2015-02-18 19:56:00

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതു തടയാന്‍ സഭയുടെ കരുതലുകള്‍


സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗികപീഡനം ശ്രദ്ധചെലുത്തേണ്ട വ്യാപ്തിയുള്ള വിഷയമാണെന്ന്, കുട്ടുകളുടെ സംരക്ഷണ പഠനത്തിനായുള്ള റോമിലെ കേന്ദ്രത്തിന്‍റെ (Center for the Protection of Minors) പ്രസിഡന്‍റ്, ഫാദര്‍ ഹാന്‍സ് സോള്‍നര്‍ പ്രസ്താവിച്ചു. ഫെബ്രുവരി 17-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ സോള്‍നര്‍ സഭയില്‍ സംഭവിക്കുന്ന കുട്ടികളുടെ ലൈംഗിക പീഡനം എന്ന വിഷയത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സഭാ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ, അത് സന്ന്യസ്തരോ വൈദികരോ സഭാദ്ധ്യക്ഷന്മാരോ ആവട്ടെ, വൈകാരിക മാനസിക ലൈംഗിക തലങ്ങളെ ബാധിക്കുന്ന പ്രശ്നമാകയാല്‍ ശാസ്ത്രീയമായ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും പിന്‍തുണയോടെ മുന്നേറേണ്ട ലോലമായ മേഖലയാണിതെന്ന്, ഫാദര്‍ സോള്‍നര്‍ വ്യക്തമാക്കി.

ആഗോളതലത്തില്‍ സഭാ ശുശ്രഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ പഠിക്കുവാനും പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുവാനും പാപ്പാ ഫ്രാന്‍സിസ് സ്ഥാപിച്ചിരിക്കുന്ന പൊന്തിഫിക്കല്‍ കമ്മിഷനുമായി (Pontifical Commission for the Protection of Minors)  സഹികരിച്ചു പ്രവര്‍ത്തിക്കുകയാണ്, റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയുടെ മനഃശാസ്ത്ര വിഭാഗത്തിന്‍റെ കീഴില്‍ തുടക്കിമിട്ടിരിക്കുന്ന Centrer for the Protection of Children എന്ന ഉദ്യമമെന്നു ഫാദര്‍ സോള്‍നര്‍ വ്യക്തിമാക്കി.

കുട്ടികളുടെ ലൈംഗിക ചൂഷണത്തെ പ്രതിരോധിക്കുക എന്നതിനെക്കാള്‍, ആഗോളതലത്തിലുള്ള സഭാ ശുശ്രൂഷകര്‍ ഈ മേഖലയില്‍ വീഴ്ചകള്‍ ഉണ്ടാകാതാരിക്കുവാനുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ മാനസികവും ആത്മീയവും മനഃശാസ്ത്രപരവുമായ പരിശീലനം സഭാതലങ്ങളില്‍ നല്കുകയുമാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷൃമെന്ന് ഫാദര്‍ സോള്‍നര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. കുട്ടികളെ ലൈംഗിക പീഡനത്തില്‍നിന്നും മോചിക്കുയെന്നത് ആഗോളതലത്തില്‍ സഭാനേതൃത്വത്തിന്‍റെ ലക്ഷൃവും താല്പര്യവും ആയിരിക്കണമെന്നും ഫാദര്‍ സോള്‍നര്‍ അഭിപ്രായപ്പെട്ടു.  








All the contents on this site are copyrighted ©.