2015-02-20 09:23:00

പ്രാര്‍ത്ഥനയ്ക്കുള്ള പാപ്പായുടെ ആഹ്വാനം


തപസ്സുകാല സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിട്ടുള്ള പ്രത്യേക പ്രാര്‍ത്ഥനാദിനം മാര്‍ച്ച 13, 14 വെള്ളി ശനി ദിവസങ്ങളിലാണ്. പാപ്പായുടെ ‘24 മണിക്കൂര്‍ ദൈവസന്നിധിയില്‍’ എന്ന പ്രാര്‍ത്ഥനാഹ്വാനം മറന്നുപോകരുതെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ എല്ലാവരെയും അനുസ്മരിപ്പിച്ചു.

ലോകത്ത് വളര്‍ന്നുവരുന്ന നിസംഗത ഇല്ലാതാക്കി, വിശ്വസാഹോദര്യം വളര്‍ത്തണമെന്നുമുള്ള  ഈ വര്‍ഷത്തെ പാപ്പായുടെ തപസ്സുകാല സന്ദേശത്തിലാണ് ലോകമെമ്പാടുമുള്ള രൂപതകളില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുവാനുള്ള ആഹ്വാനം നല്കിയിരിക്കുന്നത്. പ്രാര്‍ത്ഥനാ ദിനത്തിന് നേതൃത്വം നല്കുന്ന ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ റോമിലെ പരിപാടികളുടെ ഏകദേശം രൂപവും പ്രസ്താവനയില്‍ വെളിപ്പെടുത്തുകയുണ്ടായി.

റോമാ രൂപതിയിലെ 24 മണിക്കൂര്‍ ദൈവസന്നിധിയില്‍ പരിപാടിയുടെ മാതൃക:

പാപ്പായുടെ ആഹ്വാനം ഉള്‍ക്കൊണ്ട് മാര്‍ച്ച് 13, 14 ദിവസങ്ങളില്‍ റോമാ രൂപതയിലെ എല്ലാ ഇടവകകളിലും പ്രാര്‍ത്ഥനാദിനം ആചരിക്കും. മാര്‍ച്ച് 13-ന് വൈകുന്നേരം 5 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടുന്ന അനുതാപ ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കും. പ്രാരംഭമായുള്ള പൊതുവായ അനുതാപശുശ്രൂയെ തുടര്‍ന്ന് മറ്റു വൈദികര്‍ക്കൊപ്പം പാപ്പായും  വിശ്വാസകളുടെ കുമ്പസാരം കേള്‍ക്കുമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വെളിപ്പെടുത്തി. തുടര്‍ന്ന് രാത്രി 8 മണി മുതല്‍ 11 മണിവരെ നഗരത്തിലെ പ്രധാനദേവാലയങ്ങളില്‍ കുമ്പസാരവും ആരാധനയും തുടരും. റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള നവോണ ചത്വരത്തിലെ വിശുദ്ധ ആഗ്നസിന്‍റെ ബസിലിക്ക, ത്രസ്തേവരയിലെ കന്യകാനാഥയുടെ ബസിലിക്ക, തൊറെ അര്‍ജന്തീനായിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പഞ്ചക്ഷതങ്ങളുടെ ബസിലിക്ക എന്നിവ വിശ്വാസികളുടെ അനുതാപ ശുശ്രൂഷയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കുമായി തുറന്നിടുമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ അറിയിച്ചു. കുമ്പസാരത്തിനായി ഒരേ സമയം ധാരാളം വൈദികരെ എല്ലായിടങ്ങളിലും ലഭ്യമാക്കും. ആദ്യദിവസത്തിലെ ശുശ്രൂഷകള്‍ രാത്രി 11 മണിവരെ തുടരും.

മാര്‍ച്ച് 14-ാം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അനുതാപ ശുശ്രൂഷയും ആരാധനയും വൈകുന്നേരം 4 മണിവരെ മേല്പറഞ്ഞ നാലു പ്രധാന ബസിലിക്കകളിലും, പാപ്പാ അദ്ധ്യക്ഷനായുള്ള റോമാരുപതയതുടെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും തുടരുമെന്നും, വൈകുന്നേരം 5 മണിക്ക് സായാഹ്നപ്രാര്‍ത്ഥന വിശ്വാസികള്‍ക്കൊപ്പം ചൊല്ലിക്കൊണ്ട് പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വ്വാദത്തോടെയും കൃതജ്ഞതാഗീതം (Te Deum) ആലപിച്ചുകൊണ്ടുമായിരിക്കും പ്രാര്‍ത്ഥാനദിനം സമാപിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വ്യക്തമാക്കി. 

‘ഈ തപസ്സുകാലത്ത് നിങ്ങളോട് ആവശ്യപ്പെടുന്നത് ഏറ്റവും അടിയന്തിര സ്വഭാവമുള്ള നിസ്സംഗതയുടെ ആഗോളവത്ക്കരണത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ്. പ്രാര്‍ത്ഥനയുടെ ശക്തിയെ നാം വിലകുറച്ചു കാണരുത്. കര്‍ത്താവിന്‍റെ സന്നിധിയില്‍ 24 മണിക്കൂര്‍ എന്ന പ്രാര്‍ത്ഥനാ പരിപാടി നമ്മുടെ ഇടകകളിലും സ്ഥാപനത്തിലും സംഘടിപ്പിച്ചുകൊണ്ട് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവരുന്ന നിസംഗതാ ഭാവത്തെ ഇല്ലാതാക്കാം. അയല്‍ക്കാരനോടും ദൈവത്തോടും നിസ്സംഗത പുലര്‍ത്തുകയെന്നത് ക്രൈസ്തവരായ നമുക്ക് യഥാര്‍ത്ഥ പ്രലോഭനമാണ്. ദൈവം ലോകത്തോട് നിസംഗത പുലര്‍ത്തുന്നില്ല. ക്രിസ്തു നമ്മിലേയ്ക്കു വന്നു. ഇന്നും വരുന്നു. സഭ ക്രിസ്തുവിന്‍റെ തുറന്നു പിടിച്ച കരങ്ങളാണ്. ലോകം അതിലേയ്ക്കു തന്നെ ചുരുങ്ങാനുള്ള പ്രവണത കാണിക്കുമ്പോള്‍, ദൈവം ലോകത്തിലേയ്ക്കു കടക്കുവാനുള്ള സാദ്ധ്യതകളുടെ കവാടങ്ങള്‍ നാം അടയ്ക്കരുത്. മറിച്ച് അവ തുറന്നിടണം. നമ്മുടെ നിസംഗതയിലേയ്ക്ക് ഈ തപസ്സില്‍ ദൈവസ്നേഹം കടന്നു വരട്ടെ!’

- പാപ്പാ ഫ്രാന്‍സിസിന്‍റെ തപസ്സുകാല സന്ദേശത്തില്‍നിന്ന്








All the contents on this site are copyrighted ©.