2015-02-10 10:23:00

സൃഷ്ടിയുടെ പരിപാലനയില്‍ ആവശ്യമായ ക്രൈസ്തവ ഉത്തരവാദിത്വം


സൃഷ്ടിയെ പരിപാലിക്കാന്‍ മറ്റാരെയുംകാള്‍ ക്രൈസ്തവര്‍ കടപ്പെട്ടവരാണെന്നും, വിളിക്കപ്പെട്ടവരാണെനും പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 9-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പാരിസ്ഥിതകമായി അന്നത്തെ സുവിശേഷ ചിന്തകള്‍ നയിച്ചത്. പാപത്താല്‍ വിനാശമായ സൃഷ്ടിയെ ക്രിസതു പുനഃസൃഷ്ടിചെയ്തതിനെക്കുറിച്ചും പാപ്പാ വചനചിന്തയില്‍ വ്യക്തമാക്കി.

ദൈവം പ്രപഞ്ചത്തെ സൃഷ്ടിചെയ്യുക മാത്രമല്ല, അതിനെ പരിപാലിക്കുകയും നയിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സൃഷ്ടി കര്‍മ്മത്തെക്കുറിച്ച് ഉല്പത്തി പുസ്തകത്തിലെ ആദ്യവായന വിവരിക്കുമ്പോള്‍, പാപത്താല്‍ വിനാശമായത് പുനഃസൃഷ്ടിചെയ്യുന്ന അല്ലെങ്കില്‍ നവീകിരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ക്രിസ്തുവിനെ മാര്‍ക്കോസ് സുവിശേഷകന്‍ (അദ്ധ്യായം 7) വരച്ചുകാട്ടുന്നതും പാപ്പാ ശ്രദ്ധയില്‍ പെടുത്തി. ദൈവത്തിന്‍റെ പ്രഞ്ച സൃഷ്ടിപോലെതന്നെ മനോഹരമാണ് ക്രിസ്തുവിന്‍റെ പുനഃസൃഷ്ടിയെന്ന് പാപ്പാ പ്രസ്താവിച്ചു. ആദ്യത്തേതിലും മനോഹരമാണ് രണ്ടാമത്തേതെന്നാണ് പാപ്പാ വിവരിച്ചത്. അങ്ങനെ ക്രിസ്തുവില്‍ നമുക്കു ലഭിക്കുന്ന വിശ്വാസത്തിലുള്ള നിലനില്പും, ഈ ലോകത്തുള്ള സൃഷ്ടികര്‍മ്മത്തിന്‍റെ തുടര്‍ച്ചയും പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

ഈ പ്രപഞ്ചത്തില്‍ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മം എല്ലാ തലത്തിലും തരത്തിലും ഇന്നും തുടരുമ്പോഴും, മനുഷ്യര്‍ അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന അവബോധം ഉണ്ടായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മനുഷ്യന്‍റെ ഉപയോഗത്തിനായി ദൈവം തന്നിട്ടുള്ളതാണ് പ്രകൃതി. അത് ഉപയോഗിക്കുന്നതോടൊപ്പം, സംരക്ഷിക്കുവാനും നമുക്ക് കടപ്പാടുണ്ട്. പ്രകൃതിയെ തുടര്‍ന്നും അതിന്‍റെ ക്രമപ്രകാരം മനുഷ്യാനാണ് വളര്‍ത്തിയെടുക്കേണ്ടതും പരിരക്ഷിക്കേണ്ടതും, അതിനെ നശിപ്പിക്കയല്ല വേണ്ടതെന്നും പാപ്പാ വചനസമീക്ഷിയില്‍ ഉദ്ബോധിപ്പിച്ചു.

സൃഷ്ടിയുടെ സംരക്ഷകരായ മനുഷ്യര്‍ സ്രഷ്ടാക്കളെപ്പോലെ പെരുമാറരുത്. സൃഷ്ടികള്‍ സ്രഷ്ടാക്കളാകുന്ന സ്ഥാനഭ്രംശം ലോകത്ത് നടക്കുന്നുണ്ടെന്ന് പാപ്പാ താക്കീതു നല്കി. ഈ സ്ഥാനഭ്രംശം നമ്മുടെ ലോകത്ത് ഏറെ പ്രകടമായി വരുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.  മനുഷ്യന്‍ സൃഷ്ടിയെ അഹന്തയില്‍ ദുരുപയോഗം ചെയ്യുന്ന കാലമാണിത്. അതിനാല്‍ പ്രപഞ്ച ക്രമത്തോട് വിശ്വസ്തതയും ശ്രദ്ധയും പുലര്‍ത്തിക്കൊണ്ട് ജീവിക്കണമെന്നും, ദൈവ വചനത്തോടുള്ള പ്രഥമ പ്രതികരണം സൃഷ്ടിയുടെ സംരക്ഷണമായിരിക്കണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

