2015-02-16 10:49:00

വിളുമ്പിലേയ്ക്ക് ഇറങ്ങുന്ന അജപാലന യുക്തി


ഫെബ്രുവരി 15-ാം തിയതി ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആഗോളസഭയിലെ 19 നവകര്‍ദ്ദിനാളന്മാര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുവച്ച വചനചിന്തയുടെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

കുഷ്ഠരോഗിയെ തൊട്ടു സുഖപ്പെടുത്തിയ ക്രിസ്തുവിന്‍റെ ജീവല്‍ബന്ധിയായ അനുകമ്പയെ (മര്‍ക്കോസ് 1, 40-41) വ്യാഖ്യാനിച്ചുകൊണ്ടാണ് ചിന്തകള്‍ക്ക് പാപ്പാ തുടക്കമിട്ടത്. സമൂഹം തള്ളിക്കളഞ്ഞവരിലേയ്ക്ക് ഇറങ്ങിച്ചെന്ന ക്രിസ്തുവിന്‍റെ ആര്‍ദ്രമായ അനുകമ്പയാണ് പാപ്പാ എടുത്തുപറഞ്ഞത്. ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണ് ഡോക്ടര്‍മാരുടെ ആവശ്യം, നീതിനാന്മാര്‍ക്കല്ല പാപികള്‍ക്കും പരിത്യക്തര്‍ക്കുമാണ് അജപാലന സ്നേഹവും സാന്നിദ്ധ്യവും സേവനവും ലഭ്യമാക്കേണ്ടെതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള ക്രിസ്തുവിന്‍റെ അജപാലന യുക്തി മനുഷ്യാന്തസ്സ് മാനിക്കുന്നതും, നഷ്ടപ്പെട്ടവര്‍ക്ക് അത് നേടിക്കൊടുക്കുന്നതുമാണെന്നും, അത് സ്നേഹത്തില്‍ അധിഷ്ഠിതമായ അജപാലന യുക്തിയാണെന്നും പാപ്പാ വ്യക്തമാക്കി. എളിയവര്‍ക്കായ് ദൈവരാജ്യത്തിന്‍റെ സ്വാതന്ത്രൃവും, നീതിയും പനുഃസ്ഥാപിക്കുന്ന അജപാലന സമര്‍പ്പണമാണതെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

മോശ നല്കിയ പഴയ കല്പനകള്‍  നവീകരിക്കുവാനും, നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയില്‍ മാറ്റം വരുത്തുവാനും പുതിയ മോശ, ക്രിസ്തു മടിച്ചില്ല. ‘മനസ്സാകുമെങ്കില്‍ കര്‍ത്താവേ, അങ്ങ് എന്നെ സുഖപ്പെടുത്തണമേ,’ എന്ന കുഷ്ഠരോഗിയുടെ കരച്ചിലാണ് ക്രിസ്തു കേട്ടത്. സമുദായം മുദ്രകുത്തി പുറത്താക്കിയവരെപ്പോലും വിളുമ്പില്‍നിന്നും സാധാരണ ജീവിതത്തിന്‍റെ കേന്ദ്രതലങ്ങളിലേയ്ക്ക് തിരികെകൊണ്ടുവരുന്നത് അന്നത്തെപോലെ ഇന്നും ചിലര്‍ക്ക് ഉതപ്പായി തോന്നുന്നത് ഖേദകരമാണെന്ന് പാപ്പാ പരാമര്‍ശിച്ചു. ഇങ്ങനെയുള്ള അടഞ്ഞ സാമുദായിക മനഃസ്ഥിതയെക്കുറിച്ച് ക്രിസ്തു ആകുലപ്പെട്ടിരുന്നതായി പാപ്പാ വിശദീകരിച്ചു.

