2015-02-21 14:09:00

ജീവിതപരീക്ഷങ്ങളുടെ മരുഭൂമി തപസ്സിലെ ഒന്നാംവാരം


വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം 1, 12-15 മരുഭൂമിയിലെ പരീക്ഷ

ഉടനെ ആത്മാവ് അവിടുത്തെ മരുഭൂമിയലേയ്ക്കു നയിച്ചു. സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവിടുന്ന് മരുഭൂമിയില്‍ വസിച്ചു. വന്യമൃഗങ്ങളോടു കൂടെയായിരുന്നു അവിടുന്ന്. ദൈവദൂതന്മാര്‍ അവിടുത്തെ ശുശ്രൂഷിച്ചു. 

യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ ക്രിസ്തു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേയ്ക്കു വന്നു. അവിടുന്നു പറഞ്ഞു. സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.

രണ്ടു പക്ഷങ്ങളെ കൂട്ടിയിണക്കുന്ന വ്യവസ്ഥയെ അല്ലെങ്കില്‍ കരാറിനെണ് നാം ഉടമ്പടിയെന്നു പറയുന്നത്. ‘ഇനിയൊരിക്കലും ഭൂമിയെ നശിപ്പിക്കില്ല’ന്ന് ദൈവം ഉടമ്പടിചെയ്തത് പഴയനിമത്തിലെ ഉല്പത്തിയില്‍ നാം വായിക്കുന്നു - അത് നോഹുമായിട്ടായിരുന്നു. മഹാപ്രളയത്തില്‍നിന്നും പരിരക്ഷിക്കപ്പെട്ട നോഹും കുടുംബവുമാണ് ഭൂമുഖത്ത് പിന്നീട് അധിവസിക്കുന്നതും, പെരുകി വര്‍ദ്ധിക്കുന്നതും. മനുഷ്യകുലവുമായുള്ള ആ ഉടമ്പടി വീണ്ടും നവീകരിക്കപ്പെടുന്നത് ക്രിസ്തുവിലാണ്. പഴയ ഉടമ്പടി ക്രിസ്തുവില്‍ അത് നവീകരിക്കപ്പെടുക മാത്രമല്ല, പൂര്‍ണ്ണിമയില്‍ എത്തുന്നു. ഒപ്പം അത് വളരെ മാനുഷികമായ ഭാവം കൈവരിക്കുന്നു.

ആസന്നമായ തപസ്സുകാലം, ദൈവവുമായുള്ള നമ്മുടെ ഉടമ്പടി നവീകരിക്കുവാനുള്ള സമയമാണ്. ജ്ഞാനസ്നാനത്തിലൂടെ നേടിയ ക്രിസ്തുവിലുള്ള ജീവന്‍ നവീകരിക്കുവാനും, ജീവിതങ്ങളെ, വിശുദ്ധീകരിക്കുവാനുമുള്ള അവസരമാണിത്. ഇക്കാലയളവില്‍ നാം ഏറ്റെടുക്കുന്ന തപസ്സനുഷ്ഠാനങ്ങള്‍, അല്ലെങ്കില്‍ വ്യക്തിജീവിത തപോനിഷ്ഠകള്‍ നാം ഓരോരുത്തരും നവീകരിക്കുകയും പുനാരാവിഷ്ക്കരിക്കുകയും ചെയ്യേണ്ട ദൈവവുമായുള്ള ഉടമ്പടിയുടെ പ്രതീകമാണ്. ഒപ്പം അത് നമ്മുടെ ജീവിത പരിസരങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കേണ്ട സഹോദരസ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും ജീവിതസമര്‍പ്പണത്തിന്‍റെയും പ്രതീകവുമാണ്.

ക്രിസ്തു തന്‍റെ കൂടെ നമ്മെയും ഇന്ന് മരൂഭൂമിയിലേയ്ക്ക് വിളിക്കുകയാണ്. പരിത്യാഗത്തിന്‍റെയും ധ്യാനത്തിന്‍റെയും ഏകാന്തതയുടെയും മരുഭൂമിയുടെ വിളിക്ക് കാതോര്‍ക്കുവാന്‍ നാം സന്നദ്ധരാണോ? There’s the call of the desert.

