2015-01-31 12:38:00

ഭ്രാന്തമായ സിനഗോഗില്‍ ക്രിസ്തു നല്കിയ പ്രശാന്തിയുടെ വെളിച്ചം


ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ആണ്ടുവട്ടം നാലാം വാരം ഞായറാഴ്ചത്തെ ദിവ്യബലിയില്‍ വായിക്കുന്ന സുവിശേഷഭാഗത്തിന്‍റെ വിചിന്തനമാണ്.

വിശുദ്ധ മാര്‍ക്കോസ് 1, 21-28 പിശാചു ബാധിതനെ സുഖപ്പെടുത്തുന്നു

അവര്‍ കഫര്‍ണാമിലെ എത്തി. സാബത്തു ദിവസം അവിടുന്ന് സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. അവിടുത്തെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരം ഉള്ളവനെപ്പോലെയാണ് അവിടുന്ന് പഠിപ്പിച്ചത്. അശുദ്ധാത്മാവു ബാധിച്ച ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. അയാള്‍ അലറുവാന്‍ തുടങ്ങി. ‘നസ്രായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു?’ ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്. നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്‍റെ പരിശുദ്ധന്‍. യേശു അവനെ ശാസിച്ചു. നിശ്ശബ്ദനായിരിക്കുക. അവനെ വിട്ടു നീ പുറത്തു വരുക. അശുദ്ധാത്മാവ് അവനെ തള്ളി വീഴിത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തു വന്നു. എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ‘ഇതെന്ത്. അധികാരത്തോടെയുള്ള  പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നുവല്ലോ! അവ അനുസരിക്കുകയും ചെയ്യുന്നു.’ അവിടുത്തെ പ്രശസ്തി അങ്ങനെ ഗലീലിയുടെ സമീപ പ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.

പിശുചുബാധിതനെ ക്രിസ്തു സുഖപ്പെടുത്തിയെന്ന് ഇന്നത്തെ സുവിശേഷം പറയുമ്പോള്‍, പിശാച് എവിടെയെന്ന് നവസാങ്കേതികതയുടെ മനുഷ്യന്‍ ചോദിച്ചേക്കാം. പിശാചിനെ കണ്ടതായി ആരും സാക്ഷൃപ്പെടുത്തുന്നില്ല. എന്നാല്‍ പിശാച് എന്ന പ്രയോഗം നമ്മുടെ അനുദിനജീവിതത്തിന്‍റെ ഭാഗമാണ്. കുറെക്കൂടെ വ്യാക്തമായ ധാരണയില്‍, ഒരു മാനസിക രോഗിയെ ആയിരിക്കാം  അന്നത്തെ ഭാഷയില്‍ പിശാചുബാധിതനെന്ന് സുവിശേഷത്തില്‍ പരാമിര്‍ശിക്കപ്പെടുന്നത് എന്നുവേണം മനസ്സിലാക്കാന്‍. രോഗ കാരണം പൈശാചിക ബാധയാണെന്ന ധാരണ പഴയതാണെന്ന് പറയാമെങ്കിലും, ഇന്നും അങ്ങനെ ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. ബാധയുള്ളതെന്ന് പറയുന്നതിനു പകരം  മാനസീക ആലസ്യമുള്ള മനുഷ്യനെ ക്രിസ്തു സുഖപ്പെടുത്തി എന്നു പറയുന്നതാവും ഇന്നത്തെ ഭാഷയില്‍ കുറെക്കൂടെ സ്വീകാര്യമെന്നു കരുതുന്നു.

