2015-02-14 09:56:00

പാപ്പായെ കാണാന്‍ ഇറാന്‍റെ വൈസ്പ്രസിഡന്‍റ്


ആദര്‍ശപരമായ സാമീപ്യവും ആദരവുമാണ് വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസിനെ കാണുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്, ഇറാന്‍റെ വൈസ് പ്രസിഡന്‍റ് ഷാഹിന്‍ഡോക്ത് മൂലവേര്‍ദി റോമില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ പ്രസ്താവിച്ചു. ഇറാന്‍റെ വൈസ് പ്രസിഡന്‍റും കുടുംബങ്ങളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായുള്ള മന്ത്രാലയത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന ഷാഹിന്‍ഡോക്ത് ഫെബ്രുവരി 12-ാം തിയതി വ്യാഴാഴ്ചയാണ് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. കുടുംബങ്ങള്‍ക്കായുള്ള സിനഡു സമ്മേളനങ്ങളിലൂടെയും വ്യക്തമായ പ്രബോധനങ്ങളിലൂടെയും സമൂഹ്യ നവോദ്ധാരണത്തിനും, വിശ്വശാന്തിക്കുമായി പരിശ്രമിക്കുന്ന പാപ്പാ ഫ്രാന്‍സിനോടുള്ള ആദരവാണ് ഈ സന്ദര്‍ശനത്തിന് പ്രേരകമായതെന്ന് ഇറാന്‍റെ പ്രഥമ വനിത വൈസ് പ്രസിഡന്‍റ്, ഷാഹിന്‍ഡോക്ത് പ്രസ്താവിച്ചു.

വ്യാഴാഴ്ച തന്‍റെ കര്‍ദ്ദിനാള്‍ സംഘവുമായുള്ള തിരക്കിട്ട സമ്മേളനത്തിടയിലും മദ്ധ്യാഹ്നത്തിലെ ഇടവേളയിലാണ് ഇറാന്‍റെ വൈസ് പ്രസിഡന്‍റുമായി പാപ്പാ കൂടിക്കാഴ്ചയ്ക്ക് സമയം കണ്ടെത്തിയത്. പാപ്പായുമായുള്ള ഷാഹിന്‍ഡോക്തിന്‍റെ കൂടിക്കാഴ്ച ഹ്രസ്വമായിരുന്നെങ്കിലും, നവയുഗത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ചും, കുടുംബങ്ങളുടെ ധാര്‍മ്മികവും ആത്മീയവുമായ രൂപീകരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ആശയങ്ങള്‍ കൈമാറിയതായി, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലമൊമ്പാര്‍ഡി അറിയിച്ചു. പാപ്പായുമായി ആശയങ്ങള്‍ കൈമാറുവാന്‍ സാധിച്ചത് അനുഗ്രഹമായെന്നും, കുടുംബങ്ങളുടെ ക്ഷേമത്തിനും സ്ത്രീകളുടെ സാമൂഹ്യാന്തസ്സിനുംവേണ്ടി ഇറാനിലും ഇതര മദ്ധ്യപൂര്‍വ്വദേശങ്ങളിലും ഇനിയും ചെയ്യുവാനുള്ള വികസനപദ്ധതികള്‍ക്ക് ഉത്തേജനമായിരുന്നു കൂടിക്കാഴ്ചയെന്നും, ഷാഹിന്‍ഡക്ത് വെളിപ്പെടുത്തി.

ഫെബ്രുവിരി 13-ാം തിയതി വെള്ളിയാഴ്ച അസ്സീസിയിലെത്തിയ ഷഹിന്‍ഡോക്തും ഇറാനിയന്‍ മന്ത്രാലയത്തിന്‍റെ പ്രതിനിധികളും സമാധാനദൂതനും പരിസ്ഥിതി പരിപാലകരുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് മൗനനമ്സ്ക്കാരത്തില്‍ ചെലവഴിച്ചതായി അസ്സീസി തീര്‍ത്ഥാനട കേന്ദ്രത്തിന്‍റെ സംരക്ഷകന്‍, ഫാദര്‍ മാവുരോ ഗംമ്പേത്തി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. 








All the contents on this site are copyrighted ©.