്തി. 

(ഫാദര്‍ ഫാബിയോ ബര്‍ത്തോളി ഫെബ്രുവരി 20-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങളാണ്.)








All the contents on this site are copyrighted ©.