താത്വികമായി പറയുകയാണെങ്കില്‍, വെളിച്ചത്തിന്‍റെ അഭാവമാണ് ഇരുട്ട്. ഇരുട്ടിന് അതില്‍തന്നെ അസ്തിത്വമില്ലെന്നാണ് നാം പറയുന്നത്. എന്നാല്‍ ഭൂമിയില്‍ വെളിച്ചം ഇല്ലാതാകുമ്പോള്‍ ഇതാ, ഇരുട്ട് അനുഭവവേദ്യമാകുന്നു. സൂര്യന്‍ മറയുമ്പോള്‍ ഭൂമിയില്‍ ഇരുട്ടു പടരുന്നത്, സാമാന്യ യുക്തിയാണ്, ജീവിതാനുഭവമാണ്.. ചെറുപ്പത്തിലേ നോക്കി നിന്ന് ആസ്വദിച്ചിട്ടുണ്ട്, കൊച്ചിയുടെ പടിഞ്ഞാറ് അറബിക്കടലിന്‍റെ പെരുംചക്രവാളത്തിലേയ്ക്ക് ചുവന്നു തുടുത്ത സൂര്യന്‍ മെല്ലെമെല്ലെ മുങ്ങിത്താഴുമ്പോള്‍ എറണാകുളം നഗരത്തില്‍ ഇതാ, ഇരുട്ടു പടരുന്നു. പിന്നെ കായലോരത്തെ ചീനവലയിലും തുഴഞ്ഞു നിങ്ങുന്ന വഞ്ചിയിലും വള്ളത്തിലും, കുടുകുടു ശബ്ദമുയര്‍ത്തി ദ്വീപുകളിലേയ്ക്കു നീങ്ങുന്ന ചെറിയ ബോട്ടുകളിലുമെല്ലാം വിളക്കുതെളിയുന്നു.. പിന്നെ മെല്ലെ വഴിവിളക്കുക്കളും കണ്ണുചിമ്മി തെളിയുമ്പോള്‍, നഗരത്തില്‍ രാവ് ഉണരുന്ന കാഴ്ച കുട്ടിക്കാലത്തെ ഹൃദ്യമായ അനുഭവമായിരുന്നു.

മലയാളിക്ക് ഇന്നും ‘പവര്‍ കട്ട്’ Power cut വളരെ സുപരിചിതമാണ് - ഒരു മണിക്കൂറത്തേയ്ക്ക്, ചിലപ്പോള്‍ രണ്ടു മണിക്കൂറത്തേയ്ക്ക്! ഇരുട്ടിന്‍റെ അനുഭവം നമുക്ക് ഉണ്ടാകുന്നു. എന്നാല്‍ മെഴുകുതിരി കത്തിച്ചുവച്ചും, വിളക്കു തെളിച്ചും, കൊതുകുമായി മല്ലിട്ടും, ചിലപ്പോള്‍ ആ സമയത്ത് സന്ധ്യാപ്രാര്‍ത്ഥന നടത്തിയും സമയം കഴിച്ചുകൂട്ടുന്നു. വെളിച്ചം ഇല്ലാതാകുമ്പോഴുള്ള ഇരുട്ടിന്‍റെ അനുഭവങ്ങളും, യാതനകളുമാണിവ. പവര്‍കട്ടില്‍ വളര്‍ന്നൊരാള്‍ യൂറോപ്പില്‍ വിന്നിട്ട് അഞ്ചു വര്‍ഷമായി. ആശ്ചര്യപ്പെടുത്തുന്നൊരു കാര്യം പറഞ്ഞത് – ഒരിക്കല്‍പ്പോലും, 5 മിനിട്ടുപോലും പവര്‍കട്ട് അനുഭവിച്ചിട്ടില്ല. എന്നു പറഞ്ഞാല്‍ വിശ്വസിക്കാമോ, ആവോ... സത്യമാണിത്. ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ണുതുറക്കുന്ന നാള്‍ വരട്ടെ, എന്നു പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തില്‍ നന്മയുടെ വെളിച്ചം ഇല്ലാതാകുമ്പോള്‍ തിന്മയുടെ ശക്തികള്‍ ആവസിക്കുന്നു. ലോകത്ത് സ്വാര്‍ത്ഥതയുടെ നിസംഗതയും, അഴിമതിയും അതിക്രമങ്ങളും കുമിഞ്ഞു കൂടുന്നു, കുന്നുകൂടന്നു. കടുത്ത ഏകാന്തതയിലും, ഒറ്റപ്പെടലിലും, ആന്തരിക ശൂന്യതയിലും മനുഷ്യന്‍ തിന്മയുടെ ഇരുട്ടില്‍ ആഴ്ന്നുപോകുന്നു. തിന്മയുടെ ശക്തികള്‍ നമ്മെ പിടികൂടുന്നു.

