2015-02-19 20:24:00

ഹൃദയവിശുദ്ധിയാണ് സന്തോഷം: പാപ്പാ യുവജനങ്ങളോട്


ഹൃദയവിശുദ്ധിയാണ് സന്തോഷത്തിന് അടിസ്ഥാനമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. 2015-ാം ആണ്ടിലേയ്ക്കായി ലോകത്തുള്ള യുവജനങ്ങള്‍ക്കു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത്. ‘ഹൃദയ വിശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍’  (മത്തായി 5, 8) അവര്‍ ദൈവത്തെ കാണും എന്ന സുവിശേഷ ഭാഗത്തെ ആധാരമാക്കിയാണ് ഇക്കുറി 30-ാമത് ലോകയുവജനദിന സന്ദേശം പാപ്പാ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

2016-ാമാണ്ടില്‍ ജൂലൈ 25-മുതല്‍ ആഗസ്റ്റ് 1-വരെ പോളണ്ടിലെ ക്രാക്കോയില്‍ സമ്മേളിക്കുവാന്‍ പോകുന്ന ലോക യുവജന മേളയ്ക്ക് ഒരുക്കവുമാകട്ടെ സുവിശേഷ ഭാഗ്യത്തെ ആധാരമാക്കിയുള്ള ഈ ധ്യാനമെന്നും പാപ്പാ സന്ദേശത്തിന്‍റെ ആദ്യഭാഗത്ത് പ്രസ്താവിക്കുന്നുണ്ട്. ദൈവവുമായുള്ള ഐക്യം നഷ്ടപ്പെടുത്തുന്ന ഏതു മനുഷ്യനും ആന്തരിക സന്തോഷം ഇല്ലാതായി, താന്‍ വിളിക്കപ്പെട്ടിരിക്കുന്ന ശ്രേഷ്ഠമായ ആനന്ദിനിര്‍വൃതിയുടെ ജീവിതത്തില്‍നിന്നും പാളിപ്പോകുമെന്ന് പാപ്പാ യുവജനങ്ങളെ അനുസ്മരിപ്പിച്ചു.

ആദിയില്‍ ഭൂമുഖത്ത് കാണ്ട ദൈവ-മനുഷ്യ സൗഹൃദം, പറുദീസയില്‍ മനുഷ്യന്‍ അനുഭവിച്ച സകലരും സകലതുമായുമുള്ള ഐക്യവും രമ്യതയും നഷ്ടപ്പെട്ടത് മനുഷ്യന്‍ തിന്മയുടെ പക്ഷംചേര്‍ന്ന്, ദൈവത്തില്‍നിന്നും അകന്നുപോയപ്പോഴാണെന്ന് ആദിമാതാപിതാക്കളുടെ ബൈബിള്‍ക്കഥ പറഞ്ഞുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ ജീവിതത്തിന്‍റെ ദിശാമാപിനി നഷ്ടമായ മനുഷ്യന്‍, ലക്ഷൃബോധം നഷ്ടമാകുന്ന മനുഷ്യന്‍ പിന്നെ അധികാരം, പണം, പ്രതാപം, സുഖലോലുപത എന്നിവയുടെ പിറകെ പോവുകയും, അവസാനം ദുഃഖങ്ങളുടെയും ക്ലേശങ്ങളുടെയും കയത്തില്‍ നിപതിക്കുകയും ചെയ്യുമെന്ന് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

എന്നാല്‍ സന്തോഷത്തിന്‍റെ വെളിച്ചം പിന്നെയും ലോകത്തിനു നല്കിയത് ക്രിസ്തുവാണെന്നും, അത് പിതാവായ ദൈവത്തിന്‍റെ മനുഷ്യകുലത്തോടുള്ള കരുണാര്‍ദ്രമായ വാത്സല്യമായിരുന്നുവെന്നും പാപ്പാ സന്ദേശത്തിലൂടെ യുവജനങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ട്. നമ്മെ പാപത്തിന്‍റെ പിടിയില്‍നിന്നും ക്രിസ്തു സ്വതന്ത്രരാക്കുകയും അവാച്യമായ ആനന്ദത്തിന്‍റെ പെരുംചക്രവാളത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ആഹ്വാനംചെയ്തു.

ഇന്നത്തെ ലോകത്തിന്‍റെ കബളിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍നിന്നും അകന്ന് ക്രിസ്തുവില്‍ നിങ്ങളുടെ ആശകളുടെയും പ്രത്യാശകളുടെയും സംതൃപ്തിയുടെയും ആനന്ദം കണ്ടെത്താനാകുമെന്ന് പാപ്പാ യുവജനങ്ങളെ അനുസ്മരിപ്പിച്ചു. വ്യര്‍ത്ഥജീവിതത്തിന്‍റെ പൊയ്മുഖം വെടിഞ്ഞും, യഥാര്‍ത്ഥമായ ജീവിത ലക്ഷൃങ്ങള്‍ തിരഞ്ഞെടുത്തും, ജീവിത പൂര്‍ണ്ണിമയിലേയ്ക്കു തിരിച്ച് അവയെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ക്രിസ്തുവിനു മാത്രമേ കഴിയൂവെന്നും പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.