2015-02-07 09:26:00

രാഷ്ട്രനീതിക്കായി മെത്രാന്മാര്‍ തിരിതെളിച്ച് മാര്‍ച്ചു നടത്തി


ബാംഗളൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ സമ്മേളിച്ചിരിക്കുന്ന ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയാണ് (Conference of Catholic Bishops of India) ഫെബ്രുവരി 6-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം രാഷ്ട്രനീതിക്കായി ദീപം തെളിച്ച് മാര്‍ച്ചു നടത്തിയത്. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ തോപ്പോ, ഗോവയുടെ പാത്രിയാര്‍ക്കിസും മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി എന്നിവരുടെ നേതൃത്വത്തിലാണ് ഭാരതത്തിലെ 140 മെത്രന്മാരും, സഭയിലെ മറ്റു പ്രമുഖരും ചേര്‍ന്ന് നീതിക്കുവേണ്ടിയുള്ള മാര്‍ച്ചു നടത്തിയത്. സിറ്റിയുടെ കോരമംഗല ഭാഗത്തുള്ള സമ്മേളന വേദിയായ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ ഓഡിറ്റോറിയത്തില്‍നിന്നും ആരംഭിച്ച മാര്‍ച്ച് രണ്ടു കിലോമീറ്റര്‍ അകലെയുള്ള സെന്‍റ് ആന്‍റെണീയ് ഫ്രാന്‍സിസ്ക്കന്‍ ഫ്രയറിയില്‍ സമ്മേളിച്ച് സമാപിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന ക്രൈസ്തവ പീഡനത്തിന്‍റെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ ചുരുക്കമാണ്. ക്രൈസ്തവര്‍ നേരിടുന്ന നിരന്തരമായ പീഡനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും അനാസ്ഥയുമാണ് മെത്രാന്മാരെ പ്രതിഷേധ റാലിക്ക് പ്രേരിപ്പിച്ചതെന്ന് റാലിയുടെ അന്ത്യത്തില്‍ നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു.  

ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ച് കപട വാര്‍ത്തകള്‍ കെട്ടിച്ചമച്ചും, കിംവദന്തികള്‍ പരത്തിയുമാണ് പ്രതിയോഗികളും അവരുടെ നേതാക്കളും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. രാജ്യത്തെ ന്യൂനപക്ഷവും പൗരന്മാരും എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഭരണഘടന അനുവദിക്കുന്ന മനസ്സാക്ഷിയുടെ മൗലികമായ സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുന്ന അനീതിയുടെ അവസ്ഥയാണ് തലപൊക്കുന്നതെന്ന് മെത്രാന്മാര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പലേയിടങ്ങളിലും നടമാടുന്ന നിര്‍ബന്ധിത പുനഃമതപരിവര്‍ത്തനവും, അതുമായി ബന്ധപ്പെട്ട് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരെ അഴിച്ചു വിടുന്ന അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ചും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഖേദം രേഖപ്പെടുത്തി. നിയമത്തിന്‍റെ മുന്നില്‍ രാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള സമത്വം ക്രൈസ്തവര്‍ക്ക് നിഷേധിക്കപ്പെടരുതെന്നും, മതത്തിന്‍റെയോ ജാതിയുടെയോ സ്ഥലത്തിന്‍റെയോ പേരില്‍ ആരും വിവേചിക്കപ്പെടരുതെന്നും പ്രതിഷേധ റാലിയില്‍ മെത്രാന്മാര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു.

ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്തുമസ്ദിനം, ഇന്നുവരെയ്ക്കും പൊതു അവധിയായി ആചരിച്ചിരുന്നത് പ്രവൃത്തിദിനമാക്കുവാന്‍ ദേശീയ തലത്തില്‍ അങ്ങിങ്ങായി സര്‍ക്കാര്‍ നടത്തിയ നീക്കള്‍ അപലപനീയമാണെന്നും ക്രൈസ്തവപീഡനത്തിന്‍റെയും വിദ്വേഷത്തിന്‍റെയും പ്രത്യക്ഷ പ്രകടനങ്ങളാണ് അങ്ങനെയുള്ള സംഭവങ്ങളില്‍ തെളിഞ്ഞുവരുന്നതെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. പൗരാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരായ ഭരണകര്‍ത്താക്കളുടെ നിശ്ശബ്ദതയും അനാസ്ഥയും ഭീതിദമാണെന്നും, ക്രൈസ്തവര്‍ക്കെതിരെ ആയുധം ഉയര്‍ത്തുന്ന പ്രതിയോഗികളെ നിയന്ത്രിക്കാനും ക്രമസമാധാനം നിലനിര്‍ത്തുവാനും ഉത്തരവാദിത്വപ്പെട്ടവര്‍ അടിയന്തിരമായി വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് മെത്രാന്മാര്‍ പ്രസ്താവന ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.