ദൈവത്തിന്‍റെ സദ്വാര്‍ത്ത പ്രഘോഷിച്ചുകൊണ്ട് തന്‍റെ പരസ്യജീവിതത്തിന് തുടക്കം കുറിക്കുന്ന ക്രിസ്തു, ഗലീലിയാ തീരത്തുവന്ന് നാലു പേരെ ശിഷ്യന്മാരായി വിളിച്ചു, സെബദീ പുത്രന്മാരെയും അന്ത്രയോസിനെയും സഹോദരന്‍ പത്രോസിനെയും. തന്‍റെ കൂട്ടായ്മയിയില്‍ അിടുന്ന് അവരെ സ്വീകരിച്ചു. തുടര്‍ന്നുള്ള സുവിശേഷഭാഗം ശ്രദ്ധിക്കുകയാണെങ്കില്‍,   ക്രിസതുവിന്‍റെ ‘കഫര്‍ണാമിലെ ഒരു ദിവസ’ത്തിന്‍റെ ഘടനയാണ് സുവിശേഷകന്‍ മാര്‍ക്കോസ് വരച്ചുകാട്ടുന്നത്. എന്തൊക്കെയാണ് അവിടുന്ന് ഒരു ദിവസത്തില്‍ ചെയ്തതെന്ന് ഒരു രൂപം കിട്ടും.

1. അധികാരത്തോടെയുള്ള പുതിയ പ്രബോധനംകൊണ്ട് അവിടുന്ന് അശുദ്ധാത്മാക്കളെ പുറത്താക്കി,

2. പിന്നെ ശിമയോന്‍റെ അമ്മായിയമ്മയെ സുഖപ്പെടുത്തി. രോഗശൈയ്യയില്‍നിന്നും അവരെ കൈപിടിച്ച് എഴുന്നേല്പിച്ചുവെന്നാണ് സുവിശേഷകന്‍ പറയുന്നത്.

3. അവിടുന്ന് സിനഗോഗുകളില്‍ പ്രസംഗിച്ചു. സ്ഥലത്തെ പ്രാര്‍ത്ഥനാലയമാണ് സിനഗോഗ്. അവിടെച്ചെന്ന് ക്രിസ്തു ദൈവസ്നേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ നടത്തി. മനുഷ്യസ്നേഹം വറ്റിപ്പോയ സ്ഥലങ്ങളില്‍, അത് പ്രാര്‍ത്ഥനാകേന്ദ്രമായാലും ക്രിസ്തു അവിടെല്ലാം സ്നേഹത്തിന്‍റെ സദ്വാര്‍ത്ത പകര്‍ന്നു നല്കുന്നു.

4. പിന്നെ അതിരാവിലെ എഴുന്നേറ്റ് അവിടുന്ന് വിജനസ്ഥലത്തുപോയി പ്രാര്‍ത്ഥിക്കുന്നതും ക്രിസ്തുവിന്‍റെ ഒരു ദിവസത്തെ പരിപാടിപോലെ വിശുദ്ധ മാര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. നമ്മുടെയും ജീവിതങ്ങള്‍ക്ക് നന്മപ്രവര്‍ത്തിക്കുന്ന താളക്രമം, സമയക്രമം ഉണ്ടാകേണ്ടതാണ്. ക്രിസ്തുവിന് അവിടുത്തെ ദിവസം ആരംഭിക്കുന്നത്  പ്രാര്‍ത്ഥനയോടെയാണ്, പിന്നെ ദിവസം മുഴുവനും സഹോദര ശുശ്രൂഷയിലും...

