2015-01-31 14:08:00

പാലിയം ഉത്തരീയദാന കര്‍മ്മത്തില്‍ പാപ്പാ ഫ്രാന്‍സിസ് മാറ്റം വരുത്തി


വത്തിക്കാനില്‍വച്ച് വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ സഭയില്‍ പുതുതായി അഭിഷിക്തരാകുന്ന മെത്രാപ്പോലീത്താമാര്‍ക്ക് പാപ്പാ നേരിട്ടു അണിയിച്ചു നല്കിയിരുന്ന ആട്ടിന്‍ രോമംകൊണ്ടുള്ള വെളുത്ത ഉത്തരീയവും സ്ഥാനിക ചിഹ്നവുമാണ് (Pallium) പാലിയം. വത്തിക്കാനില്‍നിന്നുതന്നെയാണ് പാലിയങ്ങള്‍ പുതിയ മെത്രാപ്പോലീത്താമാര്‍ക്ക് ഇനിയും നല്കപ്പെടുന്നതെങ്കിലും, അത് അണിയിക്കുന്നത് പ്രാദേശിക സഭാ സമൂഹങ്ങളില്‍, അതാതു അതിരൂപതകളില്‍ വിശ്വാസസമൂഹത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ആയിരിക്കുമെന്ന് പാപ്പായുടെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഈ വര്‍ഷത്തെ തിരുനാളില്‍ തന്നെ (2015 ജൂണ്‍ 29-ന്) പാപ്പാ ഫ്രാന്‍സിസിന്‍റെ തീരുമാനം പ്രാവര്‍ത്തികമാക്കുമെന്ന് ജനുവരി 29-ാം തിയതി നല്കിയ അഭിമുഖത്തില്‍ മോണ്‍സീഞ്ഞോര്‍ മരീനി പ്രസ്താവിച്ചു. പാലിയം ദാനകര്‍മ്മത്തിന്‍റെ (Pallium Investiture-ന്‍റെ) രണ്ട് ശ്രേഷ്ഠമൂഹൂര്‍ത്തങ്ങളെന്ന് മോണ്‍സീഞ്ഞോര്‍ മരീനി വിശേഷിപ്പിക്കുന്നത്, ആദ്യം വത്തിക്കാനില്‍ ശ്ലീഹന്മാരുടെ തിരുനാളില്‍ ദിവ്യബലിമദ്ധ്യേ അവ ആശീര്‍വ്വദിച്ച് മെത്രാപ്പോലീത്താമാര്‍ക്ക് പാപ്പാ നല്കുന്ന അവസരവും; രണ്ടാമതായി അവ രൂപതകളില്‍ വിശ്വാസകളുടെ സാന്നിദ്ധ്യത്തില്‍ പരസ്യമായി മെത്രാപ്പോലീത്തയെ അണിയിക്കുന്ന സംഭവവുമാണ്. അതാതു രാജ്യങ്ങളിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ നിശ്ചയിക്കുന്ന സ്ഥലത്തും ദിവസത്തിലുമായിരിക്കും മെത്രാപ്പോലീത്തായെ പാലിയം ഉത്തരീയം അണിയിക്കുന്നത്. വിശ്വാസികളുടെയും കീഴ്രൂപതകളിലെ മെത്രാന്മാരുടെയും സാന്നിദ്ധ്യത്തിലായിരിക്കും പാപ്പായുടെ കല്പനപ്രകാരം മെത്രാപ്പോലീത്തായെ വത്തിക്കാന്‍റെ സ്ഥാനപതി പാലിയം അണിയിക്കുമെന്നും അഭിമുഖത്തില്‍ മോണ്‍സീഞ്ഞോര്‍ മരീനി വ്യക്തമാക്കി.

നൂറ്റാണ്ടുകള്‍ പഴക്കുമുള്ള പാലിയം സ്ഥാനിക ഉത്തരീയദാന കര്‍മ്മം, പത്രോസിന്‍റെ സഭയില്‍  മെത്രാപ്പോലീത്താമാര്‍ക്കുള്ള പങ്കാളിത്തത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകമായി തുടരുമെന്നും, അത് തീര്‍ച്ചയായും പ്രാദേശിക സഭാ ജീവിതത്തിലെയും ചരിത്രത്തിലെയും ശ്രദ്ധേയമായ സംഭവമാണെന്നും പേപ്പല്‍ ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ മരീനി വ്യക്തമാക്കി.

സഭയിലെ രക്ഷസാക്ഷിണി വിശുദ്ധ ആഗ്നസ്സിന്‍റെ തിരുനാളില്‍ (എല്ലാവര്‍ഷവും ജനുവരി 21-ന്) റോമിലെ നെമെന്താനാ വീഥിയിലുള്ള പുണ്യവതിയുടെ പുരാതന ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ ആശീര്‍വ്വദിച്ച രണ്ട് ആടുകളെ അന്നേ ദിവസം വത്തിക്കാനില്‍ കൊണ്ടുവന്ന് പാപ്പായ്ക്ക് സമ്മാനിക്കുന്നു. പാരമ്പര്യമനുസരിച്ച് ലാറ്ററന്‍ ബസിലിക്കയുടെ ശുശ്രൂഷകരായ സന്ന്യാസികളാണ് (Canons Regular of the Lateran Basilica) പാപ്പായ്ക്ക് അടുകളെ സമ്മാനിക്കുന്നത്. ഔദ്യോഗിക കര്‍മ്മങ്ങളില്‍ മെത്രാന്മാര്‍ അണിയുന്ന പാലിയം ഉത്തരീയം നെയ്തുണ്ടാക്കുന്നതിനുവേണ്ട രോമം കത്രിച്ചെടുക്കുന്നതിനുള്ള ആടുകളാണ് അവ. പിന്നീട് അവയെ പതിവായി വളര്‍ത്തുന്നതും സമയമാകുമ്പോള്‍ രോമം കത്രിച്ചെടുത്ത് പാലിയം നെയ്തുണ്ടാക്കുന്നതും റോമില്‍ പാനിസ്പേര്‍ണ്ണാ എന്ന സ്ഥലത്തുള്ള വിശുദ്ധ ലോറന്‍സിന്‍റെ നാമത്തിലുള്ള റോമന്‍ കോണ്‍വെന്‍റിലെ സന്ന്യാസിനികളാണ്.

വെളുത്ത കുഞ്ഞാടിന്‍റെ രോമംകൊണ്ട് നിര്‍മ്മിക്കുന്നതും, പട്ടുനൂലില്‍ 6 കറുത്ത കുരിശുകള്‍  നെയ്തു ചേര്‍ക്കപ്പെട്ടതുമായ വലിയ ഉത്തരീയമാണ് പാലിയം Pallium. ക്രിസ്തുവര്‍ഷം 305-ല്‍ റോമില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ആഗ്നസിന്‍റെ ജീവിത വിശുദ്ധിയും നൈര്‍മ്മല്യവും വെളുത്തകുഞ്ഞിടില്‍ ചിത്രപ്പെടുത്തുന്ന പതിവിനും പാരമ്പര്യത്തിനും നൂണ്ടാണ്ടുകളുടെ പഴക്കമുണ്ട്. ആഞ്ഞൂസ് Agnus എന്ന ലത്തീന്‍ വാക്കിന്‍റെ ആര്‍ത്ഥം ആട് എന്നാണ്.

 








All the contents on this site are copyrighted ©.