സ്നേഹമുള്ള മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ശിക്ഷണത്തില്‍ വളര്‍ത്തുന്നതുപോലെ (നിയമാ. 8, 2-5) ദൈവം ഇസ്രായേലിനെ മരുഭൂമിയില്‍വച്ച് പരീക്ഷിച്ചു വളര്‍ത്തിയെന്ന് പുറപ്പടുഗ്രന്ഥത്തില്‍ വായിക്കുന്നു. അതുപോലെ പുതിയ നിയമത്തില്‍ നവഇസ്രായേലിന്‍റെ ആദര്‍ശപൂര്‍ണ്ണനായ നായകന്‍, ക്രിസ്തു മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ടതാണ് തപസ്സിലെ ആദ്യാവാര ധ്യാനം. നമ്മെ നവീകരിക്കുവാനുള്ള ആത്മീയ കളരിയാണ് തപസ്സ്. പരീക്ഷണങ്ങളുടെ തീച്ചൂളയാണ് അനുദിനജീവിതം. മരുഭൂമി അനുഭവമാണ് മനുഷ്യജീവിതം. ഉടമ്പടിയുടെ വിശ്വസ്തമായ ജീവിതത്തിലൂടെ ദൈവവുമായുള്ള ആത്മീയബന്ധം സ്ഥാപിക്കുവാനുള്ള സമയമാണിത്. അതിനുള്ള ഉപാധിയാണ് തപസ്സും പ്രാര്‍ത്ഥനയും.

വിശുദ്ധനാടു സന്ദര്‍ശിക്കുകയാണെങ്കില്‍, സീനായ് മരുപ്രദേശത്തിലൂടെ ഏതാണ്ട് അഞ്ഞൂറു മൈലോളം ബസ്സില്‍ യാത്രചെയ്താല്‍, ഒടുവില്‍ പച്ചത്തുരുത്തുപോലൊരു മരുപ്പച്ചയിലെത്തി. അവിടെ പുരാതനമായ ഒരാശ്രമമുണ്ട്. പതിനാലു നൂറ്റാണ്ടോളം പഴക്കമുണ്ടതിന്. വിശുദ്ധ ക്യാതറിന്‍റെ പേരിലാണ് ആശ്രമം ഇപ്പോള്‍ അറിയപ്പെടുന്നത്, Monastery of Saint Catherineരണ്ടു വലിയ വ്യക്തിത്വങ്ങളാണ് ഇസ്രായേല്‍ ജനത്തെ ദൈവവുമായി ഉടമ്പടിയിലേര്‍പ്പെടുത്തിയത് - മോശയും (പുറപ്പാട് 34, 28, നിയമാ. 9, 9) ഏലിയായും (1രാജാ. 19, 8).. അത് സീനായ് മരുപ്രദേശത്തു വച്ചായിരുന്നല്ലോ - ‘ജബേല്‍ മൂസാ’ എന്ന് ഹെബ്രായ ഭാഷയിലും, ഇംഗ്ലിഷില്‍  the Mount of Moses എന്നും അറിയപ്പെടുന്ന സീനായ് താഴ്വാരം നമ്മെ അനുസ്മരിപ്പിക്കുന്നത് ഭൂമിയിലേയ്ക്കുവച്ച് ഏറ്റവും പവിത്രമായൊരു സ്ഥാനത്തെക്കുറിച്ചാണ്. കാരണം, ദൈവം തന്നെത്തന്നെ മോശയ്ക്ക് വെളിപ്പെടുത്തിയ മുള്‍പ്പടര്‍പ്പുണ്ടവിടെ!! നിറയെ പച്ചപ്പോടെ ഇപ്പോഴും നില്ക്കുന്ന പുരാതന മുള്‍പ്പടര്‍പ്പിന്‍റെ തുടര്‍ പരമ്പരയുടെ സമീപത്ത് ഇരിക്കുമ്പോള്‍ മനസ്സുമന്ത്രിച്ചു : ഇത് മോശയുടെ ബോധിവൃക്ഷംതന്നെ!!! മോശ ദൈവികസാന്നിദ്ധ്യം തിരിച്ചറിഞ്ഞ മുള്‍പ്പടര്‍പ്പ്!! ദൈവത്തെ പ്രതിനിധാനംചെയ്യാന്‍ ഇതിനെക്കാള്‍ സുന്ദരമായ മറ്റൊരു പ്രതീകം ഉണ്ടാകണമെന്നില്ല. എല്ലാറ്റിനെയും ദഹിപ്പിക്കുന്നതാണ് അഗ്നി. എന്നാല്‍ ഇവിടെയാവട്ടെ, തീ ആളിയെങ്കിലും ഒന്നും കത്തിയെരിഞ്ഞില്ല. ഒന്നിനെയും നശിപ്പിക്കാതെ, എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന അഗ്നിയാണ് സീനായില്‍ മോശ കണ്ട്ത്. അതിനെ - ‘ദൈവം’ yahweh,  I’m who am, എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്! ആ ദിവ്യാഗ്നിയുടെ പ്രഭയാണ് മോശയുടെ ജീവിതത്തെ മാറ്റിമറിച്ചത്. മുള്‍പ്പടര്‍പ്പിനു പിന്നില്‍നിന്ന് മോശയോട് ആരോ മന്ത്രിച്ചു. “ചെരുപ്പുകള്‍ അഴിച്ചു മാറ്റുക. കാരണം, നിങ്ങള്‍ നില്‍ക്കുന്നിടം വിശുദ്ധമാണ്.” അതിന്‍റെ ചുവട്ടില്‍നിന്ന് എഴുന്നേറ്റു പോരാന്‍ തോന്നിയില്ല. അപ്പോഴതാ, മറ്റൊരു സ്വരം...ദാ, സന്ദര്‍ശനസമയം കഴിഞ്ഞിരിക്കുന്നു!

