2015-02-05 19:00:00

മനുഷ്യക്കടത്തിനെതിരെ പ്രഥമ ആഗോള പ്രാര്‍ത്ഥനാദിനം


ഫെബ്രുവരി 8 ഞായര്‍ - വിശുദ്ധ ബക്കീത്തയുടെ തിരുനാളില്‍  മനുഷ്യക്കടത്തിനെതിരായ പാപ്പാ ഫ്രാന്‍സിസിന്‍റെ ഉണര്‍ത്തുവിളിയാണ്

ഫെബ്രുവിരി 8-ന്  ആചരിക്കുന്ന പ്രാര്‍ത്ഥനാദിനം. ഫെബ്രുവിരി 8-ാം തിയതി ഞായറാഴ്ച വിശുദ്ധ ജോസഫീന്‍ ബക്കിത്തായുടെ അനുസ്മരണനാളിലാണ് മനുഷ്യക്കടത്തിനെതിരായ പ്രാര്‍ത്ഥനാദിനമായി ആഗോളതലത്തില്‍ സഭ ആചരിക്കുന്നത്. ഈ വര്‍ഷം പാപ്പാ ഫ്രാന്‍സിസ് നല്കിയ, ‘നാം അടമകളല്ല, സഹോദരങ്ങളാണ്,’ എന്ന അത്യപൂര്‍വ്വവും ഹൃദയസ്പര്‍ശിയുമായ വിശ്വാശാന്തി സന്ദേശത്തിന്‍റെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ഈ ദിനം സവിശേഷമായി ആചരിക്കപ്പെടുന്നത്. നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, സന്ന്യാസ സഭകളുടെ മേലദ്ധ്യക്ഷന്മാരുടെ ആഗോളകൂട്ടായ്മ, ‘തളിത കൂം’ എന്ന മനുഷ്യക്കടത്തിനെതിരെയുള്ള ആഗോള ശൃംഖല എന്നിവയുടെ കൂട്ടായ പരിശ്രമത്തിലാണ് ഈ വര്‍ഷം  മുതല്‍ എല്ലാ ഫെബ്രുവരി 8-ഉം മനുഷ്യക്കടത്തിനെതിരായ ആഗോള പ്രാര്‍ത്ഥനാദിനമായി ആചരിക്കപ്പെടുന്നത്.

  അടിമയായിരുന്ന, എന്നാല്‍ പിന്നീട് വിശുദ്ധയായ സുഡാനീസ് വനിത, ജോസഫ് ബക്കീത്തയുടെ (1869-1947) തിരുനാളിലാണ് ആഗോളസഭ നവഅടിമത്വമായ മനുഷ്യക്കടത്തിനെതിരെ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നത്. ദേശീയ പ്രാദേശീയ സഭകള്‍ അവയുടെ സ്ഥാപനങ്ങളില്‍ പ്രാര്‍ത്ഥനാദിനം ഉചിതമായി സംഘടിപ്പിച്ചുകൊണ്ടാണ്, പാപ്പാ ഫ്രാന്‍സിസ് വിശ്വശാന്തി സന്ദേശത്തിലൂടെ ആഹ്വാനംചെയ്തിരിക്കുന്ന മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തില്‍ പ്രാര്‍ത്ഥനയോടെ പങ്കുചേരും.

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ അടിമക്കച്ചവടക്കാര്‍ തട്ടിക്കൊണ്ടു പോവുകയും, പിന്നെയും വേറെ മുതലാളിമാര്‍ക്ക് മറിച്ച് വില്ക്കുകയും, അവിടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കപ്പെടുകയും ചെയ്ത ബക്കീത്ത പിന്നീട് വിശുദ്ധയായ ചരിത്രമാണ്. ബക്കിത്തായുടെ ജീവിതം മനുഷ്യക്കടത്തിന്‍റെ പശ്ചാത്തലത്തിലെ സഭാവീക്ഷണം വെളിപ്പെടുത്തുന്നുണ്ട്. അവള്‍ അനുഭവിച്ച അടിമത്വത്തിന്‍റെ വേദനയിലും പരിത്യക്താവസ്ഥയിലും രൂഢമൂലമായ വിശ്വാസത്തോടെ ബക്കീത്ത ‘ദൈവത്തിന്‍റെ സ്വതന്ത്രപുത്രി’യായി. പിന്നെ മറ്റുളളവര്‍ക്കായി വിശിഷ്യാ പാവങ്ങള്‍ക്കും നിസ്സഹായര്‍ക്കുമായി സന്ന്യാസത്തിലൂടെ സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് അവള്‍ വിശുദ്ധിയുടെ പടവുകള്‍ കയറിയത്. 20-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ജീവിച്ച ബക്കിത്താ മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണ്. അതുപോലെ സമകാലീന സമൂഹത്തില്‍ വിങ്ങിനില്കുന്ന അധര്‍മ്മത്തിന്‍റെ മുറിവും ക്രിസ്തുവിന്‍റെ മൗതിക ദേഹത്തിലെ ക്ഷതവും സൗഖ്യപ്പെടുത്തുവാനുള്ള മാനുഷികമായ നമ്മുടെ എളിയ പരിശ്രമങ്ങളുടെ മദ്ധ്യസ്ഥയും പ്രചോദകയുമാണ് വിശുദ്ധ ബക്കീത്താ.








All the contents on this site are copyrighted ©.