2015-02-11 09:07:00

കരബലത്തിലല്ല നിയമബലത്തിലാണ് ഉക്രെയ്നില്‍ സമാധാനം നേടേണ്ടത്


അന്താരാഷ്ട്ര നിയമബലത്തില്‍ ഉക്രെയിനില്‍ സമാധാനം നേടണമെന്നാണ് വത്തിക്കാന്‍റെ നിലപാടെന്ന്, ഫെബ്രുവരി 10-ാം തിയതി ചൊവ്വാഴ്ച വാര്‍ത്താ കാര്യാലയത്തില്‍നിന്നും പുറത്തിറക്കിയ പ്രസ്താവനയിലൂടെ പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വ്യക്തമാക്കി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രെയിനില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളിലും സാധാരണക്കാരുടെ കൂട്ടക്കുരുതിയിലും മനംനൊന്ത്, ഇരുപക്ഷങ്ങളോടുമായി പാപ്പാ ഫ്രാന്‍സിസ് നിരവധി തവണ സമാധാനാഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടുള്ളതായും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

ഉക്രെയിന്‍റെ കിഴക്കന്‍ മേഖലയില്‍ നടക്കുന്ന യുദ്ധം ക്രൈസ്തവര്‍ തമ്മിലുള്ള പോരാട്ടമാണെന്നും അത് ആക്ഷേപകരമായ എതിര്‍സാക്ഷൃമാണെന്നും ഫെബ്രുവി 4-ാം തിയതി പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തില്‍ പാപ്പാ ഫ്രാന്‍സിസ് പരാമര്‍ശിക്കുകയുണ്ടായി. പാപ്പായുടെ പരാമര്‍ശങ്ങളെ അധികരിച്ച് മാധ്യമങ്ങള്‍ ഇറക്കിയ വിമര്‍ശനാത്മകമായ വ്യാഖ്യാനങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവന ഇറക്കിയത്.

അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചുള്ള ക്രമസമാധാന മാര്‍ഗ്ഗങ്ങള്‍ക്കു പകരം ബലപ്രയോഗം നടക്കുമ്പോഴും, ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി സമവായം പുലര്‍ത്തിക്കൊണ്ടും സംവാദത്തിലൂടെയും സമാധാനം പുനഃസ്ഥാപിക്കണമെന്നതാണ് വത്തിക്കാന്‍റെ നിലപാടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനിയിലൂടെ വിശദീകരിച്ചു.

ഫെബ്രുവരി 16-മുതല്‍ 21-വരെയുള്ള ഉക്രയിനിലെ മെത്രാന്മാരുടെ വത്തിക്കാനിലേയ്ക്കുള്ള ആദ് ലീമിനാ സന്ദര്‍ശനത്തിനും അവരുമായുള്ള കൂടിക്കാഴ്ചയ്ക്കുമായി ഏറെ ആകാംക്ഷയോടെ പാപ്പാ ഫ്രാന്‍സിസ് കാത്തിരിക്കുകയാണെന്നും, മെത്രാന്മാരില്‍നിന്നും നേരിട്ട് വിവരങ്ങള്‍ ആരായുവാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. സ്ഥിതിഗതികള്‍ സത്യസന്ധമായി മനസ്സിലാക്കി വിലയിരുത്തുവാനും, സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ ആരായുവാനും മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച സഹായിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

1991-ല്‍ റഷ്യന്‍ റിപബ്ലിക്കില്‍നിന്നും സ്വതന്ത്ര രാഷ്ട്രമായാണ് ഉക്രെയിന്‍ രൂപീകൃതമായത്. എന്നാല്‍ അടുത്തകാലത്ത് ഉക്രെയ്നില്‍ റഷ്യന്‍ അനുഭാവികളായ വിമതര്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ അഴിച്ചുവിടുന്ന അഭ്യന്തരകലാപമാണ് വന്‍ മനുഷ്യക്കുരുതിക്കും രക്തച്ചൊരിച്ചിലിനും അവിടെ കാരണമായിരിക്കുന്നത്.








All the contents on this site are copyrighted ©.