ക്രിസ്തു അന്ന് സമൂഹത്തില്‍ ചെയ്ത നനമകള്‍ - അവിടുന്ന് ആത്മീയമായും ശാരീരികമായും നല്കിയ സൗഖ്യവും വിമനോചനവും ആചാരാനുഷ്ഠാനങ്ങളുടെ മാനദണ്ഡംവച്ച് ചിലര്‍ക്ക് ഉതപ്പായിരുന്നു, അവര്‍ക്ക് ഇടര്‍ച്ചയ്ക്ക് കാരണമായിരുന്നു. നഷ്ടപ്പെട്ടതിനെ തേടിയിറങ്ങുന്ന അജപാലന ദൗത്യമാണ് (യോഹന്നാന്‍ 10) ക്രിസ്തു സ്ഥാപിച്ചത്. കൈയ്യിലിരിക്കുന്നത് എന്തിന് നഷ്ടപ്പെടണം, നഷ്ടപ്പെട്ടതിനെക്കുറിച്ച് ഇനി എന്തിനാണ് ആകുലപ്പെടുന്നത് – എന്നിങ്ങനെ രണ്ടുതരം ചിന്തകളില്‍ നാം കുഴയാം, അല്ലെങ്കില്‍ നട്ടം തിരിയാന്‍ ഇടയുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഒന്ന് നിയമപാലകന്‍റെ, അല്ലെങ്കില്‍ നിയമത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നവന്‍റെ മനഃസ്ഥിതിയുടെ കാര്‍ക്കശ്യവും, രണ്ടാമത്തേത് ദൈവിക കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും തുറന്ന മനോഭാവവുമാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു. വിധി പറഞ്ഞു വ്യക്തികളെ സമൂഹത്തില്‍നിന്നും, സ്നേഹ വലയത്തില്‍നിന്നും പുറത്താക്കുന്ന മനോഭാവം ക്രിസ്തു അപലപിക്കുന്നുണ്ട്. മാപ്പു നല്കി സ്വീകരിക്കുന്നതും, നഷ്ടപ്പെട്ടതിനെ കണ്ടെത്തി, തോളിലേറ്റി തിരികെ കൊണ്ടുവരുന്നതുമായ ഇടയസ്നേഹമാണ് ക്രിസ്തു-ശൈലിയെന്ന് പാപ്പാ വ്യക്തമാക്കി. അതിനാല്‍ സഭയുടെ അജപാലന ദൗത്യത്തിന്‍റെ യുക്തിയും ബലതന്ത്രവും ക്രിസ്തുവിന്‍റേതു തന്നെയായിരിക്കണം എന്ന് നവകര്‍ദ്ദിനാളന്മാരെയും, സന്നിഹിതരായിരുന്ന സഭാധികാരികളെയും വിശ്വാസസമൂഹത്തെയും പാപ്പാ ഉദ്ബോധിപ്പിച്ചു.

സാമൂഹിക അനുഷ്ഠാനങ്ങളുടെ തഴമ്പിച്ച വടുക്കള്‍ അവഗണിച്ചും, കൈപ്പേറിയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടും, എന്നാല്‍ സുവിശേഷം പങ്കുവയ്ക്കുവാനും നന്മചെയ്യുവാനുമുള്ള അതീവ തീക്ഷ്ണതായാല്‍ പ്രചോദിതരുമായി ഇറങ്ങിപ്പുറപ്പെട്ടവരാണ് അപ്പോസ്തോല പ്രമുഖരായ പത്രോസും പൗലോസുമെന്ന് പുതിയ നിയമ സംഭവങ്ങളുടെ വെളിച്ചത്തില്‍ പാപ്പാ സമര്‍ത്ഥിച്ചു. ജരൂസലേം കൗണ്‍സില്‍ മുതല്‍, അതായത് ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ ചരിത്രകാലം മുതല്‍, സഭ ആശ്ലേഷിച്ചത് ദൈവിക കാരുണ്യത്തിന്‍റെ നിലപാടാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു.

മുട്ടന്നവര്‍ക്ക് വാതില്‍ തുറന്നു കൊടുക്കുക മാത്രമല്ല, ഭീതിയോ മുന്‍വിധോയോ ഇല്ലാതെ മനുഷ്യരുടെ മദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് നന്മചെയ്യാന്‍ വിളിക്കപ്പെട്ടവരാണ് സഭാ ശുശ്രൂഷകരെന്ന് നവകര്‍ദ്ദിനാളന്മാര്‍ ഉള്‍പ്പെട്ട സമൂഹത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു. ‘ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ അവിടുന്നു നടന്ന വഴിയെ നടക്കേണ്ടിയിരിക്കുന്നു’ (1യോഹ. 2, 6) എന്ന വചനാധിഷ്ഠിതമായ താക്കീതോടെയാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.   

 








All the contents on this site are copyrighted ©.