പിന്നെ മനസ്സുനിറയെ ഹൊറേബു മലിയിലെ മുള്‍പ്പടര്‍പ്പായിരുന്നു. വിശുദ്ധഗ്രന്ഥത്തിന്‍റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സൂചനകളെ ഒരുമിച്ച് വായിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍, മുള്ള് ഭൂമിയില്‍ പ്രത്യക്ഷമായത് എങ്ങനെയാണ്? ആദിയില്‍ ഭൂമിക്കുമീതെ അതില്ലായിരുന്നു. സ്നേഹ ലംഘനത്തിന്‍റെ ചോരപൊടിഞ്ഞ ജൈവശേഷിപ്പാണത്. ദൈവം ആദത്തോടു പറഞ്ഞു. “ആദം, ആദം, നീ എന്‍റെ കല്പന ലംഘിച്ചിരിക്കുന്നു. ഇനി മുതല്‍ ഭൂമി മുള്ളുകളുള്ള സസ്യങ്ങളെ മുളപ്പിക്കും” എന്ന് (ഉല്പത്തി 1, 31).  അന്നുതൊട്ട് ഇന്നോളം നരജന്മത്തിന്‍റെ ഊടുവഴികളില്‍ സ്നേഹനിരാസങ്ങളുടെ, നിഷേധങ്ങളുടെ മുള്ളുകള്‍ പാത്തും പതുങ്ങിയും കിടക്കുന്നുണ്ട്. ആ മുള്ളിനു മീതെയാണ് ഒന്നിനെയും പൊള്ളിക്കാത്ത, നശിപ്പിക്കാത്ത സൗമ്യമായ പ്രകാശം മോശ കണ്ടത്. ആവശ്യത്തിലേറെ പരുക്കേല്‍ക്കുമ്പോഴും ഭൂമി മോശപ്പെട്ട ഇടമല്ലായെന്ന വീണ്ടുവിചാരത്തിന് നമ്മെ അത് പ്രേരിപ്പിക്കുന്നുണ്ട്. ഇതാണ് മോശയുടെ ദൈവാനുഭവം! എനിക്കുചുറ്റും പൊതിഞ്ഞുനില്ക്കുന്ന സ്നേഹത്തിലേയ്ക്ക് പെട്ടെന്നൊരു കിളിവാതില്‍ തുറന്നു കിട്ടുന്നതാണ് ദൈവാനുഭവം. പുതിയനിയമത്തില്‍ മുള്ള് പ്രത്യക്ഷപ്പെടുന്നത് ജീവിതത്തിന്‍റെ സ്നേഹമില്ലായ്മയുടെ പശ്ചാത്തലത്തിലാണ്. ഒരാള്‍ പറയുന്ന കാര്യങ്ങള്‍ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അവകാശം നമുക്കുണ്ട്. എന്നാലതിനെ പരിഹസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ? തന്‍റെ അധികാരം ഭൗമികമല്ലെന്ന് ക്രിസ്തു കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അത്തരം സൂചനകളുടെ പേരില്‍ അവിടുത്തെ പരിഹസിക്കാനായി പ്രതിയോഗികള്‍ മെനഞ്ഞെടുത്തത് മുള്ളാണ്, മുള്‍മുടിയാണ്.

പൗലോസ് അപ്പസ്തോലന്‍ ശരീരത്തില്‍ കൊണ്ടുനടന്ന മുള്ളിനെക്കുറിച്ച് നാം വായിക്കുന്നുണ്ട്. അത് പലതായി വ്യാഖ്യാനിക്കപ്പെടുന്നു - രോഗങ്ങള്‍, ശരീരത്തിന്‍റെ തിഷ്ണകള്‍, പ്രാമുഖ്യത്തിനും അധികാരത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ശാഠ്യങ്ങള്‍ എന്നിങ്ങനെ. ഈ സ്നേഹരാഹിത്യങ്ങള്‍ തന്നെയായിരുന്നിരിക്കണം അപ്പസ്തോലന്‍ അനുഭവിച്ച മുള്ളുകള്‍ എന്നാണ് നിരൂപകന്മാര്‍ക്കിടയിലെ ശക്തമായ അഭിപ്രായം. ഈ വാഴ്വിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും അത്തരം ചില മുള്ളനുഭവങ്ങളിലൂടെ നടന്നുപോയേ തീരൂ, കടന്നുപോയേ... തീരൂ. പൗലോശ്ലീഹാ കരഞ്ഞു പ്രാര്‍ത്ഥിക്കുന്നുണ്ട്. “എന്‍റെ ജീവിതത്തിന്‍റെ മുള്ള് എടുത്തു മാറ്റണേ, ദൈവമേ” എന്ന്. അപ്പോള്‍ മറുപടി കിട്ടിയത്, “ആ മുള്ളവിടെ ഇരുന്നുകൊള്ളട്ടെ! നിനക്ക് എന്‍റെ കൃപ മതി” എന്നായിരുന്നു (2 കൊറി. 12, 9).

