2015-02-09 14:06:00

മനുഷ്യക്കടത്തിന് ഇരകളായവര്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു


ഫെബ്രുവരി 8-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനാമദ്ധ്യേയാണ് ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഗാര്‍ഹക തൊഴില്‍ ചുറ്റുപാടുകളിലും, കുടിയേറ്റ വ്യവസായ വിനോദസഞ്ചാര മേഖലകളിലുമുള്ള മനുഷ്യക്കടത്തിന് ഇരകളായവര്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചത്. അടിമയായിരുന്ന എന്നാല്‍ പിന്നീട് മോചിക്കപ്പെട്ട്, സന്ന്യാസ ജീവിതത്തില്‍ പ്രവേശിച്ച് വിശുദ്ധയായി തീര്‍ന്ന ആധുനിക കാലത്തെ സുനഡാനീസ് വനിത, ജോസഫീന്‍ ബക്കിത്തായുടെ അനുസ്മരണ നാളായ ഫെബ്രിവരി 8-ാം തിയതിയാണ് അടിമത്വത്തിന് എതിരായ പ്രഥമ പ്രാര്‍ത്ഥനാദിനമായി ലോകമെമ്പാടും ആചരിക്കപ്പെട്ടത്. ‘അടമകളല്ല, നാം സഹോദരങ്ങളാണ്,’ എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വിശ്വശാന്തി സന്ദേശത്തിന്‍റെ പൊരുള്‍ ഉള്‍ക്കൊണ്ടാണ് ആഗോളതലത്തില്‍ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്ന്യാസ സമൂഹങ്ങളിലും മനുഷ്യക്കടത്തിന് എതിരെ പ്രാര്‍ത്ഥനാദിനമായി ആചരിക്കപ്പെട്ടത്.

വത്തിക്കാന്‍റെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കൗണ്‍സില്‍, പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, സന്ന്യാസ സഭകള്‍, അവരുടെ മേലദ്ധ്യക്ഷന്മാരുടെ ആഗോള സംഘടന എന്നിവ സംയുക്തമായിട്ടാണ് മനുഷ്യക്കടത്തിനെതിരായ പ്രാര്‍ത്ഥനാദിനം സംഘടിപ്പിക്കപ്പെട്ടത്.

ആഗോള കുടിയേറ്റം, വ്യവസായം, ഗാര്‍ഹിക ചുറ്റുപാടുകള്‍, വിനോദസഞ്ചാരം, അധോലോക പ്രവര്‍ത്തനങ്ങള്‍, അഭ്യന്തര കലാപരംഗങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ മനുഷ്യന്‍റെ സാമൂഹ്യപരിസരങ്ങളില്‍‍ അടിമകളാക്കപ്പെട്ടും, ചൂഷിതരായും ദുരുപയോഗം ചെയ്യപ്പെട്ടും, വേദനിക്കുന്ന നിരവധി സ്ത്രീ പുരുഷന്മാരെയും കുട്ടികളെയും പ്രാര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിക്കുകയുണ്ടായി. ത്രികാലപ്രാര്‍ത്ഥനയ്ക്കായി ചത്വരത്തില്‍ സമ്മേളിച്ച ഏകദേശം നാല്പതിനായിരത്തോളമുണ്ടായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായ ആബാലവൃന്ദം ജനങ്ങള്‍ പാപ്പായ്ക്കൊപ്പം ‘നന്മനിറഞ്ഞ മറിയമേ,’ എന്ന പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് ലോകത്തെ പീഡിതരും ചൂഷിതരുമായര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, നീതിക്കുവേണ്ടി നിശബ്ദമായി സ്വരമുയര്‍ത്തുകയും ചെയ്തു.

മാനവികതയ്ക്കും മനുഷ്യസംസ്ക്കാരത്തിനും ഏറ്റിരിക്കുന്നമുറിവും, വിങ്ങിനില്ക്കുന്ന വ്രണവും ഉണക്കാന്‍ സര്‍ക്കാരുകളും, സന്നദ്ധ സംഘടനകളും, ഉത്തരവാദിത്വപ്പെട്ട സകലരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണമദ്ധ്യേ പാപ്പാ അഭ്യര്‍ത്ഥിച്ചു. സാമൂഹ്യ അവബോധത്തോടെ വിശ്വസാഹോദര്യവും സമാധാനവും ആഗ്രഹിക്കുന്ന സകലരും നവമായ അടിമത്വത്തിന്‍റെ തിന്മയെ ശക്തമായി ചെറുക്കുകയും ഇല്ലായ്മചെയ്യുവാന്‍ സഹകരിക്കുകയുംവേണമെന്ന് ലോകത്തുള്ള സകലരോടും പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.