മാര്‍ക്കോസിന്‍റെ സുവിശേഷമനുസരിച്ച് ക്രിസ്തുവിന്‍റെ പരിസ്യജീവിതത്തിലെ ആദ്യത്തെ സംഭവമാണ് ഈ പിശാചുബാധിതന്‍റെ സുഖപ്പെടുത്തല്‍. എന്നാല്‍ പ്രാര്‍ത്ഥനാലയത്തില്‍ പിശാചുബാധിതന്‍ എന്നു പറയുന്ന സുവിശേഷഭാഗത്തിന്‍റെ പ്രതിധ്വനി എന്തായിരിക്കാം. സ്നേഹരഹിതമായ ഒരു മതം ഭ്രാന്തന്മാരെ സ്രിഷ്ടിക്കുമെന്നതില്‍ സംശയമില്ല. അധികമായാല്‍ മതവും വിഷമായി തീരും. അതല്ലേ നാമിന്ന് ലോകമെമ്പാടും അനുഭവിക്കുന്നത്. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍ ചെയ്തുകൂട്ടുന്ന അധിക്രമങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. സിറിയയിലും ഇറാക്കിലും ഇന്നു അരങ്ങേറുന്ന നാടുകടത്തലും കൂട്ടക്കുരുതിയുമെല്ലാം ദൈവത്തിന്‍റെ പേരിലാണ്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുവാനുള്ള ശ്രമത്തിലാണ് ചിലര്‍. അങ്ങനെ ദൈവഭ്രമം, ചിത്തഭ്രമമായി മാറുകയാണ്. പിന്നെ അങ്ങനെയുള്ള വ്യക്തി എന്തും ചെയ്യാന്‍ മടിക്കുന്നില്ല.

യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കാനാവാതെ, മതമിമാംസയുടെയും, അവയുടെ മൗലികമായ വ്യാഖ്യാനങ്ങളുടെയും നൂലാമാലകളില്‍ മനുഷ്യരെ തളച്ചിടുന്ന മതം സാത്വികരെയല്ല സൃഷ്ടിക്കുന്നത് ബാധയുള്ളവരെയായിരിക്കും, മതഭ്രാന്തരെയായിരിക്കും എന്നതില്‍ സംശയമില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത പൈശൈചിക ബാധയുള്ളവരെ, മതഭ്രാന്തന്മാരെ സൃഷ്ടിക്കാന്‍ മതത്തിനു കഴിയുമെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. അവരാണ് ദൈവത്തിന്‍റെ പേരില്‍ അലമുറയിട്ട് സ്വന്തം സഹോദരനെയും സഹോദരിയെയും ബന്ധികളാക്കുന്നത്, പീഡിപ്പിക്കുന്നത്, പിന്നെ കൊന്നൊടുക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താവിനിമയ മേഖലയില്‍ ജോലിചെയ്യുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ബന്ധികളാക്കി, മതത്തിന്‍റെ പേരില്‍ പകപോക്കലായി കഴുത്തരുത്തുകൊല്ലാന്‍ മടിക്കാത്ത മതഭ്രാന്തര്‍  ഇന്നത്തെ ലോകത്ത് ധാരാളമാണ്. മൗലികവാദം എതു മതത്തിലായാലും അത് അപകടകരമാണ്. അവിടെ ഭിന്നതയും, കലഹവും കൊടുമ്പിരിക്കൊള്ളുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലും കേരളത്തിലുമൊക്കെ അതിന്‍റെ ചേറിയ തരംഗങ്ങള്‍ ഉയരുന്നുണ്ടല്ലോ.

