2015-02-17 19:30:00

കൊല്ലംപ്പെട്ട കോപ്റ്റിക് ക്രൈസ്തവരെ ഓര്‍ത്ത് മനംനൊന്ത് പാപ്പാ


ഫെബ്രുവരി 17-ാം തിയതി ചൊവ്വാഴ്ച രാവിലെ സന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചത് ലിബിയയില്‍ തീവ്രവാദികളുടെ കരങ്ങളില്‍ കൊല്ലപ്പെട്ട 21 കോപ്റ്റിക് ക്രൈസ്തവരുടെ ആത്മശാന്തിക്കു വേണ്ടിയായിരുന്നു. പാപ്പായുടെ സെക്രട്ടറിയും കോപ്റ്റിക് കത്തോലിക്കാ വൈദികനുമായ ഫാദര്‍ അബൂനാ യൊവാന്നിസ് ഗയിദ് പാപ്പായുടെ ദിവ്യബലിയില്‍ പ്രത്യേകമായി പങ്കുചേര്‍ന്ന് ഐ.എസ്. തീവ്രവാദികള്‍ കഴുത്തറുത്ത് കൊലചെയ്ത നിര്‍ദ്ദോഷികളായ ക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.  

ക്രൈസ്തവരായതുകൊണ്ടു മാത്രം കൊല്ലപ്പെട്ട കോപിറ്റിക് വിശ്വാസികള്‍ക്കുവേണ്ടിയും, അവരുടെ കുടുംബാംഗങ്ങള്‍ക്കും, സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് തവാദ്രോസിനും വേണ്ടി ദിവ്യബലിയില്‍ പ്രാര്‍ത്ഥിക്കാമെന്ന് ആമുഖമായി പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്. തുടര്‍ന്ന് സുവിശേഷ പാരായണത്തെ തുടര്‍ന്ന് പാപ്പാ വചനചിന്തകള്‍ ഇങ്ങനെ വേദനയോടെ പങ്കുവച്ചു:

നന്മ ചെയ്യേണ്ടവനാണ് എന്ന കാര്യം മറന്ന് മനുഷ്യന്‍ ദൈവിക നന്മകളെ നശിപ്പിക്കുന്നുണ്ട്.  യുദ്ധംചെയ്യുന്ന രാജ്യങ്ങള്‍ക്ക് ആയുധ വിപണനം നടത്തുന്നവര്‍ വിനാശത്തിന്‍റെയും മരണത്തിന്‍റെയും പ്രായോക്താക്കളാണ്. ലോകത്ത് തിന്മ പെരുകിയപ്പോഴാണ് ദൈവം അതിനെ പ്രളയത്തില്‍ നശിപ്പിച്ചത്. ലോകത്ത് തിന്മ വിതച്ചവരെ ദൈവം നോഹന്‍റെ കാലത്ത് ഉയര്‍ത്തിയ മഹാപ്രളയത്തിലൂടെ ശിക്ഷിച്ചുവെന്ന് ഉല്പത്തി പുസ്തകം പഠിപ്പിക്കുന്നു. വിശ്വസാഹോദര്യത്തെ കളങ്കപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നവരാണ് ലോകത്ത് യുദ്ധവും കലാപവും അഴിച്ചുവിടുന്നത്. ദൈവം നന്മയായി നല്കിയ ലോകത്തെ കളങ്കപ്പെടുത്തുന്നതും നശിപ്പിക്കുന്നതും കരുത്തും കഴിവുമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്.

ബൈബിളിന്‍റെ ആദ്യഭാഗത്തു പറയുന്ന സോദോം ഗൊമോറാ, ബാബേല്‍ ഗോപുരം എന്നിവ അഹന്തയോടെ മനുഷ്യന്‍ ലോകത്തു കെട്ടിപ്പടുത്ത തിന്മയുടെ കോട്ടകളാണ്. ഹൃദയത്തില്‍ നാമ്പെടുക്കുന്ന തിന്മയുടെ ലാഞ്ചന എത്ര ചെറുതാവട്ടെ, സാഹോദര്യത്തെ ഹനിക്കുമെന്നതാണ് സത്യം. ആദ്യ സഹോദര ഹത്യയുടെ നാടകീയമായ അരങ്ങേറ്റമാണ് ബൈബിളിലെ കായേന്‍റേയും ആബേലിന്‍റെയും കഥ പറയുന്നത്. അധികാരപ്രമത്തതയും അസൂയയും ആര്‍ത്തിയും മൂലം വളരുന്ന സഹോദരവിദ്വേഷം കൊലപാതത്തില്‍ കലാശിക്കുന്നു. ദിനപത്രം എടുത്താല്‍ ഇന്ന് അതില്‍ അധികവും നശീകരണത്തിന്‍റെ വാര്‍ത്തകളാണ്. മനുഷ്യന്‍റെ ഹൃദയത്തിലാണ് തിന്മ വിരിയുന്നത് – ക്രിസ്തുവിന്‍റെ വാക്കുകളാണിവ. സ്വാര്‍ത്ഥതയും സ്വാച്ഛാധിപത്യവും – തന്നിഷ്ട മനോഭാവവം യുദ്ധത്തിലേയ്ക്കും അതിക്രമങ്ങളിലേയ്ക്കും കൊണ്ടെത്തിക്കുന്നു. എല്ലാം ഉടലെടുക്കുന്നത് മനുഷ്യ മനസ്സുകളിലാണ്.