ഞാന്‍ പ്രകൃതി സ്നേഹിയാണ്! I’m green! എന്നു കൊട്ടിഘോഷിക്കുന്നതിലും മീതെയാണ്, ഞാന്‍ ക്രൈസ്തവനാണ്, ദൈവത്തിന്‍റെ സൃഷ്ടിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവനാണെന്ന് പറയുന്നതെന്ന് പാപ്പാ സമര്‍ത്ഥിച്ചു. പ്രകൃതിയോടും പ്രകൃതി നിയമങ്ങളോടും പ്രപഞ്ച ക്രമത്തോടുമുള്ള ക്രൈസ്തവന്‍റെ പ്രഥമ പ്രതികരണം ന്യായമായ അംഗീകാരത്തിന്‍റെയും ആദരവിന്‍റേതുമായിരിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

പ്രകൃതിയെ സ്നേഹിക്കാതെയും സംരക്ഷിക്കാതെയും ജീവിക്കുന്ന ക്രിസ്ത്യാനി ദൈവത്തിന്‍റെ സൃഷ്ടിയെയും അവിടുത്തെ കരവേലയെയുമാണ് അവഗണിക്കുന്നത്. ദൈവസ്നേഹത്തില്‍നിന്നും ഉതിരുന്ന സൃഷ്ടിയോടും പ്രകൃതിയോടും അവജ്ഞ കാണിക്കുന്നവര്‍, അല്ലെങ്കില്‍ അതിനെ നശിപ്പിക്കുകയോ ചൂഷണംചെയ്യുകയോ ചെയ്യുന്നവര്‍, ദൈവസ്നേഹത്തെയാണ് തിരസ്ക്കരിക്കുന്നത്.

ദൈവത്തോട് എന്നും അനുരഞ്ജിതരായിരിക്കുവാന്‍ പൗലോസ് അപ്പസ്തോലന്‍ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട് (2കൊറി. 5, 19). ആന്തരികവും സാമൂഹികവുമായ അനുരഞ്ജനം ജീവിതത്തില്‍ അനിവാര്യമാണ്. അനുരഞ്ജനം ക്രിസ്തീയമാണ്. അത് ക്രിസ്തുവില്‍നിന്നുമുള്ളതാണ്. ക്രിസ്തുവിന്‍റെ പുനഃസൃഷ്ടികര്‍മ്മത്തില്‍ പ്രചോദനമാകുന്ന പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുന്നുണ്ട്, നമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാം ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്നത് + പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമാണ്. 

ത്രിത്വമായ ദൈവം! സൃഷ്ടികര്‍മ്മത്തില്‍ മൂവരും പങ്കുകാരാണ്!! അതുപോലെ പുനഃസൃഷ്ടികര്‍മ്മത്തിലും ത്രിത്വത്തിന്‍റെ പങ്കാളിത്തമുണ്ട്. അതിനാല്‍ നമ്മുടെ പ്രതികരണവും മൂന്നു തലത്തിലായിരിക്കണം – ദൈവിക സൃഷ്ടിയെ പരിപാലിക്കുവാനും, പരിപോഷിപ്പിക്കുവാനും, ക്രിസ്തുവില്‍ അത് പുനഃസൃഷ്ടിചെയ്യുവാനും. നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിനെ തിരസ്ക്കരിക്കരുതെന്ന് ചിന്തയുടെ അവസാന ഭാഗത്ത് പാപ്പാ പ്രത്യേകം അനുസ്മരിപ്പിച്ചു. നമ്മുടെ ഹൃദയത്തിലെ അതിഥിയും അരൂപിയുമായ ദൈവാത്മാവ് എന്നും നമ്മെ അനുധാവനംചെയ്യട്ടെയെന്നും, അനുദിനം നനമയില്‍ വളരുവാന്‍ നമ്മെ സഹായിക്കട്ടെയെന്നും, സ്നേഹത്താല്‍ സകലതു സൃഷ്ടിചെയ്ത ദൈവത്തോട് ക്രിയാത്മകമായി പ്രതികരിക്കുവാനുള്ള കൃപയും പരിശുദ്ധാരൂപി ഏവര്‍ക്കും നല്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.