ഇന്നത്തെ സുവിശേഷഭാഗത്ത് സിനഗോഗിലെ പിശാചുബാധിതന്‍ അലറിയെന്ന് രേഖപ്പെടുത്തുമ്പോള്‍. അലര്‍ച്ച അത്ര നല്ല കാര്യമല്ലെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവരും അംഗീകരിക്കും. സിനോഗിലെ അലര്‍ച്ചയാണ് ക്രിസ്തു ഒതുക്കിയത്, ഇല്ലാതാക്കിയത്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ന് നമ്മുടെ ദേവാലയങ്ങളൊക്കെ അലര്‍ച്ചയുടെ ഇടങ്ങേളായി മാറുന്നത്. ആകാശം മുട്ടെ അലറുന്നതും, അയല്‍ക്കാര്‍ക്ക് സ്വൈര്യംകൊടുക്കാത്ത വിധത്തില്‍ അലമുറയിട്ടു പ്രാര്‍ത്ഥിക്കുന്നതും, അരോചകമായ ശബ്ദഘോഷത്തില്‍ പാടുന്നതുമൊക്കെ കേരളത്തിലെ ദേവാലയങ്ങളില്‍ കാണുന്ന മറ്റൊരു തരത്തിലുള്ള മതഭ്രാന്തല്ലേ. വളരെ ഗംഭീരമായ ഉച്ചഭാഷണിയും ശബ്ദധോരണികളും, ഇലക് ട്രോണിക്ക് ഉപകരണങ്ങളും കൂട്ടിയിണക്കി, മൈക്കിലൂടെ അലറുകയും, അലോസരപ്പെടുത്തുന്ന ഉച്ചസ്ഥായിയില്‍ പാടുകയും ഉച്ചവയ്ക്കുന്നതുമാണോ പ്രാര്‍ത്ഥന. പതുക്കെ പറയുന്നത് ഉറക്കെ കേള്‍പ്പിക്കാനാണ് മൈക്രോഫോണ്‍. എന്നാല്‍ മൈക്രോഫോണിലൂടെ ഉറക്കെ പ്രസംഗിക്കുന്ന കാര്‍മ്മികരോടും, അതിലൂടെ അമിത വോളിയത്തില്‍ പാട്ടുപാടുകയും ചെയ്യുന്ന ശുശ്രൂഷകരോടും എന്തു പറയാനാണ്. സാധാരണ ജനങ്ങളെ നേരായ പാതയില്‍, പ്രാര്‍ത്ഥനയുടെയും സ്തുതിപ്പിന്‍റെയും ശരിയായ മാനദണ്ഡങ്ങളില്‍ രൂപപ്പെടുത്തേണ്ടവര്‍ തന്നെ ഈ ഭ്രാന്ത സംസ്ക്കാരത്തിന്‍റെ ഭാഗമായാല്‍ കാലം നമ്മോടു ക്ഷമിക്കട്ടെ എന്നേ പറയാനാകൂ. ‘ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല’ എന്ന ക്രിസ്തു രോദനം അവര്‍ത്തിക്കയേ തല്ക്കാലം തരമുള്ളൂ.

പിന്നെ, ഇന്നത്തെ സുവിശേഷത്തിലേതുപോലെ, സാധാരണ എല്ലാവരും ഉന്നയിക്കൊന്നൊരു പ്രസ്താവമാണ്. എന്തിന് ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നു, എന്ന്. ക്രിസ്തുവിനോട് സിനഗോഗിലെ ഭ്രാന്തന്‍ ഉയര്‍ത്തിയ ആരോപണവും ഇതുതന്നെയായിരുന്നു. എന്നാല്‍ അവിടുത്തെ സ്വപ്നം ഭൂമിയുടെ സമ്പൂര്‍ണ്ണ സൗഖ്യമായിരുന്നു. മനുഷ്യന്‍റെ എല്ലാ തലങ്ങളിലും തരത്തിലുമുള്ള അന്തസ്സ് വീണ്ടെടുക്കുക, ബന്ധനങ്ങള്‍ അഴിക്കുക അവിടുത്തെ ശുശ്രൂഷയുടെ സമഗ്രതയായിരുന്നു. 








All the contents on this site are copyrighted ©.