മോശയുടേതുപോലെ, അപ്പോള്‍ പൗലോശ്ലീഹായുടെയും ചങ്കിലെ മുള്‍പ്പടര്‍പ്പ് പ്രകാശിച്ചു കാണണം. ഡമാസ്ക്കസ്സിലേയ്ക്കുള്ള യാത്രാമദ്ധ്യേ കണ്ട ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദൈവികപ്രഭയില്‍ വിരഞ്ഞ അപ്പസ്തോലന്‍റെ മാനസാന്തരമാണത്, ക്രിസ്ത്വാനുഭവമാണത്!

ക്രൈസ്തജീവിതത്തിന്‍റെ സാരാംശവും, നവീകരണ മാര്‍ഗ്ഗവും ഇതാണ്.  ജീവിതത്തിലെ മുള്ളുകളെ മനസ്സിലാക്കുക. അവയെ ദൈവികപ്രകാശത്തില്‍ തിരിച്ചറിയുക. കുത്തിക്കുറിച്ച് ഗണിച്ചു നോക്കുമ്പോള്‍, എന്താണ് യാഥാര്‍ത്ഥ്യം? അനുദിനജീവിതവും, ജീവിതപരസരങ്ങളും വച്ചുനീട്ടുന്ന മുള്ളുകള്‍ക്ക് മീതെ ദൈവികമായ സ്നേഹപ്രകാശമുണ്ട്, എന്ന സൗമ്യമായ ഓര്‍മ്മപ്പെടുത്തലാണ് ജീവിതവെളിച്ചം.

മാനസാന്തരത്തെ ബാഹ്യവും ഉപരിപ്ലവുമായ നിര്‍ദ്ദേശങ്ങളോ നിയോഗങ്ങളോ മാത്രമായി ചുരുക്കാതെ, അത് വ്യക്തിയുടെ കേന്ദ്രബിന്ദുവായ മനസ്സാക്ഷിയുമായി ബന്ധപ്പെടുത്തിക്കൊണ്ട്, നമ്മുടെ അസ്തിത്വത്തെ പരിവര്‍ത്തനംചെയ്യുവാനും നവീകരിക്കുവാനുമാണ് തപസ്സുകാലം നമ്മെ ക്ഷണിക്കുന്നത്. പതിവുകള്‍ക്കപ്പുറം, നമ്മുടെ കണ്ണുംകാതും തുറന്നും, സര്‍വ്വോപരി ഹൃദയം തുറന്നും ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളിലേയ്ക്ക് എത്തിനോക്കാനുള്ള ക്ഷണമാണ് തപസ്സുകാലം. ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി ഹൃദയങ്ങള്‍ തുറക്കാം. കാരണം, ജീവിതവ്യഗ്രതയുടെയും ഉപഭോഗസംസ്ക്കാരത്തിന്‍റെയും കൃത്രിമമായ ലോകത്തു ജീവിക്കുന്നതുകൊണ്ട്, അറിയാതെതന്നെ നമ്മുടെ ജീവിത ചക്രവാളത്തില്‍നിന്നും ദൈവം മങ്ങിമായാന്‍ ഇടയുണ്ട്. ‍ആദൃം ഭാഗികമായും, പിന്നെ പൂര്‍ണ്ണമായും ദൈവികഭാവം അസ്തമിച്ചൊടുങ്ങുവാന്‍ സാദ്ധ്യതയുണ്ട്. ഈ തപസ്സ് ജീവിത നവീകരണത്തിനുള്ള ഉണര്‍ത്തുവിളിയാകട്ടെ. നവീകരണത്തിനുവേണ്ട ദൈവികസാമീപ്യം തേടലാണിത് - അതാണ് തപസ്സ്. അതിനുള്ള തീക്ഷ്ണത തപസ്സാചരണത്തിലൂടെ നമ്മില്‍ വളരട്ടെ, യാഥാര്‍ത്ഥ്യമാവട്ടെ!








All the contents on this site are copyrighted ©.