2015-01-22 19:33:00

വിയറ്റ്നാമിലെ സഭ ക്രിയാത്മകമെന്ന് കര്‍ദ്ദിനാള്‍ ഫിലോണി


ന്യൂനപക്ഷമായ ക്രൈസ്തവരുടെ സാന്നിദ്ധ്യം വിയറ്റ്നാമില്‍ ഏറെ ക്രിയാത്മകമെന്ന്, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പ്രസ്താവിച്ചു. ജനുവരി 21-ാം ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് തലസ്ഥാന നഗരമായ ഹാനോയില്‍നിന്നും നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് കമ്യൂണിസ്റ്റ് രാഷ്ട്രമാണെങ്കിലും 7 ശതമാനം വരുന്ന കത്തോലിക്കാര്‍ വിയറ്റ്നാമിന്‍റെ ഉന്നതിയെ തുണയ്ക്കുന്ന വിധത്തിലുള്ള ആത്മീയവും ക്രിയാത്മകവുമായ സംഭാവനകള്‍ നല്കുന്നുണ്ടെന്നും, അത് സാമുഹ്യ മേഖലയില്‍ പ്രകടമാണെന്നും കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ വ്യക്തമാക്കി.

നാന്നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വിയറ്റ്നാം സഭ ഇന്ന് ജനസംഖ്യയുടെ 10-ശതമാനമാണെന്നും, സജീവമായ ക്രിസ്തീയ സാന്നിദ്ധ്യത്തിന്‍റെ സ്നേഹവും ലാളിത്യവും നിറഞ്ഞുനില്ക്കുന്ന സഭയാണ് അവിടെ അനുഭവവേദ്യമാകുന്നതെന്നും, കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ സാക്ഷൃപ്പെടുത്തി. ഇപ്പോഴും വത്തിക്കാനുമായി വ്യക്തമായ നയതന്ത്രബന്ധങ്ങള്‍ ഇല്ലെങ്കിലും മെച്ചപ്പെട്ട ഭാവി ഉഭയക്ഷി ബന്ധത്തിനുള്ള സാദ്ധ്യതകള്‍ അനുഭവവേദ്യമാണെന്നും കര്‍ദ്ദിനാള്‍ ഫിലോണി വെളിപ്പെടുത്തി.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയെന്ന നിലയില്‍ തനിക്കും, വിയറ്റ്നാമിലേയ്ക്കുള്ള വത്തിക്കാന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലിയപ്പോള്‍ഡ് ജിരേലി, ഹാനോയുടെ മെത്രാപ്പോലീത്താ പിയെര്‍ നഗുവേന്‍ എന്നിവരെ പ്രധാനമന്ത്രി, നഗുവേന്‍ താന്‍ തൂങ്, ദേശീയ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി നഗുവേന്‍ ഫൂ ത്രോങ് എന്നിവര്‍ ഏറെ ഹൃദ്യമായി സ്വീകരിച്ചതായി കര്‍ദ്ദിനാള്‍ ഫിലോണി സാക്ഷൃപ്പെടുത്തി.

ഹൂങാ-ഹാവോ രൂപതയില്‍ ബുധനാഴ്ച നടത്തിയ 200 പ്രായപൂര്‍ത്തിയായവരുടെ ജ്ഞാനസ്നാന സ്വീകരണം തന്നെ ഏറം ആശ്ചര്യപ്പെടുത്തിയെന്നും, വിയറ്റാമിന്‍റെ വടക്കന്‍ മലോയര പ്രേദേശങ്ങളിലെ ഗോത്രവര്‍ഗ്ഗാര്‍ സുവിശേഷവെളിച്ചത്തില്‍ വളരുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ സാക്ഷൃപ്പെടുത്തി. 








All the contents on this site are copyrighted ©.