യുദ്ധ രംഗങ്ങളിലേയ്ക്ക് ആയുധങ്ങള്‍ കടത്തുന്നവാരാണ് കലാപത്തിനും മരണത്തിന്‍റെയും പ്രായോക്താക്കളാകുന്നത്. കലാപഭൂമിയില്‍ ആയുധ വിപണനം നടത്തുന്ന രാഷ്ട്രങ്ങള്‍ ‍തിന്മയുടെ പ്രായോജകരും പ്രായോക്താക്കളുമാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. നമ്മുടെ ചെറിയ ജീവിത പരിസരങ്ങളില്‍ ഉയരുന്ന അസൂയയും ശത്രുതയും കലാപത്തിന്‍റെ തുടക്കമാണ് – അത് കുടുംബത്തിലോ വിശുദ്ധസ്ഥലത്തോ എവിടെയായാലും. 

അപ്പം മറന്നുപോയതിന്‍റെ പേരില്‍ ശിഷ്യന്മാര്‍ക്കിടയില്‍ ഉയര്‍ന്ന പരസ്പര കലഹത്തെ ക്രിസ്തു ശകാരിച്ചു. അവിടുന്നു സൂചിപ്പിക്കുന്ന ഹെറോദേസിന്‍റെയും ഫരീസേയരുടെയും പുളിമാവ് – സമൂഹത്തെ നശിപ്പിക്കുന്ന തിന്മകളായ അധികാര മാത്സര്യത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും പ്രതീകമാണ്. അധികാര മോഹവും സ്ഥാനതിഷ്ണയും വളര്‍ന്നാണ് മനുഷ്യഹൃദയങ്ങളെ അത് കഠിനമാക്കുകയും കലാപത്തിലേയ്ക്ക് വലിച്ചിഴക്കുകയും ചെയ്യുന്നതെന്ന് പാപ്പാ താക്കീതു നല്കി.

ജീവനെ പരിപോഷിപ്പിക്കേണ്ട, ജീവന്‍റെ സംരക്ഷകരാകേണ്ട കുടുംബങ്ങള്‍തന്നെ ജീവനെ ഹനിക്കുന്നുണ്ടെന്ന കല്‍ക്കട്ടയിലെ മദര്‍ തെരേസായുടെ വാക്കുകള്‍ പാപ്പാ വചനപ്രഘോഷണമദ്ധ്യേ അനുസ്മരിച്ചു. കൊല്ലുന്നതും സ്വാതന്ത്ര്യമാണ്. എന്നാല്‍ അത് തെറ്റായ സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം നന്മ ചെയ്യുവാനുള്ളതാണ്.

ക്രിസ്തു കാണിച്ചു തരുന്നത് ജീവന്‍റെ പാതയാണ്. കുടുംബം സംസ്ക്കാരങ്ങളും നഗരങ്ങളും വളര്‍ത്തുവാനുള്ള ജീവന്‍റെ മാര്‍ഗ്ഗമാണ് ക്രിസ്തു തുറക്കുന്നത്. ക്രിസ്തു ഇന്നും നമ്മെ അനുസ്മരിപ്പിക്കുന്നു: ഞാന്‍ നിങ്ങള്‍ക്കായി ജീവന്‍ നല്കി. നിങ്ങളെ വീണ്ടെടുത്തു. നിങ്ങളുടെ ജീവിതപാതിയില്‍ കൂടെയായിരിക്കുവാനും നിങ്ങള്‍ക്ക് ഓജസ്സു പകരുവാനും ഇനിയും എനിക്കാവും. ഞാന്‍ വഴിയും ജീവനുമാണ്. എന്‍റെ വഴി ജീവന്‍റേതാണ്, നാശത്തിന്‍റേതല്ല.

ജീവന്‍റെയും നന്മയുടെയും പാതയില്‍ ചരിക്കുവാനുള്ള അനുഗ്രഹത്തിനായി ഈ തപസ്സില്‍ ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കാം – എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചു.

 

 








All the contents on this site are copyrighted ©.